പടം കണ്ട് തലചുറ്റിയത് 13 പേര്‍ക്ക്; പക്ഷെ, ‘ടിറ്റന്‍’ ബോഡി ഹൊറര്‍ സിനിമ മാത്രമല്ല

സിഡ്‌നി ഫിലിം ഫെസ്റ്റിവലിലെ രാത്രി പ്രീമിയറിനിടെ 13 പേര്‍ക്ക് തലചുറ്റിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ഫ്രഞ്ച് ചിത്രം ‘ടിറ്റന്‍’. സിനിമയിലെ തീഷ്ണമായ ചില വയലന്‍സ് രംഗങ്ങള്‍ കണ്ട് 13 പേര്‍ക്ക് തലചുറ്റല്‍ വന്നെന്നും കുറച്ചുപേര്‍ തീരുന്നതിന് മുന്‍പ് എഴുന്നേറ്റ് പോയെന്നും ചലച്ചിത്രമേളയുടെ സംഘാടകര്‍ തന്നെ സ്ഥിരീകരിച്ചു. സിനിമ കാണുന്നതിനിടെ സുഹൃത്തുകള്‍ക്ക് പാനിക് അറ്റാക് വന്നതിനേക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പുകളും ചര്‍ച്ചയായി. ശരീരഭാഗങ്ങള്‍ക്ക് അംഗഭംഗം വരുത്തുന്നതും രക്തച്ചൊരിച്ചിലും നിറഞ്ഞ രംഗങ്ങളുള്ള ബോഡി ഹൊറര്‍ ഴോണ്‍റെയിലാണ് പെടുന്നതെങ്കിലും ഈ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങള്‍ക്കിടയിലാണ് ടിറ്റനെ നിരൂപകര്‍ പ്രതിഷ്ഠിക്കുന്നത്.

ടിറ്റനിലെ ഒരു രംഗം

അലക്‌സിയ എന്ന പെണ്‍കുട്ടിക്ക് പിതാവിനൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടം സംഭവിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ടിറ്റന്റെ പ്രമേയം. തലയോട്ടിക്ക് മാരകപരുക്കേറ്റ അലക്‌സിയക്ക് തലയില്‍ ടൈറ്റാനിയം തകിടുകള്‍ ഘടിപ്പിക്കേണ്ടി വരുന്നു. ആശുപത്രിയില്‍ നിന്നിറങ്ങിയ അലക്‌സിയ മാതാപിതാക്കളെ ഉപേക്ഷിച്ച് അന്നുമുതല്‍ കാറുകളെയാണ് പ്രണയിക്കുന്നത്. കാറുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതും ഗര്‍ഭം ധരിച്ച ശേഷമുള്ള രംഗങ്ങളുമാണ് ചിത്രത്തെ വിവാദത്തിലാക്കിയത്. ഉഗ്രമായ അക്രമരംഗങ്ങളിലൂടെ, സ്ത്രീ ശരീരം എപ്പോഴും ഒരു പോര്‍ക്കളമായി തുടരുന്നതിനെയാണ് സംവിധായിക ആവിഷ്‌കരിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഒന്നരവര്‍ഷത്തിലധികം കൊവിഡ് ലോക്ഡൗണില്‍ ഇരുന്ന ശേഷം ഇത്തരമൊരു ചിത്രം കാണുന്നത് മറ്റൊരു അനുഭവമാണെന്ന് നിരൂപകര്‍ പറയുന്നു.

പൊതുവെ വനിതാ സംവിധായകരില്‍ അധികമാരും തന്നെ കൈവെയ്ക്കാത്ത മേഖലയാണ് ബോഡി ഹൊറര്‍. കനേഡിയന്‍ സംവിധായകന്‍ ഡേവിഡ് ക്രോനന്‍ബര്‍ഗും അമേരിക്കന്‍ ഡയറക്ടര്‍ ഡേവിഡ് ലിഞ്ചും മുഖ്യധാരയിലെത്തിച്ച ഴോണ്‍റേയ്ക്ക് ഡുകോര്‍ണോ മുന്‍പും സംഭാവന നല്‍കിയിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ഡുകോര്‍ണോയുടെ ആദ്യചിത്രമായ ‘റോ’ തീഷ്ണമായ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ചിത്രത്തിന് അകത്തും പുറത്തും സംവിധായക സ്ത്രീ സെക്ഷ്വാലിറ്റിയുടെ പുതിയ വായനകള്‍ക്ക് ഇടമുണ്ടാക്കി.

ജൂലിയ ഡുകോര്‍ണോ

ജൂലൈയില്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്ത ചിത്രം പാം ഡി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. ടിറ്റനിലൂടെ കാന്‍സ് ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ മികച്ച ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ സംവിധായകയായി ജൂലിയ ഡുകോര്‍ണോ മാറി. ന്യൂസിലന്‍ഡ് സ്വദേശിനിയായ ജെയ്ന്‍ കാംപിയോണ്‍ ആയിരുന്നു അതുവരെ ആദ്യമായും അവസാനമായും പാം ഡി ഓര്‍ നേടിയ വനിതാ ഡയറക്ടര്‍. ടൊറന്റോ ചലച്ചിത്രമേളയില്‍ പീപ്പിള്‍സ് ചോയിസ് അവാര്‍ഡ് ഫോര്‍ മിഡ്‌നൈറ്റ് മാഡ്‌നെസ് എന്ന വിഭാഗത്തിലും ടിറ്റന്‍ ഒന്നാമതായി. 94-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ അന്താരാഷ്ട്ര വിഭാഗത്തില്‍ ഫ്രെഞ്ച് ചിത്രമായി ടിറ്റന്‍ ഇടം പിടിച്ചിട്ടുണ്ട്. അക്കാദമി പുരസ്‌കാരം കൂടി നേടി ഡുകോര്‍ണോ ഞെട്ടിക്കുമോയെന്നറിയാന്‍ അടുത്ത മാര്‍ച്ച് വരെ കാത്തിരിക്കണം.

Also Read: ടിറ്റന്‍ കാണികളെ പേടിപ്പിക്കുമ്പോള്‍…; 10 മികച്ച ബോഡി ഹൊറര്‍ ചിത്രങ്ങള്‍

UPDATES
STORIES