അവതാര്‍ രണ്ടാം ഭാഗം പുറത്തിറങ്ങാന്‍ ഇനി അവശേഷിക്കുന്നത് 365 ദിവസങ്ങള്‍. ചലച്ചിത്ര നിര്‍മ്മാണരംഗത്ത് വിപ്ലവം സൃഷ്ടിച്ച ജയിംസ് കാമറൂണ്‍ ചിത്രത്തിന്റെ സീക്വല്‍ 2022 ഡിസംബര്‍ 16ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ആദ്യ ഭാഗത്തേക്കാള്‍ മികച്ച ദൃശ്യവിരുന്നാകും രണ്ടാമത്തേതിലെന്ന സൂചനകളാണ് ലൊക്കേഷന്‍ – ഭാവനാ ചിത്രങ്ങള്‍ നല്‍കുന്നത്. കടലിനോടുള്ള തന്റെ അടങ്ങാത്ത പ്രണയം ജയിംസ് കാമറൂണ്‍ അവതാര്‍ ടുവിലേക്ക് പകര്‍ത്തുന്നു. സിനിമരംഗത്ത് നിന്ന് ഇടവേള കിട്ടുമ്പോഴൊക്കെ കടലിലാണ് കാമറൂണ്‍ സമയം ചെലവഴിക്കാറ്. മരിയാന ഗര്‍ത്തത്തിലെ ചലഞ്ചര്‍ ഡീപ് എന്ന ഏറ്റവും ആഴമേറിയ ഭാഗത്തേക്ക് ജയിംസ് കാമറൂണ്‍ നടത്തിയ സമുദ്രാന്തര്ജലയാത്ര ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അവതാര്‍ 2 വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുന്നതിനേക്കുറിച്ച് ജയിംസ് കാമറൂണ്‍ പറയുന്നതിങ്ങനെ.
സിനിമ നിര്മ്മിക്കാത്തപ്പോള് ഞാന്‍ സമുദ്രത്തിലാണ് സമയം ചെലവഴിക്കാറ്. എന്റെ ഏറ്റവും വലിയ പ്രണയങ്ങളാണ് സമുദ്ര പര്യവേഷണവും സിനിമയും. എന്തുകൊണ്ട് അത് രണ്ടും ചേര്‍ത്തുകൂടാ എന്നെനിക്ക് തോന്നി.
ജയിംസ് കാമറൂണ്‍
ദീര്‍ഘമായ ചിത്രീകരണ കാലഘട്ടം ഒരു വട്ട് തന്നെയാണെന്ന് സംവിധായകന് പറഞ്ഞു. അവതാര്‍ ഒന്നാം ഭാഗം അത്രയും പണം നേടിയില്ലെങ്കില്‍ ഞങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. 41 ലക്ഷം ലിറ്ററിന്റെ ടാങ്കിനുള്ളിലെ ചിത്രീകരണ രീതി തെരഞ്ഞെടുത്തത് മറ്റ് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടാണെന്നും സംവിധായകന് വ്യക്തമാക്കി.

ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സാം വര്തിങ്ടണും സോ സല്ഡാനയും തന്നെയാണ് പ്രധാന വേഷങ്ങളില്‍. പന്‍ഡോറയിലെ കടല്തീരത്തുള്ള മെറ്റ്കയിനയില് കുട്ടികള്‍ക്കൊപ്പം ജീവിക്കുകയാണ് ജെയ്ക്കും നെയ്തിരിയും. യുദ്ധം കഴിഞ്ഞ് ഏതാണ്ട് 14 വര്‍ഷങ്ങള്‍ പിന്നിട്ടു. ഖനനത്തിനായി ഭൂമിയില്‍ നിന്ന് ആര്‍ഡിഎ കമ്പനി തിരിച്ചെത്തുന്നതോടെ നാവികള്‍ക്ക് നിലനില്പിന് വേണ്ടിയുള്ള പോരാട്ടം തുടരേണ്ടി വരുന്നു. ആദ്യ ഭാഗത്തുണ്ടായിരുന്ന സിഗര്ണി വീവര്‍, ജോയല്‍ ഡേവിഡ് മൂര്‍, ദിലീപ് റാവു, സ്റ്റീഫന്‍ ലാങ്, മാറ്റ് ജെറാള്‍ഡ് എന്നിവര്‍ക്കൊപ്പം കെയ്റ്റ് വിന്‍സ്ലെറ്റ്, എഡി ഫാല്‍കോ, മിഷേല്‍ യെവോ, വിന് ഡീസല്‍, ജെമെയ്ന്‍ ക്ലമന്റ്, ഊന ചാപ്ലിന് തുടങ്ങിയവരും അവതാര്‍ 2വിലുണ്ട്.


2017ലാണ് അവതാര്‍ 2വിന്റെ ചിത്രീകരണം ആരംഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ചലച്ചിത്ര സാങ്കേതിക ഗവേഷണത്തിനൊപ്പം അഭിനേതാക്കളുടെ പരിശീലനവും കൂടി നിര്‍മ്മാണത്തിന് വേണ്ടി വരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ സ്കൂബ ഡൈവിങ്ങും വെള്ളത്തില്‍ ശ്വാസം പിടിച്ചുള്ള അഭിനയവും പരിശീലിച്ചു. പെര്‍ഫോമന്‍സ്-ക്യാപ്ചര്‍ ചിത്രീകരണമായതിനാല്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും കുമിളകള്‍ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. 72കാരിയായ സിഗര്ണി വീവര്‍ ആറര മിനുറ്റ് ശ്വാസം പിടിച്ച് നിന്നെന്നും 46കാരിയായ കേറ്റ് വിന്‍സ്ലെറ്റ് ഏഴരമിനിറ്റ് ശ്വാസം പിടിച്ച് വെള്ളത്തില്‍ നിന്ന് എല്ലാവരേയും ഞെട്ടിച്ചെന്നും ജയിംസ് കാമറൂണ്‍ പറയുന്നു.


ജീവിതത്തിലെ രണ്ട് പതിറ്റാണ്ട് അവതാറിന് വേണ്ടി നീക്കിവെച്ചിരിക്കുകയാണ് ജയിംസ് കാമറൂണ്‍. 1994 മുതല്‍ അവതാറിന്റെ കഥ സംവിധായകന്റെ മനസിലുണ്ടായിരുന്നു. ഇടയ്ക്കിടെ അത് വലുതാക്കുകയും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും ചെയ്തു. 2005 മുതല്‍ പൂര്‍ണമായും അവതാറിന്റെ ലോകത്തേക്ക് ജയിംസ് കാമറൂണ്‍ കടന്നു. 2009 പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന് ലഭിച്ച ഗംഭീര സ്വീകാര്യത നാല് സീക്വലുകള്‍ കൂടി പുറത്തിറക്കാനുള്ള ആത്മവിശ്വാസമാണ് ജയിംസ് കാമറൂണിന് നല്‍കിയത്. അവതാര്‍ മൂന്നാം ഭാഗം 2024 ഡിസംബറിലും നാലാം ഭാഗം 2026 ഡിസംബറിലും അഞ്ചാം ഭാഗം 2028 ഡിസംബറിലും പുറത്തിറങ്ങും. ട്വന്റിയത് സെഞ്ചുറി സ്റ്റുഡിയോസാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.



