ധൈര്യമായി രാഷ്ട്രീയം പറയുന്ന സിനിമയുടെ ആലോചനയിലാണ്: ബി.ഉണ്ണികൃഷ്ണൻ

വിപണിയെ ലക്ഷ്യമാക്കാതെ ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് താനെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ഇപ്പോഴത്തെ നല്ല എഴുത്തുകാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു സിനിമയെടുക്കാന്‍ ധൈര്യമില്ലാന്നാണ് അവരുടെ പക്ഷമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു. എന്നാല്‍ അനന്തരഫലങ്ങള്‍ അപ്പോള്‍ നോക്കാം എന്ന തീരുമാനത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളജ് അധ്യാപകനാകാന്‍ ആഗ്രഹിച്ചിരുന്ന താന്‍ അതിന് സാധിക്കാതെ വന്നപ്പോഴാണ് സിനിമയിലേക്ക് തിരിഞ്ഞതെന്നും സംസ്ഥാന പുരസ്‌കാരം നേടിയ തന്റെ ആദ്യ തിരക്കഥയായ ‘ജലമര്‍മരം’ പോലുള്ള സിനിമകള്‍ എഴുതിയാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

“എന്റെ മുന്നില്‍ സാധ്യമായൊരു വഴി കോളേജ് അധ്യാപകനാവുക എന്നതായിരുന്നു. ഞാനതിന് ശ്രമിച്ചപ്പോഴെല്ലാം നിയമന സംബന്ധമായ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. അങ്ങനെയാണ് സിനിമയിലെഴുതാം എന്നുകരുതുന്നത്, ആദ്യ സിനിമയായ ജലമര്‍മരമാണ്. അധ്യാപകനാവാന്‍ പറ്റാത്തതില്‍ എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. പോപ്പുലര്‍ ആര്‍ട്ട് ഫോംസിനെ നമ്മള്‍ കാര്യമായിട്ട് പഠിക്കണം. മലയാളത്തില്‍ നാഴികക്കല്ലുകളായിട്ടുള്ള സിനിമകളുണ്ടെന്ന് നമുക്കറിയാം. സ്വയംവരം, എലിപ്പത്തായം തുടങ്ങിയ സിനിമകള്‍. അതോടൊപ്പം തന്നെ ആഴത്തില്‍ പഠിക്കപ്പെടേണ്ട സിനിമകളാണ് മണിച്ചിത്രത്താഴും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ. ഇത്തരം സിനിമകളെ എവിടെയൊക്കെ ഇപ്പോള്‍ ക്ലാസിക്കുകളായി അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു പുച്ഛമുണ്ട്. ആറാട്ട് എന്ന സിനിമ ഒരു സൈബര്‍ ബുദ്ധിജീവി എങ്ങനെയായിരിക്കും കാണുന്നത് എന്ന് ആലോചിച്ച് നോക്കുക. അത് ആ ബുദ്ധിജീവിയുടെ മാത്രം പ്രശ്നമാണ്, അതിനോടാണ് എനിക്ക് റെസ്പോണ്ട് ചെയ്യേണ്ടത്. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുവന്നയാളാണ് ഞാന്‍. അതുകൊണ്ട് നമുക്കിത് രണ്ടും കണ്ടാല്‍ മനസിലാക്കാന്‍ പറ്റും,” ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

UPDATES
STORIES