ബി ഉണ്ണികൃഷ്ണന്‍-മമ്മൂട്ടി ബിഗ് ബജറ്റ് ചിത്രം; ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ?

സംവിധായകന്‍ ബി ഉണ്ണികൃഷ്‌നും മമ്മൂട്ടിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമൊരുങ്ങുന്നു എന്ന വിവരം പ്രേക്ഷകർ അറിഞ്ഞത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ആറാട്ടിനുശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ജൂണ്‍ – ജൂലൈ മാസത്തോടെ ആരംഭിക്കുമെന്നാണ് സൂചന. ഇതിനിടെ ചിത്രത്തെക്കുറിച്ച് പുതിയ അഭ്യൂഹം പുറത്തുവന്നിരിക്കുയാണ്. ചിത്രത്തിനായി ബി ഉണ്ണികൃഷ്ണന്‍ ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ ആണെന്നാണ് ഈ റിപ്പോർട്ട്.

രണ്ട് വര്‍ഷം മുന്‍പ് ഏകദേശം ഒന്നാം ലോക്ഡൗണിന് ശേഷമുള്ള സമയത്താണ് മോഹന്‍ലാലിനെ സിനിമയ്ക്കുവേണ്ടി നിർമ്മാതാക്കള്‍ സമീപിച്ചത്. എന്നാല്‍ ആ സാഹചര്യം ഒരു ബിഗ് ബജറ്റ് ചിത്രത്തിന് പറ്റിയതല്ലെന്ന് മോഹന്‍ലാല്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ലോക്കേഷനുകളില്‍ ചിത്രീകരണം ആവശ്യമാണ് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം. പിന്നീടാണ് മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍- ഉദയ് കൃഷ്ണ കൂട്ടുകെട്ട് ‘ആറാട്ടി’ന്റെ നിര്‍മ്മാണത്തിലേക്ക് കടന്നത്.

പിന്നീട് ‘ബറോസ്’ അടക്കം നിരവധി ചിത്രങ്ങളുടെ തിരക്കിലായിരുന്നു മോഹന്‍ലാല്‍. ഈ ഘട്ടത്തിലാണ് മമ്മൂട്ടിയെ ചിത്രത്തിനായി സമീപിച്ചതും അദ്ദേഹം സിനിമയില്‍ താത്പര്യം അറിയിച്ചതും. നേരത്തെ ‘ആറാട്ടു’മായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ചിത്രത്തെ പറ്റി സംസാരിച്ച ബി ഉണ്ണികൃഷ്ണന്‍ മാസിനൊപ്പം കോമഡിയും ചേര്‍ന്നതായിരിക്കും സിനിമയെന്നായിരുന്നു പറഞ്ഞത്. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

അതേസമയം, ആറാട്ടിന് ലഭിച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യം തയ്യാറാക്കിയ തിരക്കഥ പൊളിച്ചെഴുതുകയാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. നിലവില്‍ മെയ് 13 ന് സോണി ലിവ്വിലൂടെ എത്തുന്ന ‘പുഴു’ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ്.

UPDATES
STORIES