‘പശുവും ചത്തു, മോരിലെ പുളിയും പോയി’; ചുരുളിയില്‍ ഇനിയെന്ത് പഠനമെന്ന് ബാലചന്ദ്രമേനോന്‍

ചുരുളിയിലെ ഭാഷാ പ്രയോഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ചുരുളി ഒടിടിയില്‍ റിലീസായി മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിലെ ഭാഷാ പ്രയോഗങ്ങളെ കുറിച്ച് പരിശോധിക്കുന്നതിലെ പ്രായോഗികതയില്ലായ്മയെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. കാണേണ്ടവരൊക്കെ ചിത്രം കണ്ടുകഴിഞ്ഞു. ഇനി പരിശോധന നടത്തുന്നത് പൊലീസിന്റെ സമയം കളയുന്നതിന് തുല്യമല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

‘എഴുതാനുള്ളത് ‘ചുരുളി’ എന്ന ചിത്രത്തിന്റെ കഥയെപ്പറ്റിയോ അതിന്റെ ആഖ്യാനത്തെ പറ്റിയോ അല്ലെങ്കില്‍ സംവിധാനത്തെ കുറിച്ചോ അല്ല.
സായാഹ്ന ചര്‍ച്ചകളിലില്‍ നിന്നുള്ള ഒരു പ്രയോഗം കടമെടുത്താല്‍ ‘അരിയാഹാരം കഴിക്കുന്ന’ ഒരാളിന്റെ പരിവേദനമാണെന്നു മാത്രം കരുതിയാല്‍ മതി. ‘അമ്മയാണെ സത്യം’ എന്ന എന്റെ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച ഇന്‍സ്പെക്ടര്‍ നാരായണന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘ചോദിക്കേണ്ടത് ചോദിക്കേണ്ട നേരത്തു ചോദിക്കണം’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇനി കഥയിലേക്ക് കടക്കാം …..
‘ചുരുളി’ എന്ന ചിത്രം ഒടിടിയില്‍ റിലീസായത് സ്‌ഫോടനാത്മകമായിട്ടാണ്. ഏവര്‍ക്കും അതിന്റെ കാരണം അറിയാവുന്നതു കൊണ്ട് അതിനി പരത്തുന്നില്ല. റിലീസ് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ദൃശ്യ മാധ്യമങ്ങളുടെ സായാഹ്ന ചര്‍ച്ചകളില്‍ ‘തലങ്ങനേം വിലങ്ങനേം’ സമഗ്രമായ ചര്‍ച്ചകള്‍ നടന്നതു കൊണ്ടു ഐസിയുവിലേക്കു യാത്ര വെടിഞ്ഞും രോഗി ചുരുളി കണ്ടു എന്നൊരു തമാശയും നിലവിലുണ്ട്.’

‘സമൂഹത്തിന്റെ സാംസ്‌കാരിക ഇടനാഴികളില്‍ ഒരു പാട് ചോദ്യങ്ങള്‍ അപ്പോള്‍ പ്രതിധ്വനിച്ചു കേട്ടു.
‘എന്തായിത് ?’
‘എന്താ ഈ കേള്‍ക്കുന്നത്?’
‘ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ?’
‘തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതികരിക്കുന്ന ഇന്നാട്ടിലെ സാംസ്‌കാരിക നായകന്മാരൊക്കെ എവിടെ പോയി?’
(അതില്‍ ഈ എഴുതുന്നവനും ഉള്‍പ്പെടും എന്നുവെച്ചോള്ളൂ )
‘സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കള്‍ ഇതൊന്നും അറിഞ്ഞില്ലേ?’

ഈ ചോദ്യങ്ങളും, ഫലത്തില്‍ ‘വിലക്കപ്പെട്ട കനി’ തിന്നാനുള്ള മനുഷ്യന്റെ വാസനയെ ഇരട്ടിപ്പിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറെ പരസ്യം ചക്കാത്തിന് കിട്ടി.’

‘ഇപ്പോള്‍ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് അരിയാഹാരമാണ് കഴിക്കുന്നത് എന്ന എന്റെ അഹങ്കാരത്തെ വല്ലാതെ പ്രകോപിപ്പിച്ചത്. പ്രസ്തുത ചിത്രത്തില്‍ ‘മോശമായ’ എന്തെങ്കിലും ഉണ്ടോ എന്ന് വിലയിരുത്താന്‍ പോലീസ് പുറപ്പെടുന്നുവത്രെ! ഈ ചിത്രം സോണി ലിവ് എന്നെ ഒടിടിയില്‍ പ്രദര്‍ശനം തുടങ്ങിയത് 2021 നവംബര്‍ 19ന് ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് 2022 ജനുവരി 12 ആകുമ്പോള്‍ ഏതാണ്ട് രണ്ടു മാസത്തോളമായി. ചിത്രം കണ്ടവരും, ചാനലുകളില്‍ കണ്ഠക്ഷോഭം നടത്തിയവരും കൂടി സഹകരിച്ചപ്പോള്‍ കാണേണ്ടവരൊക്കെ നേരിട്ടും പാത്തും പതുങ്ങിയും കണ്ടു കഴിഞ്ഞു. ആ നിലക്ക് ഇനി പോലീസ് മുഖേനയുള്ള ഒരു പഠനത്തിന് എന്ത് പ്രസക്തിയാണുള്ളത്?’

‘പണ്ടുള്ളവര്‍ പറഞ്ഞു കേട്ടത് ഓര്‍മ്മ വരുന്നു. ‘പശുവും ചത്തു ; മോരിലെ പുളിയും പോയി. ഇനി എന്ത് പഠനം? പോലീസിന്റെ സമയത്തിനും വിലയില്ലേ? മലയാളം അത്ര വശമില്ലാത്തവര്‍ക്കായി ഇംഗ്ലീഷില്‍ ഒരു വരി എഴുതിയേക്കാം. അത് കൂടി വായിച്ചിട്ട് നിങ്ങള്‍ സ്വന്തം അഭിപ്രായങ്ങള്‍ കുറിച്ചാട്ടെ. ‘OPERATION SUCCESSFUL; BUT PATIENT DIED …’ that’s ALL your honour !’

ചുരുളിയില്‍ സഭ്യമല്ലാത്ത ഭാഷയാണുപയോഗിച്ചതെന്ന് എന്നാരോപിച്ച് പെഗ്ഗി ഫെന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിക്കൊണ്ട് സെന്‍സര്‍ബോര്‍ഡ് തന്നെ നിയമലംഘനം നടത്തിയെന്നും ഇത്തരം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ത്യന്‍ പീനല്‍ കോഡിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഹരജി പരിഗണിക്കവെയായിരുന്നു കേസില്‍ ഡിജിപിയെ കക്ഷിചേര്‍ത്തുകൊണ്ട് സമിതി രൂപീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചത്.

സിനിമ കണ്ട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപി സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വില കല്‍പിച്ചുകൊണ്ടുതന്നെ പ്രദര്‍ശന യോഗ്യമല്ലാത്ത ഭാഷാപ്രയോഗങ്ങളോ ദൃശ്യങ്ങളോ ചിത്രത്തിലുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. എഡിഡിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതല.

UPDATES
STORIES