കാലിഫോര്‍ണിയയിലെ തിയേറ്റര്‍ കൊപ്രാക്കളമാക്കി ബാലയ്യ ആരാധകര്‍; ‘അഖണ്ഡ’യെ അമേരിക്കയില്‍ വരവേറ്റത് തേങ്ങയുടച്ച്

സൂപ്പര്‍താരങ്ങളുടെ ചിത്രം റിലീസാകുന്ന ദിവസം തിയേറ്ററിന് മുന്നില്‍ ഡി ജെ പാര്‍ട്ടിയും ഭീമന്‍ ഫ്‌ളക്‌സുകളില്‍ പാലഭിഷേകവും ചെണ്ടമേളവുമെല്ലാം മിക്ക സിനിമാ ഇന്‍ഡസ്ട്രികളിലും പതിവാണ്. പാലഭിഷേകം പോലെയുള്ള ആഹ്ലാദപ്രകടനങ്ങള്‍ വേണ്ടെന്ന് നടന്‍മാര്‍ നേരിട്ട് ആവശ്യപ്പെട്ടാലും ആരാധകര്‍ ചെവിക്കൊള്ളാറില്ല. ‘അന്തിം’ പ്രദര്‍ശനത്തിനിടെ തന്റെ ആരാധകര്‍ തിയേറ്ററില്‍ പടക്കം പൊട്ടിച്ചതിനേയും ഫ്‌ളക്‌സില്‍ പാലൊഴിച്ചതിനേയും വിമര്‍ശിച്ച് സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളിലെ തിയേറ്ററുകളില്‍ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ റിലീസാകാറുണ്ടെങ്കിലും വലിയ ആഘോഷപ്രകടനങ്ങള്‍ ഉണ്ടാകാറില്ല. ഇന്ത്യക്കാരായ ആരാധകരുടെ ‘മാസ് മാനിയ’ അങ്ങ് അമേരിക്കയിലുമെത്തുന്നതിന്റെ സൂചനകളാണ് നന്ദമൂരി ബാലകൃഷ്ണയുടെ ‘അഖണ്ഡ’ റിലീസിനിടെ കണ്ടത്. കാലിഫോര്‍ണിയയിലെ സെറ തിയേറ്ററില്‍ ബാലയ്യ ഫ്‌ളക്‌സിന് മുന്നില്‍ ആരാധകര്‍ കേക്ക് മുറിക്കുകയും തേങ്ങകള്‍ ഉടയ്ക്കുകയും ചെയ്തു.

നന്ദമൂരി ബാലകൃഷ്ണ / അഖണ്ഡ

ഹൈവോള്‍ട്ടേജ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയ ‘അഖണ്ഡ’യില്‍ ഡബിള്‍ റോളിലാണ് നന്ദമൂരി ബാലകൃഷ്ണയെത്തുന്നത്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. പുറത്തിറങ്ങി നാല് ദിവസത്തിനുള്ളില്‍ ചിത്രം 74 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. പ്രഗ്യാ ജയ്‌സ്വാള്‍, ജഗപതി ബാബു, ശ്രീകാന്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ബാലകൃഷ്ണയുടെ ആക്ഷന്‍ രംഗങ്ങളും എസ് തമന്റെ സംഗീതവുമാണ് അഖണ്ഡയുടെ ഹൈലൈറ്റ്.

UPDATES
STORIES