‘ഫലത്തെക്കുറിച്ച് ചിന്തിക്കാതെ ശക്തമായ പോരാട്ടമാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, 2017-ലെ ആക്രമത്തെ അതിജീവിച്ച നടി ഭാവന, താന്‍ അനുഭവിച്ച ആഘാതത്തെക്കുറിച്ച് അഞ്ച് വര്‍ഷത്തെ നിശബ്ദത അവസാനിപ്പിക്കുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്തിന്റെ ‘ദി മോജോ സ്റ്റോറി’ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ വെളിപ്പെടുത്തല്‍.
ബര്‍ക്ക ദത്ത്: ഇന്‍സ്റ്റഗ്രാമിലൂടെ താങ്കള്‍ ഞാന്‍ ഇരയല്ല അതീജിവിതയാണ് എന്ന് തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. ആദ്യമായി എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ടാണ് അവിടെ നിന്ന് പുറത്തുവരാന്‍ തീരുമാനിച്ചതെന്നാണ്. മുന്നോട്ട് വന്ന് സംസാരിക്കുക എന്നത് എത്രത്തോളം പ്രയാസകരമാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങള്‍ക്ക് സുഖകരമായി തോന്നാത്ത ഒന്നിനെ കുറിച്ചും സംസാരിക്കേണ്ടതില്ല. നിങ്ങള്‍ ആരായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ അതിനുള്ള സുരക്ഷിതമായ ഇടമാണ് ഇതെന്ന് ഞാന്‍ ഉറപ്പ് തരുന്നു.
ഭാവന: ഇവിടെ ഇരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. ആദ്യമേ പറയട്ടെ, ഈ നിമിഷത്തില്‍ ഞാന്‍ വളരെ നെര്‍വസും ഇമോഷണലുമാണ്. ഞാന്‍ എല്ലാം തുറന്ന് പറയാന്‍ പോകുകയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു ബഹളമല്ല ഇത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളുപ്പെടുത്തുന്നതില് എനിക്ക് നിയമപരമായ പരിമിതികളുണ്ട്. ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള യാത്രയെക്കുറിച്ചാണല്ലോ താങ്കളെന്നോട് ചോദിച്ചത്, അതേക്കുറിച്ച് പറയാം.
2017 ഫെബ്രുവരി 17ാം തിയതിയാണ് അത് സംഭവിക്കുന്നത്. അതോടെ എന്റെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. പിന്നീടങ്ങോട്ട് എല്ലാ കുറ്റവും പഴിചാരാന്‍ എന്തെങ്കിലും ഒരു കാരണം അന്വേഷിക്കുകയായിരുന്നു എന്റെ മനസ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? എന്തുകൊണ്ട് ഞാന്‍? നിരവധി ചോദ്യങ്ങള്‍.
2015 ലാണ് എനിക്ക് അച്ഛനെ നഷ്ടമാകുന്നത്. ഒരുപക്ഷേ അച്ഛന് ജീവിച്ചിരുന്നെങ്കില്‍ എനിക്കിങ്ങനെ സംഭവിക്കില്ലായിരുന്നെന്ന് ഞാന്‍ സ്വയം പറഞ്ഞു. അടുത്ത ദിവസം ഷൂട്ടിങ്ങ് ഇല്ലായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നെന്ന് ഞാന്‍ ആലോചിച്ചു. പഴിചാരനും രക്ഷപ്പെടാനുമായി അങ്ങനെ ഒരുപാട് കാരണങ്ങള്‍ ഞാന്‍ തേടി.
ഇതൊരു ദുസ്വപ്നമായിരുന്നെങ്കില് എന്ന് ഞാന്‍ ആഗ്രഹിച്ചു. ഒന്ന് ഉറങ്ങി ഉണരുമ്പോള്‍ എല്ലാം സ്വാഭാവികമായി മാറിയിരുന്നെങ്കില്‍ എന്ന് കൊതിച്ചു. ഇത് സംഭവിക്കുന്നതിന് മുന്നിലുള്ള കാലത്തേക്ക് പോകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരുപാട് തവണ ആഗ്രഹിച്ചു. അങ്ങനെയെങ്കില്‍ എന്റെ ജീവിതം സ്വാഭാവികമാകുമല്ലോ എന്ന് ചിന്തിച്ചു. ഇതോടെ പെട്ടെന്ന് ഞാന്‍ ഇരയായി, ആക്രമിക്കപ്പെട്ട നടിയായി. കുറേ കാര്യങ്ങള്‍ ഒന്നിച്ച് വന്നു. ഞാന്‍ എന്നെതന്നെ കുറ്റപ്പെടുത്തുകയായിരുന്നു. ഒരു ലൂപ്പ് പോലെയായിരുന്നു ഇതെല്ലാം, വീണ്ടും തുടങ്ങിയടത്തു തന്നെ എത്തും, സത്യത്തില്‍ എന്റെ ഉള്ളില്‍ നീണ്ടകാലം ഒരു ബ്ലെയിം ഗെയിം നടക്കുകയായിരുന്നു.
2020ലാണ് വിചാരണ നടക്കുന്നത്. പതിനഞ്ച് ദിവസം എനിക്ക് കോടതിയില്‍ പോകേണ്ടി വന്നു. ആ 15 ദിവസം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോയത്. അവസാന ദിവസം പതിനഞ്ചാമത്തെ ഹിയറിങ്ങും പൂര്‍ത്തിയാക്കി കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്, ഞാന്‍ ഒരു ഇരയല്ല, അതിജീവിതയാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. എനിക്ക് വേണ്ടി മാത്രമല്ല, എനിക്ക് പിന്നാലെ വരുന്ന എല്ലാ സ്ത്രീകളുടേയും അന്തസിന് വേണ്ടിയാണ് ഈ പോരാട്ടമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അന്നാണ് എന്റെ മനസും അതിനോട് പൊരുത്തപ്പെടുന്നത്.
ബര്‍ക്ക ദത്ത്: ഇത്തരമൊരു അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ള സ്ത്രീകള്‍ പലപ്പോഴും സ്വയം പഴിചാരുന്നത് സ്വാഭാവികമാണ്. സിനിമ മേഖലയിലെ വളരെ കരുത്തനായ ഒരാളായിരുന്നു നിങ്ങളുടെ പോരാട്ടത്തിന്റെ എതിര്‍വശത്ത്. നിരവധി പേര് താങ്കളെ പിന്തുണച്ചു. കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും താങ്കളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞിരുന്നു. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പേര് വെളിപ്പെടുത്താതെ താങ്കള്‍ക്ക് വേണ്ടി നിലകൊള്ളുന്നുണ്ടായിരുന്നു, പേര് വെളിപ്പെടുത്താനുള്ള ധൈര്യം എപ്പോഴാണ് വന്നത്?
ഭാവന: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ചാനലുകളിലെ ചര്‍ച്ചകളെ കുറിച്ച് താങ്കള്‍ക്ക് അറിയാമല്ലോ. 2017 ല്‍ ഇത് സംഭവിച്ചപ്പോള്‍ എന്നോടൊപ്പം നിന്നവരുണ്ടായിരുന്നു. പക്ഷേ എന്നെ അറിയുകകൂടിയില്ലാത്ത കുറേപേര്‍ വളരെ സൗകര്യപൂര്‍വം ചാനലില്‍ ഇരുന്ന് എന്നെക്കുറിച്ച് എന്തൊക്കെയോ പറയുകയായി. അവള് അത് ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു. അവള് രാത്രി യാത്ര ചെയ്യാന്‍ പാടില്ലായിരുന്നു എന്നൊക്കെയാണ് അവര്‍ പറയുന്നത്. വൈകുന്നേരം ഏഴുമണിയിലെ കാര്യമാണ് നമ്മള് സംസാരിക്കുന്നത്. എന്നെ ആരൊക്കെയോ നിരന്തരം കുറ്റപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ ഒരു തരം നെഗറ്റീവ് പി.ആറും പ്രൊപ്പഗാന്‍ഡയും നടന്നു. ഇതൊരു വ്യാജ കേസാണ്, ഞാന്‍ കെട്ടിച്ചമച്ചതാണ് എന്നൊക്കെ പ്രചരിപ്പിച്ചു. അതെല്ലാം വളരെ വേദനനിറഞ്ഞതായിരുന്നു. ഇതൊക്കെ അറിയുന്നതും, കേള്‍ക്കുന്നതുമൊക്കെ അത്രയ്ക്ക് വേദനയുള്ളതാണ്.
ഞാനാകെ തകര്‍ന്നു പോയി. ആയിരം കഷ്ണങ്ങളായി മുറിഞ്ഞു പോകുന്നത് പോലെ തോന്നി. ഓരോ കഷ്ണങ്ങളും പെറുക്കിയെടുത്ത് കഷ്ടപ്പെട്ട് എഴുന്നേറ്റ് നിന്ന് ജീവിതത്തെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ ഇതൊക്കെ കേള്‍ക്കുന്നത് എന്നെ വീണ്ടും വീണ്ടും തളര്‍ത്തി. ചിലപ്പോള്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് അലറി വിളിക്കാന്‍ തോന്നും. എന്റെ രക്ഷിതാക്കള്‍ എന്നെ അങ്ങനെയല്ല വളര്‍ത്തിയത്. ഇവര്‍ ഈ പറയുന്നതൊക്കെ എന്റെ കുടുംബത്തിന് തന്നെ അപമാനമായിരുന്നു. ഞാനൊരിക്കലും അങ്ങനെ ചെയ്യുന്ന ആളല്ല. എന്റെ ആത്മാഭിമാനം തന്നെ എന്നില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടു. ശേഷം എന്നെ വിക്ടിം ഷെയിം ചെയ്യുകയാണ്. അവര്‍ക്ക് എന്നെ വീണ്ടും തളര്‍ത്തുന്നത് വളരെ എളുപ്പമായിരിക്കും. അത് വളരെ വേദനാജനകമായിരുന്നു.
ആ സമയത്ത് ഭാഗ്യത്തിന് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നില്ല. 2019ലാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുക്കുന്നത്. അപ്പോള്‍ പോലും എന്തുകൊണ്ട് നിങ്ങള്‍ പോയി ചത്തില്ല എന്ന തരത്തില്‍ എനിക്ക് മെസേജ് വരുമായിരുന്നു. നിങ്ങള്‍ക്ക് ഇങ്ങനെ ജീവിക്കുന്നതില്‍ നാണക്കേടില്ലേ? ഇതിനെല്ലാം നിങ്ങള്‍ അനുഭവിക്കും എന്നെല്ലാം പറഞ്ഞായിരുന്നു മെസേജുകള്‍. ജനുവരിയില്‍ എനിക്ക് എന്റെ യാത്രയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യണമെന്ന് തോന്നി. എന്റെ ജീവിതത്തില്‍ ഇതെല്ലാമാണ് സംഭവിക്കുന്നത് എന്ന് ആളുകളെ അറിയിക്കണമെന്ന് തോന്നി.
ബര്‍ക്ക ദത്ത്: ലൈംഗികാതിക്രമത്തിനെതിരെ തുറന്നു പറച്ചില് നടത്തിയ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് പലരും സംസാരിച്ച് കണ്ടിട്ടുള്ളത്. ഇതൊന്നും പറയേണ്ടിയിരുന്നില്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഭാവന: എനിക്ക് പലപ്പോഴും മടുത്തിരുന്നു. എന്റെ കുടുംബത്തോടും കൂട്ടുകാരോടും ഞാന്‍ പറഞ്ഞിട്ടുണ്ട്, മതി ഇത് നിര്‍ത്താം. എനിക്കിനി വയ്യ. സംഭവിച്ചത് സംഭവിച്ചു. എനിക്ക് അതില്‍ നിന്ന് പുറത്ത് വരണം. എനിക്ക് എന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോകണം എന്ന്.
ബര്‍ക്ക ദത്ത്: പിന്നെന്താണ് ഇപ്പോള്‍ നിങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നത്?
ഭാവന: പോരാടണം എന്ന എന്റെ ഇച്ഛാശക്തി. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, നിരപരാധിയാണെന്ന് തെളിയിക്കണം. ചിതറിത്തെറിച്ച എന്റെ ആത്മാഭിമാനം തിരിച്ചു പിടിക്കണം. എന്റെ കുടുംബം, സുഹൃത്തുക്കള്‍, ഡബ്ല്യുസിസി, പ്രേക്ഷകര്‍ തുടങ്ങിയവര്‍ എനിക്ക് നല്കിയ പിന്തുണയെ കുറിച്ച് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഇല്ല. ഞാന്‍ അനുഭവിച്ചതെല്ലാം അനുഭവിച്ചു. ഇനി അതിനെതിരെ പോരാടട്ടെ.
ബര്‍ക്ക ദത്ത്: ഇപ്പോള്‍ എന്താണ് താങ്കള്‍ക്ക് തോന്നുന്നത്. താങ്കളുടെ കയ്യില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ആത്മാഭിമാനം തിരികെ ലഭിക്കുമെന്ന് കരുതുന്നുണ്ടോ? താങ്കള്‍ക്ക് ദേഷ്യമാണോ, ദുഃഖമാണോ? അതോ ഭയമാണോ?
ഭാവന: ഈ പറഞ്ഞ എല്ലാ വികാരങ്ങളിലൂടെയും ഞാന്‍ കടന്നു പോകുന്നുണ്ട്. തീര്‍ച്ചയായും എനിക്ക് നല്ല പേടിയുണ്ട്.
ബർക്ക ദത്ത്: എന്തിനെയാണ് താങ്കള്‍ ഭയപ്പെടുന്നത്?
ഭാവന: എനിക്ക് ഈ വ്യവസ്ഥിതിയെക്കുറിച്ച് അറിയില്ല. നീതിക്ക് വേണ്ടിയുള്ള പോരാട്ടം എളുപ്പമായിരുന്നില്ല. ചില സമയത്ത് എനിക്ക് വലിയ വിഷമമായിരുന്നു. ചില സമയത്ത് കടുത്ത നിരാശ. ഇടയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നും. ഈ വികാരങ്ങളെല്ലാം കൂടിയും കുറഞ്ഞും എന്നില്‍ വരും.
ബര്‍ക്ക ദത്ത്: തുറന്നുപറച്ചില്‍ നടത്തിയ പല സ്ത്രീകള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് അത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ?
ഭാവന: ഈ സംഭവത്തിന് മുമ്പ് എനിക്ക് തൊഴില്‍ നിഷേധിക്കപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ മൊഴിയില്‍ പറഞ്ഞതുകൊണ്ട് തന്നെ എനിക്കതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല.
പക്ഷേ ഈ സംഭവത്തിന് ശേഷം മലയാളം സിനിമയിലെ ചില നല്ല മനുഷ്യര്‍ എനിക്ക് ഓഫറുകള്‍ തന്നു. തിരിച്ച് വന്ന് അഭിനയിക്കണമെന്ന് പറഞ്ഞു. അവരുടെ പേര് പറയാമോ എന്നെനിക്കറിയില്ല. ആഷിക് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഭദ്രന്, ഷാജി കൈലാസ്, ജയസൂര്യ തുടങ്ങിയവര്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ എനിക്കത് ഉപേക്ഷിക്കേണ്ടി വന്നു. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ മലയാളത്തില്‍ തിരിച്ചു വന്ന് ജോലി ചെയ്യാന്‍ മാനസികമായി തയ്യാറായിരുന്നില്ല. എന്റെ മനഃസമാധാനത്തിന് വേണ്ടി ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നിന്നു. മറ്റ് ഭാഷകളില്‍ സിനിമ ചെയ്തു. ഇപ്പോള്‍ മലയാളത്തില്‍ സ്ക്രിപ്റ്റ് കേള്‍ക്കാറുണ്ട്.
ബര്‍ക്ക ദത്ത്: ഈ കാര്യങ്ങളെല്ലാം താങ്കളുടെ മാനസിക ആരോഗ്യത്തെ എങ്ങനെയാണ് ബാധിച്ചത്. അവസാനഘട്ടംവരെ പോരാടുമോ. ഇത്രയധികം ആളുകള്‍ പിന്തുണ അറിയിച്ചപ്പോഴും താങ്കള്‍ക്ക് ഒറ്റപ്പെട്ടത് പോലെ തോന്നിയിരുന്നോ?
ഭാവന: തീര്‍ച്ചയായും, അവസാനം വരെയും ഞാന്‍ പോരാടും. കാരണം ഇത് എന്റെ തന്നെ പോരാട്ടമാണ്. എനിക്ക് ഒരു നല്ല സപ്പോര്‍ട്ടിങ്ങ് സിസ്റ്റം ഉണ്ടായിരുന്നു. എന്റെ ഭര്‍ത്താവ്, സുഹൃത്തുക്കള്‍, കുടുംബം, പ്രേക്ഷകര്‍ എല്ലാം എനിക്കൊപ്പം നിന്നു. അവര്‍ എന്നോട് വളരെ കരുണയോടെ പെരുമാറി. അവരോട് നന്ദി പറയേണ്ടതുണ്ട്. യാത്രകളില്‍ പോലും ആളുകള്‍ എന്നെ വന്ന് കെട്ടിപിടിച്ച് നിങ്ങള്‍ക്ക് എന്തായാലും നീതി കിട്ടണമെന്ന് പറയും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട് എന്ന് പറയും.
ഞാന്‍ പറഞ്ഞിരുന്നല്ലോ, വിചാരണയ്ക്ക് വേണ്ടി 15 ദിവസം കോടതിയില്‍ പോയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഓരോ സെക്കന്റും ആ കോടതിയിലിരുന്ന് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുയായിരുന്നു. ഏഴ് അഭിഭാഷകരുടെ ചോദ്യങ്ങള്‍, ക്രോസ് വിസ്താരം. ആ സമയത്താണ് എനിക്ക് തികച്ചും ഒറ്റപ്പെട്ടു എന്ന് തോന്നിയത്. ആ കോടതിയില്‍ ഒരുപാട് പേരുണ്ടായിരുന്നു, പക്ഷേ ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് സംഭവിച്ചതിലൂടെയൊക്കെ വീണ്ടും കടന്നു പോകുകയായിരുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തില്ലെന്ന് തെളിയിക്കേണ്ടി വരികയായിരുന്നു, ആവര്‍ത്തിക്കേണ്ടി വരികയായിരുന്നു. അപ്പോഴാണ് ഇതെന്റെ യുദ്ധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഈ ലോകത്തോട് മുഴുവന്‍ ഞാന്‍ യുദ്ധം ചെയ്യുകയാണെന്ന് തോന്നി. അതൊഴികെ മറ്റെല്ലാ സമയത്തും എനിക്ക് വലിയ പിന്തുണ ലഭിച്ചു.
ബര്‍ക്ക ദത്ത്: താങ്കള്‍ എങ്ങനെയാണ് ഈ വിഷപ്രചരണത്തെ നേരിട്ടത്. സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ താങ്കള്‍ വായിച്ചിരുന്നോ? അതോ അവ അവഗണിക്കുകയായിരുന്നോ?
ഭാവന: പലതും ഞാന്‍ അവഗണിക്കുകയായിരുന്നു. ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ ആകട്ടെ എന്ന് കരുതി. എനിക്ക് എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ലല്ലോ. സംഭവിച്ചതെന്താണെന്ന് എല്ലാവരേയും ബോധ്യപ്പെടുത്താന്‍ കഴിയില്ല. അവര്‍ക്ക് വിശ്വസിക്കേണ്ടത് അവര്‍ക്ക് വിശ്വസിക്കാം. എന്റെ മനസാക്ഷിക്ക് കാര്യങ്ങള്‍ അറിയാം. എന്റെ കുടുംബത്തിന് എന്നെ അറിയാം.
ബര്‍ക്ക ദത്ത്: പലപ്പോഴും കുറ്റവാളികളുടെ ജീവിതം സ്വാഭാവിക രീതിയിലാകും. അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നു. അത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ മുന്നോട്ട് പോകാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടാകുന്നത്?
ഭാവന: തീര്‍ച്ചയായും അത് ദുഃഖകരമാണ്. നീതി ആവശ്യപ്പെടുന്ന ഈ രാജ്യത്തെ മറ്റെല്ലാവരെയും പോലെ അത് എന്നെയും പ്രകോപിപ്പിക്കാറുണ്ട്, ദേഷ്യപ്പെടുത്താറുണ്ട്. പക്ഷേ കോടതിയുടെ മുമ്പില്‍ തെളിവുകള്‍ മാത്രമാണ് പ്രസക്തം. അവിടെ വൈകാരികയ്ക്കോ, മനുഷ്യ ജീവിതത്തിനോ, അവര്‍ക്ക് എന്ത് നഷ്ടപ്പെട്ടുവെന്നതോ ഒന്നും വിഷയമല്ല. അത് എന്നെ ദേഷ്യപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എല്ലാ ദിവസവും എനിക്ക് പോരാടാനുള്ള ധൈര്യമൊന്നും ഉണ്ടാകാറില്ല. ചിലപ്പോള്‍ ഇതൊക്കെ ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോയി പുതിയൊരു ജീവിതം തുടങ്ങാന്‍ തോന്നും. തങ്ങള്‍ക്ക് സംഭവിച്ച ഒരു ആഘാതം പൊതു സമൂഹത്തിന് മുന്നില്‍ വന്ന് ഒരു വ്യക്തി തുറന്ന് പറയുന്നത് അംഗീകരിക്കാന്‍ നമ്മുടെ സമൂഹം പഠിക്കേണ്ടതുണ്ട്. ആ ധൈര്യത്തെ അംഗീകരിക്കാന്‍ നമ്മള് പഠിക്കേണ്ടതുണ്ട്.
ബർക്ക ദത്ത്: ഇന്ന് ഇത് കേള്‍ക്കുന്ന ഒറ്റയ്ക്കുളള പോരാട്ടം നയിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്?
ഭാവന: ഒരു ഘട്ടത്തില്‍ ഞാന്‍ എന്നെ കുറ്റപ്പെടുത്തി. അതിന് ശേഷമാണ് വിചാരണ നടക്കുന്നത്. ഇപ്പോള്‍ ഞാന്‍ സ്വയം പറയും, ശരിയായ കാര്യമാണ് ഞാന്‍ ചെയ്തതെന്ന്. തെറ്റായൊന്നും ഞാന്‍ ചെയ്തിട്ടില്ല. ലോകത്തുടനീളമുള്ള സ്ത്രീകള്‍ എന്നോട് പങ്കുവച്ച ദുഃഖങ്ങളും അവരുടെ അനുഭവങ്ങളും അത്യന്തം വേദനാജനകമാണ്. തുറന്നു പറയാന്‍ മടിച്ച് വേദന സഹിച്ച് ജീവിക്കുന്ന സ്ത്രീകളുണ്ട്. അത് വളരെ ഭയാനകമാണ്. ഞാന്‍ ഇത് തുറന്നു പറഞ്ഞില്ലെങ്കില്‍, പരാതിപ്പെട്ടില്ലെങ്കില്‍ എന്നതെനിക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. എന്റെ യാത്രയില്‍ നിന്ന് ഒരുകാര്യം ഞാന്‍ പറയാം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.