‘തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷും മിന്നല്‍ മുരളിയിലെ ഷിബുവും ഒരേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍’; ബേസില്‍ ജോസഫ്

ബേസില്‍ ജോസഫിന്റെ സംവിധാനത്തിലെത്തി സൂപ്പര്‍ ഹിറ്റായ മിന്നല്‍ മുരളിയില്‍ താന്‍ വില്ലന്‍ വേഷം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്ന് ടൊവിനോ തോമസ്. ഷിബു എന്ന വില്ലന്‍ കഥാപാത്രത്തിന് അതിശക്തമായ വൈകാരിക കാതലുണ്ട്. ചില വശങ്ങളിലൂടെ നോക്കുമ്പോള്‍ ഷിബു വില്ലനല്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘വൈകാരിത തലത്തില്‍ ശക്തമായ കഥാപാത്രമാണ് ഷിബു. ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എനിക്ക് ആഗ്രമുണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ ബേസിലിനോട് പറഞ്ഞു. എന്നാല്‍ അത് വേണ്ടെന്നും മിന്നല്‍ മുരളിയെ ഇനിയും മുന്നോട്ടുനീക്കാന്‍ പദ്ധതിയുണ്ടെന്നുമായിരുന്നു ബേസിലിന്റെ മറുപടി. ഇതോടെ ആ ആലോചന വേണ്ടെന്ന് വെച്ചു. വില്ലന്‍ കഥാപാത്രത്തിന് വലിയ പ്രശംസ ലഭിക്കുന്നതുകാണുമ്പോള്‍ ആ കഥാപാത്രം അത്രത്തോളം ആഴമേറിയതാണെന്ന എന്റെ ഊഹം ശരിയായിരുന്നെന്ന് വ്യക്തമായി’, ടൊവിനോ പറയുന്നു.

ഷിബു സഹജമായ വില്ലന്‍ സ്വഭാവങ്ങളുള്ള ആളല്ല. ഷിബുവിനേക്കാള്‍ വില്ലത്തരങ്ങളുള്ള കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടെന്നും ടൊവിനോ. ‘ചില കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഷിബു വില്ലനല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഷിബുവിന്റെ വീടിന് തീയിടുന്ന ആളടക്കം ഷിബുവിന്റെ ചുറ്റുമുള്ളവരാണ് അയാളേക്കാള്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നത്. ഷിബു എന്തൊക്കെയാണോ ചെയ്യുന്നത് അതെല്ലാം അയാളുടെ നഷ്ടങ്ങളില്‍നിന്നുണ്ടാവുന്നതാണ്. ആളുകളെ ഉപദ്രവിക്കണം എന്ന ഉദ്ദേശം അയാള്‍ക്കുണ്ടായിരുന്നില്ല. വളരെ ചെറുപ്പം മുതല്‍ ആളുകളുടെ ആട്ടും തുപ്പും കേട്ടാണ് ഷിബു വളര്‍ന്നത്. അതിനോടുള്ള പ്രതികരണമാണ് ഷിബുവിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. പക്ഷേ, നിഷ്‌കളങ്കരായ ഒരുപാടാളുകള്‍ ഷിബുവിന്റെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്. അതുകൊണ്ടാണ് ജെയ്‌സണ്‍ അയാളെ തടയാന്‍ ശ്രമിക്കുന്നതും എതിര്‍ക്കുന്നതും. ഇതുകൊണ്ടൊക്കെത്തന്നെ സാധാരണ സിനിമകളില്‍ കാണാറുള്ളതുപോലെയുള്ള വൃത്തികെട്ട വില്ലാനായി ഞാന്‍ ഷിബുവിനെ കാണുന്നില്ല’, ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെ.

ആളുകളെ കൊല്ലാനുള്ള ഷിബുവിന്റെ തീരുമാനത്തെ ഒരു തരത്തിലും നീതീകരിക്കാനാവുന്നതല്ലെന്ന് ബേസിലും പറയുന്നു. അതേസമയം തന്നെ എന്തുകൊണ്ട് ഷിബു അങ്ങനെ ചെയ്യുന്നു എന്ന തോന്നല്‍ പ്രേക്ഷകരുടെ ഉള്ളിലുണ്ടാവുന്നുണ്ട്. അതുകൊണ്ട് ഷിബുവിന്റെ തീരുമാനങ്ങള്‍ ന്യായീകരിക്കാന്‍ കഴിയാത്തതു പോലെത്തന്നെ അയാളുടെ ചുറ്റുമുള്ളവര്‍ ചെയ്യുന്നതും ന്യായീകരിക്കാനാവില്ലെന്നും ബേസില്‍ വ്യക്തമാക്കി.

‘തനിയാവര്‍ത്തനത്തിലെ ബാലന്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ അവസ്ഥയാണ് മിന്നല്‍ മുരളിയിലെ ഷിബുവിനും. അമ്മാവന് മാനസിക രോഗമുള്ളതുകൊണ്ട് ബാലനും അതേ രോഗമുണ്ടെന്നാണ് സമൂഹവും കുടുംബവും വിശ്വസിക്കുന്നത്. ഒടുവില്‍ അയാളും ആ രോഗാവസ്ഥയിലേക്ക് പരുവപ്പെട്ടുവരുന്നു. ഇതേ അവസ്ഥയാണ് ഷിബുവിന്റേതും. അമ്മയ്ക്കുണ്ടായിരുന്ന മാനസിക രോഗം ഷിബുവിലേക്കും പകര്‍ന്നിട്ടുണ്ടെന്നാണ് സമൂഹമൊന്നാകെ കരുതുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഷിബുവിനെ എല്ലായിപ്പോഴും ബോധപൂര്‍വം അവഗണിക്കുന്നു. തനിക്കൊരാളെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന പറയുന്ന ഘട്ടത്തില്‍ പോലും ആ സ്ത്രീയുടെ സഹോദരന്‍ അമ്മയുടെ മാനസിക പ്രശ്‌നം ചൂണ്ടിക്കാട്ടാണ് ഷിബുവിനെ തടയുന്നത്’, ബേസില്‍ വിവരിച്ചു.

ഷിബുവിന്റെ വൈരാഗ്യം എന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായുണ്ടാവുന്നതല്ല, മറിച്ച് വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനത്തില്‍നിന്നും നേരിട്ട അവഹേളനത്തില്‍നിന്നുമാണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

അരുണ്‍ അനിരുദ്ധിന്റെയും ജസ്റ്റിന്‍ മാത്യുവിന്റേയും തിരക്കഥയില്‍ ബേസില്‍ ജോസഫ് സംവിധാനം ചിത്രം ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജയ്‌സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് കഥപറയുന്നത്. ജൂഡ് ആന്തണി, മാമുക്കോയ, ഷെല്ലി കിഷോര്‍, മാസ്റ്റര്‍ വസിഷ്ട്, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

UPDATES
STORIES