ടിറ്റന്‍ കാണികളെ പേടിപ്പിക്കുമ്പോള്‍…; 10 മികച്ച ബോഡി ഹൊറര്‍ ചിത്രങ്ങള്‍

കാറുകളെ പ്രണയിക്കുന്ന, കാറുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന, കാറുകളില്‍നിന്ന് ഗര്‍ഭം ധരിച്ച അലക്‌സിയയുടെ കഥ പറഞ്ഞ ജൂലിയ ഡുകോര്‍ണോയുടെ ‘ടിറ്റന്‍’ പ്രദര്‍ശനത്തിനിടെയുണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെ വീണ്ടും ചര്‍ച്ചയാവുകയാണ് ബോഡി ഹൊറര്‍ സിനിമകള്‍. ടിറ്റന്‍ കാണുന്നതിനിടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും പാനിക് അറ്റാക്കുകളുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ശരീരഭാഗങ്ങള്‍ക്ക് അംഗഭംഗം വരുത്തുന്നതും രക്തച്ചൊരിച്ചിലും നിറഞ്ഞ രംഗങ്ങളുള്ള ബോഡി ഹൊറര്‍ ഴോണ്‍റെയിലാണ് പെടുന്നതെങ്കിലും ഈ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങള്‍ക്കിടയിലാണ് ടിറ്റനെ നിരൂപകര്‍ പ്രതിഷ്ഠിക്കുന്നത്. ഇതോടെ, ലോകത്ത് ഇറങ്ങിയിട്ടുള്ള ചില മികച്ച ബോഡി ഹൊറര്‍ ചിത്രങ്ങളും സംവിധായകരും ചര്‍ച്ചകളില്‍ ഇടം നേടി. ഇറേസര്‍ ഹെഡ്ഡും ടീത്തും വീഡിയോ ഡ്രോമും അവയില്‍ പ്രധാനപ്പെട്ടവയാണ്. മികച്ച പത്ത് ബോഡി ഹൊറര്‍ ചിത്രങ്ങള്‍ ഇവയാണ്‌.

Also Read: പടം കണ്ട് തലചുറ്റിയത് 13 പേര്‍ക്ക്; പക്ഷെ, ‘ടിറ്റന്‍’ ബോഡി ഹൊറര്‍ സിനിമ മാത്രമല്ല

1 ഇറേസര്‍ഹെഡ് (Eraserhead)

1977ല്‍ ഡേവിഡ് ലിഞ്ച് സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ച് തയ്യാറാക്കിയ ‘ഇറേസര്‍ഹെഡ്’ ആരംഭിക്കുന്നതുതന്നെ ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന്റെ തീക്ഷ്ണത വെളിവാകുന്ന ഫ്രെയിമുകളോടെയാണ്. ബീജകോശ ആകൃതിയിലുള്ള ഒരു ജീവി, ഒഴുകിനടക്കുന്ന ഒരു തലയില്‍നിന്നും രൂപം കൊള്ളുന്നതാണ് ചിത്രത്തിന്റെ തുടക്കം. ഒരു പിതാവ് ശാരീരിക വൈകല്യങ്ങളുള്ള തന്റെ കുഞ്ഞിന്റെ അവയവങ്ങള്‍ ഓരോന്നായി മുറിച്ചുമാറ്റുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഇന്ന് നമുക്കറിയാവുന്നതില്‍ മികച്ച പരീക്ഷണാത്മക തിരക്കഥയാണ് അന്ന് ബോഡി ഹൊറര്‍ ഴോണറിലുള്ള തന്റെ ചിത്രത്തിനുവേണ്ടി ലിഞ്ച് തയ്യാറാക്കിയത്. വൈകല്യങ്ങളോടെയുള്ള മകളുടെ ജനനവും തുടര്‍ന്ന് കുട്ടിയെ വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കേണ്ടി വന്നപ്പോള്‍ അനുഭവിച്ച മാനസിക വേദനകളുമാണ് ലിഞ്ചിനെ ഇറേസര്‍ ഹെഡിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.

അപ്രതീക്ഷിതമായ സാഹചര്യത്തില്‍ പുഴുവിന് സമാനമായ രൂപത്തിലുള്ള നവജാത ജീവിയുടെ പിതാവായി മാറേണ്ടി വന്ന ഹെന്റി സ്‌പെന്‍സര്‍ എന്ന പിതാവിന്റെ കഥാപാത്രത്തെ ജാക്ക് നാന്‍സ് അഭിനയിച്ച് പൊലിപ്പിച്ചു. വലിയ തലയോടുകൂടിയ ത്വക്കില്ലാത്തതുമായ ഇത്തരം ‘ശിശുക്കള്‍’ ഹൊറര്‍ ഴോണറിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണല്ലോ. പ്രധാന കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലൂന്നി നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ ഉള്ളടക്കത്തെ ബലപ്പെടുത്തുന്ന ഘടകം. പശ്ചാത്തല സംഗീതമാണ് ഇറേസര്‍ ഹെഡ്ഡിന്റെ നട്ടെല്ല്.

ഭക്ഷണം കഴിക്കാത്ത, എപ്പോഴും വലിയ ശബ്ദത്തില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ആ കുഞ്ഞിനെ ഉപേക്ഷിച്ച് പങ്കാളി പോകുന്നതോടെ കുഞ്ഞിനെ നോക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം ഹെന്റി സ്‌പെന്‍സറിന്റെ ചുമലിലായി. തുടര്‍ന്നുള്ള പരിചരണങ്ങള്‍ക്കിടയിലാണ് കുട്ടി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതായും കണ്ണില്‍ വേദനയുണ്ടാക്കുന്ന വൃണങ്ങളുള്ളതായും സ്‌പെന്‍സര്‍ കണ്ടെത്തുന്നത്. ഇതിനിടെ സ്‌പെന്‍സര്‍ കുഞ്ഞുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സ്വപ്‌ന വെളിപാടുകളിലൂടെയും കടന്നുപോകുന്നു. തന്റെ തന്നെ തല കഴുത്തില്‍നിന്ന് വേര്‍പെട്ട് വീഴുന്നതായും കഴുത്തില്‍നിന്നും ആ കുഞ്ഞിന്റെ രൂപം പുറത്തേക്ക് വരുന്നതായും സെന്‍സര്‍ കാണുന്നുണ്ട്. തുടര്‍ന്ന് സ്‌പെന്‍സറിന്റെ തല ശൂന്യതയില്‍നിന്നും തെരുവിലേക്ക് വീഴുകയും ഒരു ആണ്‍കുട്ടി ആ തല പെന്‍സില്‍ കമ്പനിയില്‍ റബര്‍ ഇറേസര്‍ ഉണ്ടാക്കാന്‍ കൊടുക്കുന്നു. ഉറക്കത്തിലെ ഈ സ്വപ്‌നത്തില്‍നിന്നും ഞെട്ടിയുണരുന്ന സ്‌പെന്‍സര്‍ വീട്ടിലേക്ക് പോയി കുഞ്ഞിന്റെ ആന്തരികാവയവങ്ങളെ വെളിവാകാതിരിക്കാന്‍ ചുറ്റിയിരുന്ന തുണിയും പിന്നീട് ഓരോ അവയവങ്ങളും കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതും തുടര്‍ന്നുള്ള ഉദ്യോഗജനകമായ സംഭവങ്ങളുമാണ് സിനിമയുടെ രത്‌ന ചുരുക്കം.

2 ടെറ്റ്‌സുവോ: ദ അയണ്‍ മാന്‍ (Tetsuo: The Iron Man)

ലോഹദണ്ഡ് ശരീരത്തിലേക്ക് കുത്തിയിറക്കുന്നതിനായി ഒരാള്‍ സ്വന്തം തുടഭാഗം മുറിക്കുന്നതോടെയുള്ള രംഗമാവും ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ബോഡി ഹൊറര്‍ ചിത്രങ്ങളിലെ ഏറ്റവും അരോചകത്വമുള്ള തുടക്കം. ഷിന്യ സുകാമോട്ടോയുടെ ജാപ്പനീസ് ഹൊറര്‍ മൂവി ‘ടെറ്റ്‌സുവോ ദി അയണ്‍ മാനി’ന്റെ തുടക്കം അങ്ങനെയാണ്. ഷിന്യ സുകാമോട്ടോ തന്നെയാണ് ചിത്രത്തിന്റെ രചനവും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചത്.

തുട കുത്തിക്കീറുന്ന, ലോഹങ്ങളോട് ലൈംഗിക ആസക്തിയുള്ള കഥാപാത്രം തൊട്ടടുത്ത രംഗത്തില്‍ സ്വന്തം മുറിവില്‍ നിറഞ്ഞ പുഴുക്കളെ കണ്ട് ഭയന്നോടുന്നു. അതിനിടെ തെരുവില്‍ വെച്ച് ഒരു വ്യവസായിയുടെ വണ്ടിയിടിച്ച് ഇയാള്‍ കൊല്ലപ്പെടുന്നു. തൊമോറോവോ റ്റഗുച്ചിയാണ് വ്യവസായിയായി വേഷമിടുന്നത്. തുടര്‍ന്ന് മരിച്ചയാള്‍ ഈ വ്യവസായിയോട് ക്രൂരമായി പകപോക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നിരന്തരമുള്ള ആക്രണങ്ങള്‍ക്കൊടുവില്‍ വ്യവസായി പതിയെ ഒരു ഇരുമ്പുമനുഷ്യനായി മാറുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥ. അക്രമ-ലൈംഗിക രംഗങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രത്തില്‍, കഥാപാത്രത്തിനുണ്ടാകുന്ന സെക്ഷ്വല്‍ ഫാന്റസികളും കാമുകിയെ ആക്രമിക്കുന്നതും ആവിഷ്‌കരിച്ചിരിക്കുന്നു.

അയണ്‍മാനായുള്ള തഗുച്ചിയുടെ പ്രകടനം നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങി. പുത്തന്‍ സാങ്കേതിക വിദ്യകള്‍ മനുഷ്യന്‍ നിര്‍ബന്ധിതമായി സ്വാംശീകരിക്കുന്നത് പ്രതിഫലിപ്പിക്കുന്നതാണ് ചിത്രം എന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിരുന്നു.

3 ടീത്ത് (Teeth)

അമേരിക്കന്‍ കോമഡി ബോഡി ഹൊറര്‍ ചിത്രമായാണ് മിറ്റ്ച്ചല്‍ ലിച്ച്റ്റന്‍സ്‌റ്റെയിന്‍ കഥയൊരുക്കി സംവിധാനം ചെയ്ത ടീത്ത് വിലയിരുത്തപ്പെടുന്നത്. ആരാധകര്‍ ഏറ്റെടുത്ത ചിത്രം നടി ജെസ്സ് വെയിക്‌സ്ലെറുടെ കരിയര്‍ ബ്രേക്കായി. ജെസ് അവതരിപ്പിച്ച വജൈനയില്‍ പല്ലുകളുള്ള ഡൗണ്‍ ഒകീഫ് എന്ന കൗമാരക്കാരിയുടെ കഥയാണ് ടീത്ത്.

വൈവാഹികേതര ലൈംഗിക വര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്ന ക്രിസ്ത്യന്‍ ഗ്രൂപ്പിലെ അംഗമായിരുന്ന ഡൗണ്‍ ഒകീഫ്, ഗ്രൂപ്പിനെ മറ്റൊരംഗമായ ടോബെയുമായി പ്രണയത്തിലാവുകയും ഒരു ഘട്ടത്തില്‍ ടോബെയ് ഡൗണിനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഡൗണിന്റെ എതിര്‍പ്പുകള്‍ വകവെക്കാത്ത ടോബെയ് ബലം പ്രയോഗിച്ച് റേപ് ചെയ്യാന്‍ ശ്രമിച്ചു. കുതറിമാറാനുള്ള ശ്രമത്തിനിടെ ഡൗണിന്റെ വജൈന ആക്രമണത്തില്‍ ടോബെയിയുടെ ലിംഗം മുറിഞ്ഞു വീഴുകയും തുടര്‍ന്ന് തന്റെ വജൈനയില്‍ പല്ലുകളുള്ളതായി ഡൗണ്‍ മനസിലാക്കുകയും ചെയ്യുന്നു. പിന്നീട് ഡൗണിന്റെ ജീവിതത്തിലുണ്ടാകുന്ന പല സംഭവവികാസങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.

ഹൊറര്‍ സിനിമകള്‍ പൊതുവെ കന്യകാത്വത്തെ മഹത്വവല്‍ക്കരിക്കാറുണ്ട്. ലിച്ച്റ്റന്‍സ്‌റ്റെയിന്‍ പക്ഷേ, അക്കാര്യത്തെ സൂക്ഷ്മമായും ഭംഗിയായും മറികടക്കുന്നു എന്നതാണ് ടീത്തിന്റെ പ്രത്യേകത. ഡൗണിന്റെ വജൈനയിലെ പല്ല് അവളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരുടെ ലിംഗം മുറിക്കുമ്പോള്‍ത്തന്നെ, ഡൗണിന്റെ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് തടസമായി നില്‍ക്കുന്നില്ല. നൂറ്റാണ്ടിലെ മികച്ച ബോഡി ഹൊറര്‍ ചിത്രമായി ടീത്ത് ഇപ്പോഴും വിലയിരുത്തപ്പെടുന്നു.

4 വീഡിയോഡ്രോം (Videodrome)

ഡേവിഡ് ക്രോണന്‍ബെര്‍ഗ്‌ ബോഡി ഹൊറര്‍ ഴോണറുകള്‍ക്ക് തുടക്കമിട്ട് 1983ല്‍ തയ്യാറാക്കിയ കള്‍ട്ട് ക്ലാസിക് ചിത്രമാണ് വീഡിയോഡ്രോം. കാനഡയിലെ ഒരു ടെലിവിഷന്‍ സ്റ്റുഡിയോ പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. നഷ്ടത്തിലായിരുന്ന ടിവി ചാനലിനെ പുനരുദ്ധരിക്കാന്‍ ഒരുക്കുന്ന ‘വീഡിയോഡ്രോം’ എന്ന പരിപാടിയെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. റേറ്റിങിനുവേണ്ടി പരിപാടിയില്‍ ഉള്‍പ്പെടുത്തുന്ന ബോഡി ഹൊറര്‍ എലമെന്റ്‌സിലൂടെ ചിത്രം മുന്നേറുന്നു. ചുരുക്കത്തില്‍ ബോഡി ഹൊറര്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന ചാനല്‍ പ്രോഗ്രാമാണ് ഈ ബോഡി ഹൊറര്‍ മൂവി. പ്രോഗ്രാമിന്റെ റേറ്റിങ് ഉയര്‍ത്താനായി അതിഭീകര ടോര്‍ച്ചറും കൊലപാതവും വരെ വീഡിയോഡ്രോമില്‍ ഉള്‍പ്പെടുത്തുന്നതും പിന്നീടുണ്ടാവുന്ന സംഭവങ്ങളും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ചാനലിന്റെ പ്രസിഡന്റായ മാക്‌സ് റെന്‍ എന്ന കഥാപാത്രത്തെ ജയിംസ് വുഡ് മനോഹരമാക്കി.

പ്രോഗ്രാമിനുവേണ്ടിയുള്ള അലച്ചിലുകള്‍ക്കിടെ നായകനുണ്ടാകുന്ന മാനസിക വ്യതിയാനങ്ങളും ചിത്രത്തിന്റെ ഇതിവൃത്തത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രോണന്‍ബെര്‍ഗിന്റേതായി ഇന്നുവരെ ഇറങ്ങിയതില്‍വെച്ച് ഏറ്റവും ഭയാനകമായ സയന്‍സ് ഫിക്ഷന്‍ ബോഡി ഹൊറര്‍ ചിത്രമാണിത്.

5 സ്ലിഥര്‍ (Sliter)

അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ബ്ലാക് കോമഡി ഹൊറര്‍ ചിത്രമാണ് സ്ലിഥര്‍. ജെയിംസ് ഗണ്ണാണ് ചിത്രത്തിന് കഥയും സംവിധാനവും തയ്യാറാക്കിയത്. അന്യഗ്രഹ പരാന്ന ജീവി മനുഷ്യ ശരീരത്തില്‍ കയറിക്കൂടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായാണ് ചിത്രത്തില്‍. സൗത്ത് കരോലിനയിലെ ഒരു ചെറുനഗരത്തില്‍ നടക്കുന്ന സംഭവമായാണ് കഥാപരിസരം. ബോഡി ഹൊറര്‍ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തുന്ന കാണികളില്‍ വെറുപ്പും അറപ്പുമുളവാക്കുന്ന പുഴു, അതിന്റെ ലാര്‍വ, അവയുടെ വ്യാപനം, ആക്രമണം തുടങ്ങിയ എല്ലാ ചേരുവകളും സ്ലിഥറിലുമുണ്ട്. ഒപ്പം തന്റെ ട്രേഡ് മാര്‍ക്കായ നര്‍മ്മം കൂടി ചാലിച്ചാണ് ജെയിംസ് ഗണ്‍ ചിത്രമൊരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബോഡി ഹൊറര്‍ ഭീകരതകള്‍ കണ്ട് പേടിക്കാന്‍ കാത്തിരിക്കുന്ന പ്രേക്ഷകനെ കുലുക്കിച്ചിരിപ്പിക്കാനും ഗണ്ണിന് കഴിഞ്ഞു.

6 ദ ഫ്‌ളൈ (The Fly)

1986ല്‍ ഡേവിഡ് ക്രോണന്‍ബെര്‍ഗ് തന്നെ സംവിധാനം ചെയ്ത ചിക്രമാണ് ദ ഫ്‌ളൈ. ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ സ്‌പെഷ്യല്‍ സിനിമാറ്റിക് എഫക്ടുകളും നടന്‍ ജെഫ് ഗോള്‍ഡ് ബ്ലമ്മിന്റെ അഭിനയവും വലിയ കയ്യടികള്‍ക്ക് വഴിയൊരുക്കിയിരുന്നു. ക്രോണന്‍ബെര്‍ഗിന്റെ കരിയറിലെത്തന്നെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ സക്‌സസായിരുന്നു ചിത്രം. ജോണ്‍ ലങ്കേലാന്‍ 1957ല്‍ പ്ലേ ബോയ് മാഗസിനിലെഴുതിയ കഥയെ ആധാരമാക്കിയാണ് ക്രോണന്‍ബെര്‍ഗ് ദ ഫ്‌ളൈ ഒരുക്കിയത്. വിചിത്ര സ്വഭാവമുള്ള ശാസ്ത്രജ്ഞന്‍ തന്റെ കൈവിട്ടുപോയ പരീക്ഷണത്തിന്റെ ഫലമായി ഈച്ചയും മനുഷ്യനും ചേര്‍ന്ന സങ്കരജീവിയായി മാറുന്നു. അതിന് മുമ്പും പിമ്പുമായി നടക്കുന്ന വിവിധ പരീക്ഷണ-ആസക്തികളിലൂടെയാണ് ചിത്രം മുന്നേറുന്നത്. സാധാരണ കാണാറുള്ളതുപോലെ മറ്റേതോ യുഗത്തില്‍നിന്നോ ക്ലാസിക് നോവലുകളില്‍ നിന്നോ അന്യഗ്രഹത്തില്‍നിന്നോ അല്ലാതെ, സ്വന്തം പരീക്ഷണത്തിലൂടെ സ്വന്തം ശരീരത്തിലുണ്ടാകുന്ന ഭീകരജീവി എന്നതാണ് ‘ഫ്‌ളൈ’യെ വ്യത്യസ്തമാക്കുന്നത്.

7 റോ (Raw)

ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകൗമോറൗ 2016ല്‍ തയ്യാറാക്കിയ ഹൊറര്‍ ഡ്രാമയാണ് റോ. നടിമാരായ ഗരന്‍സ് മരില്ലെറും എല്ലാ റംഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സസ്യാഹാരിയായ ജസ്റ്റിന്‍ എന്ന യുവതി അവളുടെ വെറ്റിനറി സ്‌കൂളിലെ ആദ്യ വര്‍ഷത്തില്‍ മാംസം രുചിക്കുന്നതും തുടര്‍ന്ന് മാംസത്തോട് അമിത ആസക്തിയുണ്ടാകുന്നതുമാണ് റോയുടെ ഇതിവൃത്തം. കോളെജില്‍ വെച്ച് ജസ്റ്റിനോട് മുയലിന്റെ കിഡ്‌നി പച്ചയ്ക്ക് ഭക്ഷിക്കാന്‍ നിര്‍ബന്ധിതയാവുന്നു. ജസ്റ്റിന്‍ ഇത് നിരസിച്ചു. പിറ്റേന്ന് ശരീരത്തില്‍ ദുര്‍ഗന്ധത്തോടുകൂടിയ വൃണങ്ങള്‍ രൂപപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ജസ്റ്റിന്‍ ഒരു ഡോക്ടറുടെ ചികിത്സ തേടുന്നു. ഭക്ഷ്യവിഷബാധയേറ്റതാണെന്ന് കണ്ടെത്തിയ ഡോക്ടര്‍ ജസ്റ്റിന് ഒരു പുരട്ടാവുന്ന മരുന്ന കുറിച്ചുകൊടുത്തു. തൊട്ടടുത്ത ദിവസം മുതല്‍ ജസ്റ്റിന് മാംസത്തോട് അമിതമായ ആസക്തി തോന്നിത്തുടങ്ങുകയും റൂംമേറ്റായ അലെക്‌സിയയുടെ സഹായത്തോടെ ആരും കാണാതെ മാംസാഹാരം കഴിക്കുകയും ചെയ്തു. അതിലും തൃപ്തി വരാത്ത ജാസ്മിന്‍ പിറ്റേന്ന് രാവിലെത്തന്നെ പാകം ചെയ്യാത്ത കോഴിയിറച്ചി കഴിച്ചു. സ്വന്തം തലമുടി പോലും കഴിക്കാന്‍ തോന്നുന്ന തരം ആസക്തിയിലേക്ക് ജാസ്മിന്‍ അതിവേഗം മാറുന്നു. ലൈംഗിക ബന്ധത്തിനിടയിലെ ജെസ്റ്റിന്റെ മാംസാക്തി പങ്കാളിയുടെ നാക്ക് കടിച്ചുമുറിക്കുന്നതിലേക്കും ലൈംഗിക ബന്ധത്തിനിടെ സ്വന്തം കൈത്തണ്ടയിലെ മാംസം കഴിച്ച് ഓര്‍ഗാസം നേടുന്നതിലേക്കും എത്തുന്നു. പിന്നീട് ജസ്റ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും അപ്രതീക്ഷിതമായി കാമുകനെ ക്രൂരമായി കൊലപ്പെടുത്തുന്നതുമൊക്കെയാണ് കഥ.

സമൂഹത്തിന്റെ കണ്ണില്‍ നല്ല കുട്ടിയായിരുന്ന ജസ്റ്റിന്‍ പിന്നീട് അതേ സമൂഹത്തില്‍നിന്നു തന്നെ വലിച്ചെറിയപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യുന്നു. ചിത്രം തയ്യാറാക്കിയതിലൂടെ അന്നുവരെ പുരുഷ കേന്ദ്രീകൃതമായിരുന്ന ബോഡി ഹൊറര്‍ മേഖലയില്‍ ഡുകൗമോറൗ പുതിയ ഒരു അധ്യായം എഴുതിച്ചേര്‍ത്തു. ഡുകൗമോറൗയുടെ പുതിയ ബോഡി ഹൊറര്‍ ചിത്രം ടിറ്റനും വലിയ നിരൂപക പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്. ശരീരഭാഗങ്ങള്‍ക്ക് അംഗഭംഗം വരുത്തുന്നതും രക്തച്ചൊരിച്ചിലും നിറഞ്ഞ രംഗങ്ങളുള്ള ടിറ്റനെ ഈ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങള്‍ക്കിടയിലാണ് നിരൂപകര്‍ പ്രതിഷ്ഠിക്കുന്നത്.

8 റീ ആനിമേറ്റര്‍ (Re-Animator)

എച്ച്.പി ലവ്ക്രാഫ്റ്റ് 1922ല്‍ എഴുതിയ ചെറുകഥയെ ആധാരമാക്കി സ്റ്റ്വാര്‍ട്ട് ഗോര്‍ഡന്‍ തയ്യാറാക്കിയ ചിത്രമാണ് റീ ആനിമേറ്റര്‍. മരണാന്തരം ജീവിതത്തെ പുനരാവിഷ്‌കരിക്കുന്ന മെഡിക്കല്‍ സ്റ്റുഡന്റിന്റെ കഥയും തുടര്‍ന്നുള്ള സംഭവങ്ങളുമായാണ് ചിത്രം മുന്നോട്ടുനീങ്ങുന്നത്. ഹെര്ബര്‍ട്ട് വെസ്റ്റ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി തന്റെ പ്രൊഫസറുടെ ശവശരീരത്തിന് ലാബിലെ വിവിധ രാസപരീക്ഷണങ്ങള്‍ക്കൊടുവില്‍ ജീവന്‍ നല്‍കുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ക്കിടെ മരുന്നിന്റെ അമിതഡോസ് മൂലം ഭയാനകമായ പാര്‍ശ്വഫലങ്ങള്‍ മൃതശരീരത്തിനുണ്ടാവുകയും പ്രേതസമാനമായ സോംബിക്ക് സമാനമായ രൂപവും ഭാവവും കൈവരിക്കുകയും ചെയ്യുന്നു. ആദ്യം ഒരു പൂച്ചയിലാണ് വെസ്റ്റ് തന്റെ പരീക്ഷണം നടത്തുന്നത്. തുടര്‍ന്ന് പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ വെസ്റ്റും സുപൃത്ത് ഡാനും ചേര്‍ന്ന് നടത്തുന്നതും അതിനിടയിലെ സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

9 ദ തിങ് (The Thing)

മനോവിഭ്രാന്തി, ഭയം, ഏകാന്തത എന്നിവയുടെ സമ്മിശ്ര കൂട്ടാണ് ജോണ്‍ കാര്‍പെന്റര്‍ ‘ദ തിങ്ങി’ല്‍ ഒരുക്കിയിരിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ ഗവേഷണം നടത്തുന്ന അമേരിക്കന്‍ ഗവേഷക സംഘത്തിനിടയിലേക്ക് നായയുടെ വേഷം ധരിച്ച അന്യഗ്രഹ ജീവി നുഴഞ്ഞുകയറുന്നതും സംഘത്തിലെ ഓരോരുത്തരെയായി കൊല്ലുന്നതുമാണ് ചിത്രം. രക്ഷപെട്ടവരുടെ അതിജീവന ശ്രമത്തിന്റെകൂടി കഥയാണിത്.

ചിത്രം പ്രദര്‍ശനത്തിനെത്തിയ ആദ്യ ഘട്ടത്തില്‍ പ്രേക്ഷകരും നിരൂപകരും രക്തച്ചൊരിച്ചിലുകള്‍ക്കും വയലന്‍സിനുമപ്പുറം ഒന്നുമില്ലെന്ന്് എഴുതിത്തള്ളി. ദ തിങ് സാമ്പത്തികമായും പരാജയപ്പെട്ടു. എന്നാല്‍, പിന്നീടങ്ങോട്ട് എക്കാലത്തെയും മികച്ച ഹൊറര്‍ സിനിമ എന്ന പട്ടികയില്‍ ഇടംകണ്ടെത്തി. സസ്‌പെന്‍സും മെസേജും കോര്‍ത്തിണക്കി തയ്യാറാക്കിയ മികച്ച സിനിമയെ നിരൂപകര്‍ പിന്നീട് തിരുത്തി വായിച്ചു.

ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ ഒരുക്കിയിരിക്കുന്ന രീതി സിനിമാ ചരിത്രത്തിലെ തന്നെ വ്യത്യസ്തത നിറഞ്ഞതാണെന്നും നിരീക്ഷണമുണ്ടായി. ഈ അന്യഗ്രഹ ജീവിയെയാണ് ചിത്രത്തില്‍ ‘തിങ്’ എന്ന് വിളിക്കുന്നത്. മറ്റ് ജീവികളെ അനുകരിക്കുകയും അവയുടെ രൂപം പേറാന്‍ സാധിക്കുകയും ചെയ്യുന്ന അന്യഗ്രഹജീവിയുടെ ആക്രമണം ഗവേഷണ സംഘത്തെ ഭ്രാന്തമായ മാനസികാവസ്ഥകളിലേക്ക് കടത്തിവിടുന്നു. ഹൊറര്‍ ഴോണറിലെ ലെജന്‍ഡ് എന്നറിയപ്പെടുന്ന ജോണ്‍ കാര്‍പെന്റര്‍, നടന്മാരായ കര്‍ട്ട് റസ്സല്‍, കെയ്ത് ഡേവിഡ് എന്നീ മൂവര്‍ സംഘം ചിത്രത്തെ എണ്‍പതുകളിലെ വേറിട്ട അനുഭവമാക്കി ഇന്നും നിലനിര്‍ത്തുന്നു.

10 ദ ബ്രൂഡ് (The Brood)

1979ല്‍ ഡേവിഡ് ക്രോണന്‍ബെര്‍ഗ്‌ എഴുതി സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ബോഡി ഹൊറര്‍ ചിത്രമാണ് ദ ബ്രൂഡ്. ഒലിവര്‍ റീഡും സമാന്ത എഗ്ഗറും ആര്‍ട്ട് ഹിന്‍ഡിലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിവാദമായ തെറാപ്പി ചികിത്സകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച മനശാസ്ത്രജ്ഞനും വിവാഹ ബന്ധം വേര്‍പിരിയേണ്ടി വന്ന ഫ്രാങ്ക് കാര്‍വെത്തിന്റെയും അയാളുടെ മാനസിക അസ്വസ്ഥതകള്‍ നേരിടുന്ന മുന്‍ ഭാര്യ നോളയുടെയും അവരുടെ മകള്‍ കാന്‍ഡിയുടെയും കഥയാണ് ദ ബ്രൂഡ്. ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. മനസിന്റെ ആഴങ്ങളില്‍ പതിഞ്ഞുപോയ വേദനകളെ ശരീരത്തില്‍ മുറിവകളോടുകൂടിയ മാറ്റങ്ങളുണ്ടാക്കി പരിഹാരം കണ്ടെത്തുന്ന മാനസികാരോഗ്യ വിദഗ്ധന്റെ സൈക്കോപ്ലാസ്മിക്‌സ് എന്ന ചികിത്സാ രീതിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

ചെറുപ്പത്തില്‍ അച്ഛനമ്മമാരില്‍നിന്നും മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്ന നോളയ്ക്കുവേണ്ടി അവളുടെ വയറിന് പുറത്തുള്ള ഗര്‍ഭപാത്രത്തില്‍നിന്നും ജനിക്കുന്ന പൊക്കിള്‍ച്ചുഴികളില്ലാത്ത ‘വിരൂപികളായ കുഞ്ഞുങ്ങള്‍’ പ്രതികാരം ചെയ്യുന്നതാണ് കഥ. നോളയുടെ അമ്മയെയും അച്ഛനെയും പിന്നീട് മാനസികാരോഗ്യ വിദ്ഗധനെയും ഈ കുട്ടികള്‍ ക്രൂരമായി കൊല്ലുന്നു. ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥാതന്തു പുരോഗമിക്കുന്നത്. വയറിന് പുറത്തുണ്ടാകുന്ന ഇത്തരം രക്തംപുരണ്ട ഭ്രൂണങ്ങളെ നോള നാവുകൊണ്ട് ഉഴിയുന്ന രംഗങ്ങള്‍ സെന്‍സര്‍ ചെയ്താണ് പ്രദര്‍ശനത്തിനെത്തിയത്. ഈ സംഭവങ്ങള്‍ക്കിടെ കാന്‍ഡിക്കുണ്ടാക്കുന്ന മാനസികാഘാതങ്ങളും വൈകാരിക തലങ്ങളും ചിത്രത്തില്‍ വരച്ചുകാണിക്കുന്നുണ്ട്.

UPDATES
STORIES