നായക കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള കഥയ്ക്ക് ആഴവും പരപ്പും കൂട്ടുക എന്നതാവും കഴിഞ്ഞ കാലങ്ങളിലെ വില്ലന്‍ സങ്കല്പങ്ങളില് ഭൂരിഭാഗവും. ദുഷ്ടത നിറഞ്ഞ ചെയ്തികളിലൂടെ വെറുക്കപ്പെടുന്ന വില്ലനെയാണ് നമുക്ക് പരിചയവും. എന്നാല്‍, സമീപ കാലങ്ങളിലായി ഈ വില്ലന്‍ സൃഷ്ടിയില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍, സിനിമയുടെ, ആ കഥയുടെ നട്ടെല്ലായി വില്ലന്‍ അല്ലെങ്കില്‍ പ്രതിനായക വേഷങ്ങള്‍ മാറിക്കഴിഞ്ഞു. പ്രതിനായകന്റെ സ്വഭാവപഠനത്തിലൂന്നിയുള്ള ഒരു പ്രവണത ലോക സിനിമയില്‍ത്തന്നെ ഉണ്ടായിട്ടുണ്ട്. അതിന്റെ അലയൊലികള്‍ മലയാള സിനിമയിലും ഉണ്ടാവുന്നുണ്ട്. പ്രതിനായക കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള കഥകള്‍ക്കൊപ്പം തന്നെ അത്തരം വേഷം ചെയ്യാന്‍ താരമൂല്യമുള്ള അഭിനേതാക്കള്‍ മുന്നിട്ടിറങ്ങുന്നു എന്ന മാറ്റവും സംഭവിച്ചു കഴിഞ്ഞു. 2021ല്‍ മലയാളത്തില്‍ മികച്ചുനിന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ ചിലത് ഇതാ.
ഓപ്പറേഷന് ജാവ- മൈക്കിള്‍ പാസ്കല്‍

കാണികളിലേക്ക് പേടിയുടെ വേരാഴ്ത്താന്‍ ചിലപ്പോഴെങ്കിലും നായകരോടൊപ്പം നിന്ന് മുഴുനീളന്‍ ഡയലോഗുകള്‍ പറയുന്ന വില്ലന്‍ വേഷങ്ങള്‍ ആവശ്യമില്ലെന്നുവരും. അതിന് ഒരു മികച്ച ഉദാഹരണമാണ് ഓപ്പറേഷന് ജാവയിലെ ശരത് തേനുമൂല അവതരിപ്പിച്ച വെള്ളയന്‍ എന്ന വില്ലന്‍ കഥാപാത്രം. ചുരുങ്ങിയ ഡയലോഗും കുറഞ്ഞ സമയവും കൊണ്ട് ശരത് വില്ലന്‍ കഥാപാത്രത്തിന്റെ മട്ടുംഭാവവും പേറി. ഓപ്പറേഷന് ജാവ കണ്ടവരാരും ശരത് തേനുമൂലയുടെ വെള്ളയന്‍ എന്ന വിളിപ്പേരുള്ള മൈക്കിള്‍ പാസ്കലിനെ മറക്കില്ല.
മാലിക്- പി.എ അബൂബക്കര്‍

വില്ലനെ നായകന്റെ സുഹൃത്തായി അവതരിപ്പിച്ച് തുടങ്ങുന്ന തരം കഥാപാത്ര നിര്‍മ്മിതികള്‍ മലയാളികള്‍ അപരിചിതമല്ല. അവസാന നിമിഷത്തില്‍ മാത്രം കേന്ദ്രബിന്ദു അയാളാവുകയും താനാണ് കഥയിലെ യഥാര്‍ത്ഥ വില്ലനെന്ന് തെളിയിക്കുകയും ചെയ്യും. മഹേഷ് നാരായണന്റെ മാലിക്കില്‍ ദിലീഷ് പോത്തന് അവതരിപ്പിച്ച പി.എ അബൂബക്കര്‍ എന്ന പൊതുപ്രവര്ത്തകന് അത്തരമൊരു വില്ലനാണ്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയായി ആദ്യപകുതിയില്‍ നിറഞ്ഞാടുന്ന അബൂബക്കര്‍ ഏതാണ്ട് ക്ലൈമാക്സിനോടടുത്തു മാത്രമാണ് തന്റെ വില്ലന്‍ ക്യാരക്ടറിനെ മറനീക്കി പുറത്തെത്തിക്കുന്നത്. വില്ലനായുള്ള ദിലീഷ് പോത്തന്റെ അഭിനവും മികച്ചതായിരുന്നു.
ജോജി

ദിലീഷ് പോത്തന്റെ സംവിധാനത്തിലൂടെയും ശ്യാം പുഷ്കരന്റെ കഥയിലൂടെയും ജനിച്ചു വളര്‍ന്ന ജോജി എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ഫഹദ് ഫാസില്‍ പൂര്‍ണതയിലെത്തിച്ചു. ഷേക്സ്പിയറിന്റെ മാക്ബത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജോജി തയ്യാറായതെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. അപ്പന്റെ സര്വ്വാധികാരത്തോട് മടുപ്പുള്ള ജോജിയെ ഫഹദ് അടിമുടി അവതരിപ്പിച്ച് ഫലിപ്പിച്ചു.
കുറുപ്പ്- ഭാസിപ്പിള്ള

സിനിമ ആവശ്യപ്പെടുന്ന സ്വഭാവത്തിന്റെ പൂര്‍ണതയിലേക്ക് സ്വയം മാറ്റാന്‍ കഴിവുറ്റ നടന് തന്നെയാണ് താനെന്ന് ഷൈന്‍ ടോം ചാക്കോ ഒരിക്കല്‍ക്കൂടി തെളിയിച്ച ചിത്രമാണ് കുറുപ്പ്. ചിത്രത്തില്‍ ഷൈന്‍ ഭാസിപ്പിള്ള എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുകയും യഥാര്‍ത്ഥ വില്ലനായ കുറുപ്പിന്റെ സുഹൃത്തായി മികച്ച പ്രകടനം നടത്തുകയും ചെയ്തു. ചിത്രത്തില്‍ ഒരുപക്ഷേ, നായകനേക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന പ്രകടനം.
നായാട്ട്- ബിജു

കലിപ്പന് ബിജുവെന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന ബിജു ചെറിയൊരു സ്ക്രീന്‍ ടൈം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ആ കലിപ്പന് ബിജുവിനെ നടന് ദിനേഷ് പി വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ച് പ്രേക്ഷകപ്രശംസ നേടി. നായാട്ട് പുറത്തിറങ്ങിയതുമുതല്‍ നെഗറ്റീവ് ഷേഡുള്ള ഈ കഥാപാത്രത്തെ ആളുകള്‍ ശ്രദ്ധിക്കുകയും പിന്നീട് കഥാപാത്രം ചര്‍ച്ചയാവുകയും ചെയ്തു.
കുരുതി -ലായ്ഖ്

ചിത്രത്തിന്റെ റിലീസസിന് മുമ്പ് ഒരുഘട്ടത്തില്‍പ്പോലും പ്രതിനായക റോളിലേക്കെത്തുന്നത് പൃഥ്വിരാജാവും എന്ന സൂചന അണിയറ പ്രവര്‍ത്തകര്‍ നല്‍കിയതുമില്ല, പ്രേക്ഷകര്‍ പ്രതീക്ഷിച്ചതുമില്ല. പൃഥ്വിരാജിന്റെ ലായ്ഖ് എന്ന കഥാപാത്രം അവസാനം വരെ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍നിര്‍ത്തിയാണ് മുന്നേറുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സമാനതകളില്ലാത്ത വില്ലനായി ലായ്ഖിനെ വിശേഷിപ്പിക്കാം.
കുരുതി – ഉമര്‍

വില്ലനെക്കുറിച്ചുള്ള നേര്‍ത്ത വിവരങ്ങളിലൂടെപ്പോലും പ്രേക്ഷകരുടെയുള്ളില്‍ ഭയം വിതച്ചെത്തുന്ന തരം കഥാപാത്ര സൃഷ്ടിയാണ് കുരുതിയിലേത്. ചിത്രത്തില്‍ നവാസ് വള്ളിക്കുന്ന അവതരിപ്പിച്ച ഉമര്‍ എന്ന കഥാപാത്രത്തിന്റെ വരവുമുതല്ക്കേ കാണികളില്‍ ഒരു ഭയം ഉടലെടുക്കുന്നുണ്ട്. സിനിമയിലുടനീളം ഉമര്‍ നിശബ്ദനാണ്, എന്നിരുന്നാലും ഭാവപ്രകടനത്തിലൂടെയും ചേഷ്ടകളിലൂടെയും ഒരു ഭയം കാണികളിലേക്ക് കൈമാറുന്നുണ്ട് ഈ കഥാപാത്രം.
കുറുപ്പ്- സുകുമാര കുറുപ്പ്

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രത്തില്‍ റിയല്‍ ലൈഫ് വില്ലനെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. ചിത്രത്തിലുടനീളം തന്റെ താരപദവിയും കുറുപ്പെന്ന വില്ലനും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ ഇടവരാത്തത്ര സൂക്ഷ്മതയോടെയാണ് ദുല്‍ഖര്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. യഥാര്‍ത്ഥ കഥ സിനിമയാകുമ്പോള്‍, കേന്ദ്രകഥാപാത്രത്തിന്റെ സ്വഭാവത്തില്‍ വില്ലത്തരങ്ങള്‍ നിറഞ്ഞ് നില്ക്കുമ്പോള്, ആ കേന്ദ്രകഥാപാത്രത്തെ താരമൂല്യമുള്ള നടന് അവതരിപ്പിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിനും സിനിമാറ്റിക് ഘടകങ്ങള്‍ക്കുമിടയില്‍ സംവിധായകനും തിരക്കഥാകൃത്തും വലിയ മിടുക്ക് കാണിക്കേണ്ടതുണ്ട്. സിനിമയുടെ കൊമേഴ്സ്യല്‍ ഘടകങ്ങളെ ഉള്ക്കൊണ്ടുതന്നെയുള്ള അവതരണത്തിലൂടെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനും തന്റെ ഗ്രാഫ് ഉയര്‍ത്തി.
മിന്നല്‍ മുരളി- ഷിബു

നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം തുടരുന്ന മിന്നല്‍ മുരളിയില്‍ ഷിബുവായി എത്തിയ ഗുരു സോമസുന്ദരമാണ് ഈ വര്‍ഷമെത്തിയ മികച്ച പ്രതിനായകരില്‍ ഒടുവിലത്തേത്. ആന്റഗോണിസ്റ്റ് വില്ലനാകണം എന്ന് ശാഠ്യം പിടിക്കാതെ പ്രതിനായകനാക്കി അവതരിപ്പിച്ചു എന്ന മാറ്റത്തെ പോസിറ്റീവായി കാണാവുന്നതാണ്. ഷിബുവിനേയും ജെയ്സണേയും അടിച്ചത് ഒരേമിന്നലാണ്. രണ്ടുപേര്‍ക്കും തുല്യശക്തികളാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ആ ശക്തികളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഒരാളെ നായകനും മറ്റേയാളെ പ്രതിനായകനുമാക്കുന്നത്. ജോക്കര്‍ എന്ന അതിപ്രശസ്ത ‘വില്ലനോ’ട് തോന്നിയ സ്നേഹം തന്നെയാണ് മിന്നല്‍ മുരളി കാണുന്നവര്‍ക്ക് ഷിബുവിനോടും തോന്നുന്നത്. അയാളുടെ വഴി തെറ്റാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ അയാളെ മനുഷ്യനായി കാണാന്‍ സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്.