അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ: ഭാവന

അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകളറിയിച്ച് മലയാളികുളുടെ പ്രിയ താരം ഭാവന. ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു ഭാവന. വലിയ കരഘോഷങ്ങളോടെയാണ് ചടങ്ങിനെത്തിയവർ ഭാവനയെ സ്വീകരിച്ചത്.

“നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്നവർക്കും ലിസയെപ്പോലെ അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും എന്റെ എല്ലാ വിധ ആശംസകളും,” ഭാവന പറഞ്ഞു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു വേദിയില്‍ എത്തുന്നതെന്നും പിന്തുണ നല്‍കിയ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഭാവന പറഞ്ഞു.

ചലച്ചിത്രോത്സവത്തിന്റെ ഉത്ഘാടന വേദിയില്‍ തന്നെ ക്ഷണിച്ച കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, മേളയുടെ ആർറ്റിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ എന്നിവര്‍ക്ക് ഭാവന നന്ദി അറിയിച്ചു.

‘പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം’ എന്ന് വിശേഷിപ്പിച്ചാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത് ഭാവനയെ വേദിയിലേക്കു സ്വാഗതം ചെയ്തത്. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുൺ പൂക്കൾ നൽകി ഭാവനയെ സ്വീകരിച്ചു.

UPDATES
STORIES