‘ആ മുറിവിലൂടെയാണ് വെളിച്ചം അകത്തെത്തുന്നത്’; മഞ്ജുവിന്റെ ക്യാമറയിൽ ഭാവന

മലയാള സിനിമയിലെ താര സൗഹൃദങ്ങളിൽ എടുത്തു പറയേണ്ട പേരുകളാണ് മഞ്ജു വാര്യരുടേയും ഭാവനയുടേയും. സഹപ്രവർത്തകർ എന്നതിലുപരി അടുത്ത സുഹൃത്തുക്കളുമാണ് ഇവർ. ഇന്ന് മഞ്ജു പകർത്തിയ തന്റെ മനോഹരമായൊരു ചിത്രമാണ് ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

“നമ്മളെല്ലാം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത്,” എന്ന ഏർണസ്റ്റ് ഹെമിംവേയുടെ വാക്കുകളാണ് ചിത്രത്തോടൊപ്പം ഭാവന കുറിച്ചിരിക്കുന്നത്.

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നെങ്കിലും ഇപ്പോൾ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് ഭാവന. കന്നഡ സിനിമകളിൽ താരം ഇപ്പോഴും സജീവമാണ്. ഒരു അഭിമുഖത്തിൽ ഇതേ കുറിച്ചുള്ള ചോദ്യത്തിന്, തനിയ്ക്ക് ഇനി പേരിനും പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി സിനിമ ചെയ്യേണ്ടതില്ല, നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം എന്നായിരുന്നു ഭാവനയുടെ മറുപടി.

മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വമാണെന്നും തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നതെന്നും ഭാവന പറഞ്ഞിരുന്നു. തന്റെ മനഃസമാധാനത്തിന് വേണ്ടിയാണ് ആ തീരുമാനം. ഇപ്പോള്‍ കന്നഡയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഭാവന വ്യക്തമാക്കിയിരുന്നു.

UPDATES
STORIES