‘നിങ്ങള്‍ തകര്‍ത്തു കളഞ്ഞതിനെ നന്നാക്കാൻ തിരഞ്ഞെടുത്ത വഴിയെ കുറിച്ച് എനിക്ക് ഖേദമില്ല,’ എന്ന കുറിപ്പും തന്റെ മനോഹരമായ വര്‍ക്കൗട്ട് ചിത്രങ്ങളും പങ്കുവച്ചാണ് നടി ഭാവന ഇക്കുറി അന്താരാഷ്ട്ര വനിതാദിനത്തില്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ആശംസകള്‍ നേരുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് കഴിഞ്ഞദിവസം പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്തിന് നല്കിയ അഭിമുഖത്തില്‍ ഭാവന തുറന്നുപറച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കടന്നു പോയ അവസ്ഥകളെ കുറിച്ചും കോടതി മുറിയില്‍ താന്‍ തെറ്റുകാരില്ല എന്നു തെളിയിക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചും തന്റെ വേദനകളെ കുറിച്ചും ഭാവന അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
‘തകര്‍ന്നു പോയ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനി മുന്നോട്ട് പോകാന്‍ വയ്യെന്നും ഈ പോരാട്ടം അവസാനിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണം എന്നും കരുതിയിട്ടുണ്ട്. എന്നാല്‍ എന്റെ പോരാട്ടം നിശബ്ദരാക്കപ്പെട്ട നിരവധി സ്ത്രീകള്‍ക്കു വേണ്ടിയുള്ളതാണെന്ന ഓര്‍മപ്പെടുത്തല്‍ മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചു. 2020ല്‍ വിചാരണ ആരംഭിച്ചു. കോടതിയില്‍ പോയ 15 ദിവസങ്ങള്‍ വളരെ ട്രൊമാറ്റിക് ആയിരുന്നു. അവസാനദിവസത്തെ ഹിയറിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ഇരയല്ല, സര്‍വൈവര്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു.”
കള്ളക്കേസ് ആണെന്നും താനാണ് തെറ്റുകാരിയെന്നും പലരും പ്രചരിപ്പിച്ചുവെന്നും എന്നാല്‍ ഈ ഘട്ടങ്ങളിലെല്ലാം തനിക്കൊപ്പം നിന്ന ഭര്‍ത്താവ്, കുടുംബം, സുഹൃത്തുക്കള്‍, പൊതുജനം എന്നിവരോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ടെന്ന് അവര്‍ പ്രതികരിച്ചു. കേസിന്റെ അന്തിമ ഫലം എന്തു തന്നെയായാലും പോരാടാനാണ് തന്റെ തീരുമാനമെന്നും ഭാവന വ്യക്തമാക്കി.