എന്നെ പിന്തുണച്ചവര്‍ക്കും സിനിമയില്‍ അവസരമില്ലാതായി, ചിലരുടെ നിലപാട് മാറ്റം വേദനിപ്പിച്ചു: ഭാവന

സിനിമയിലെ സ്ത്രീ സൗഹൃദങ്ങള്‍ തനിക്ക് വളരെ പ്രധാനമാണെന്നും ഇതില്‍ പലരുമായും താന്‍ ദിവസവും സംസാരിക്കാറുണ്ടെന്നും ഭാവന. തനിക്കൊപ്പം നിന്നതിന്‌റെ പേരില്‍ തന്‌റെ പല പെണ്‍സുഹൃത്തുക്കള്‍ക്കും സിനിമയില്‍ അവസരമില്ലാതായി. അത് വല്ലാതെ വേദനിപ്പിച്ചു എന്നും ഭാവന പറഞ്ഞു. ദി ന്യൂസ് മിനിറ്റ് എഡിറ്റര്‍ ധന്യ രാജേന്ദ്രന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ തുറന്നു പറച്ചില്‍. അതേസമയം തുടക്കത്തില്‍ തനിക്കൊപ്പം നിന്ന പലരും പിന്നീട് നിലപാട് മാറിയത് വേദനിപ്പിച്ചു എന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

‘വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് എനിക്കൊപ്പം ഉറച്ചു നിന്നു. എന്നെ പിന്തുണച്ചതിന്‌റെ പേരില്‍ അവരില്‍ പലര്‍ക്കും സിനിമയില്‍ അവസരം നഷ്ടപ്പെട്ടത് വളരെ വേദനിപ്പിക്കുന്ന കാഴ്ചയാണ്. അഞ്ജലി മേനോനും ദീദി ദാമോദരനും എനിക്ക് ബലം തന്നു. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിത നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായ്, കനി കുസൃതി തുടങ്ങിവയര്‍ എനിക്കൊപ്പം നിന്നു.’

ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്ന എന്നിവരോട് താന്‍ ദിവസവും സംസാരിക്കാറുണ്ടെന്നും രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന തുടങ്ങിയവര്‍ തന്‌റെ സുഖവിവരങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു എന്ന് മെസ്സേജ് അയക്കാറുണ്ടെന്നും ഭാവന പറഞ്ഞു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നല്‍കിയ ഒരാളാണെന്നും ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതുപോലെ അവര്‍ തനിക്ക് വേണ്ടി ഒന്നിലധികം സ്ഥലങ്ങളില്‍ സംസാരിച്ചുവെന്നും ഭാവന പറഞ്ഞു.

പരാതി കൊടുക്കാന്‍ തന്നെ സഹായിച്ച എംഎല്‍എ പി.ടി തോമസിനേയും ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു എന്ന് ഭാവന പറഞ്ഞു.

പൃഥ്വിരാജ്, സംവിധായകന്‍ ജിനു എബ്രഹാം, ഷാജി കൈലാസ് എന്നിവര്‍ മലയാളത്തിലേക്ക് തിരിച്ചു വരണം എന്ന് ആവശ്യപ്പെട്് തന്നെ സമീപിച്ചിരുന്നു എന്നും നടന്‍ ബാബുരാജ് ബംഗളുരുവില്‍ വന്ന് തന്നെ കണ്ട് സംഭവിച്ചതില്‍ നിന്നെല്ലാം പുറത്ത് കടന്ന് മുന്നോട്ട് വരണമെന്ന് പറയുകയും ചെയ്തിരുന്നു. അനൂപ് മേനോന്‍ തനിക്ക് വേണ്ടി ഷൂട്ടിങ് ബെംഗളൂരുവിലേക്ക് മാറ്റാമെന്ന് പറയുകയും നടന്‍ നന്ദു, സംവിധായകന്‍ ഭദ്രന്‍ എന്നിവര്‍ തനിക്കൊപ്പം നില്‍ക്കുകയും ചെയ്‌തെന്ന് അഭിമുഖത്തില്‍ ഭാവന പറഞ്ഞു. തൃശൂരില്‍ ഷൂട്ടിങ് നടക്കുന്നതിനിടയില്‍ നടന്‍ ജയസൂര്യ തന്റെ പിറന്നാള്‍ ദിവസം കേക്കുമായി വീട്ടില്‍ വന്ന് തന്നെ കുറേ പ്രചോദിപ്പിക്കാന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്നും ഭാവന പറഞ്ഞു.

UPDATES
STORIES