വലിയ ബഹളങ്ങളൊന്നുമില്ലാതെ വന്ന് തിയേറ്ററുകളില്‍ കൈയടി വാങ്ങിക്കൊണ്ടിരിക്കുന്ന സിനിമയാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി. സിനിമ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഭീമന്റെ ഒട്ടും സ്റ്റീരിയോടൈപ്പല്ലാത്ത പെണ്ണുങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്. തിയേറ്ററില്‍ കൗണ്‍സിലര്‍ റീത്തയെ കണ്ട് മിക്ക പ്രേക്ഷകരും പറഞ്ഞത് ‘ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്നാണ്. ചിലപ്പോള്‍ നമ്മുടെയൊക്കെ വീടിനടുത്തായിരിക്കും. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവുമായി റീത്ത ഉതുപ്പ് എന്ന കഥാപാത്രമായി നിറഞ്ഞാടിയ ദിവ്യ എം നായര്‍ സൗത്ത്റാപ്പിനൊപ്പം ചേരുന്നു.
സിനിമ കണ്ടവരെല്ലാം കൗണ്‍സിലര്‍ റീത്തയോട് ചോദിക്കുന്നത് എവിടെയായിരുന്നു ഇത്രയും കാലം എന്നാണല്ലോ?

ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. ആര്‍ജെ ആയിരുന്നു, ടെലിവിഷന്‍ അവതാരകയായിരുന്നു, പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കരിക്കിലെ ചേച്ചി കഥാപാത്രം ഭയങ്കരമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിന്നെ ഇരുപതിലധികം സിനിമകള്‍ ഇതുവരെ ചെയ്തിട്ടുണ്ട്. പക്ഷെ ഭീമന്റെ വഴി കണ്ടവരെല്ലാം എന്നോട് ചോദിക്കുന്നത് ആദ്യത്തെ സിനിമയാണോ എന്നാണ്. അതില്‍ എനിക്ക് പരാതിയൊന്നും ഇല്ല. ഓര്‍ത്തുവയ്ക്കാന്‍ പാകത്തിനുള്ള കഥാപാത്രങ്ങളൊന്നും ഇതിനുമുന്‍പ് ഞാന്‍ ചെയ്തിട്ടില്ല. ജിസ് ജോയ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ബൈസിക്കിള്‍ തീവ്സ് എന്ന ആസിഫ് അലി ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. അതിനു മുന്‍പ് ഞാന്‍ ടെലിവിഷന്‍ അവതാരകയും ആര്ജെയുമൊക്കെ ആയിരുന്നു. ചാനലില്‍ ജോലി ചെയ്യുമ്പോഴാണ് ജിസ്സിനെ പരിചയപ്പെടുന്നത്. പക്ഷെ ബൈസിക്കിള്‍ തീവ്സ് കഴിഞ്ഞപ്പോഴും തുടര്‍ന്ന് അഭിനയിക്കുക എന്നൊരു തീരുമാനം എടുത്തിരുന്നില്ല. സംഭാഷണങ്ങള്‍ കാണാതെ പഠിക്കുകയും അത് തെറ്റിയാല്‍ സംവിധായകന്റെ കൈയില്‍ നിന്ന് വഴക്ക് കേള്‍ക്കുന്നതുമൊന്നും എനിക്ക് ചിന്തിക്കാന്‍ വയ്യാത്ത കാര്യങ്ങളാണ്.
എങ്ങനെയാണ് ‘ഭീമന്റെ വഴി’യിലേക്ക് എത്തുന്നത്?
ചെമ്പന്‍ വിനോദ് ജോസ് വഴിയാണ് ഞാന്‍ ഭീമനിലേക്ക് എത്തുന്നത്. ചെമ്പന്‍ ചേട്ടനൊപ്പം ‘മറഡോണ’ ഉള്‍പ്പെടെ നേരത്തെ മൂന്ന് സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. മൂന്നാമത്തെ സിനിമ ചെയ്യുന്ന സമയത്ത് ചെമ്പന്‍ ചേട്ടന് എന്നെ വിളിച്ച് പറഞ്ഞു ഒരു പ്രൊജക്ട് വരുന്നുണ്ട്. കുറച്ച് ഫോട്ടോസ് അയച്ചു തരണം എന്ന് ആവശ്യപ്പെട്ടു. വളരെ അപ്രതീക്ഷിതമായാണ് എനിക്ക് അദ്ദേഹത്തിന്റെ ഫോണ്‍ വന്നത്. ‘ഹെലോ, ഞാന്‍ ചെമ്പനാണ്,’ എന്നു പറഞ്ഞപ്പോള്‍ ഞാനൊന്ന് ഞെട്ടി. കാരണം അദ്ദേഹം എന്നെ വിളിക്കേണ്ട യാതൊരു കാര്യവുമില്ല. മൂന്ന് സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ടെങ്കിലും അത്ര അടുപ്പം ഒന്നും ഇല്ലായിരുന്നു. ചെന്ന് പരിചയപ്പെടാനുള്ള ധൈര്യം എനിക്കും ഉണ്ടായിട്ടില്ല. പൊതുവേ ആരുമായും അത്ര അടുപ്പം വച്ചുപുലര്‍ത്തുന്ന ആളല്ല ഞാന്‍. എല്ലാവരുമായും ഒരു നിശ്ചിത അകലം പാലിക്കുന്ന കൂട്ടത്തിലാണ്. ചെമ്പന്‍ ചേട്ടന് ഞാന്‍ ഫോട്ടോസ് കൊടുത്തു. പിന്നെ പുള്ളി വിളിച്ച് നേരില്‍ കാണാം എന്നു പറഞ്ഞു. ആ സമയത്ത് അദ്ദേഹം വര്‍ക്ക് ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് ഞാന്‍ പോയി. അവിടെ വച്ച് എനിക്ക് മുഴുവന്‍ കഥയും പറഞ്ഞു തന്നു.

ചെമ്പന്‍ ചേട്ടന്റെ നാട്ടില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ആ കഥയും എന്നോട് പറഞ്ഞു. അവിടെയുണ്ടായിരുന്ന കൗണ്‍സിലറുടെ ഫോട്ടോ കാണിച്ചു തന്നു. പക്ഷെ അവരുടെ സ്വഭാവവും സിനിമയില്‍ ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ സ്വഭാവവും ഒന്നല്ല. ചെമ്പന്‍ ചേട്ടന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് എനിക്ക് നല്ല തടിയുണ്ടായിരുന്നു. അത് കണ്ടാണ് അദ്ദേഹം എന്നെ വിളിപ്പിച്ചത്. പക്ഷെ കഥ കേള്‍ക്കാന്‍ പോയ സമയത്ത് എന്റെ തടിയൊക്കെ കുറഞ്ഞിരിക്കുകയായിരുന്നു. ‘നിനക്ക് വണ്ണമുണ്ടായിരുന്ന സമയത്താണ് നിന്നെ മനസില്‍ കണ്ട് ഞാന്‍ ഈ കഥാപാത്രം എഴുതിയത്. ഇതിപ്പോള്‍ നീ മെലിഞ്ഞു പോയല്ലോ. ഒരു നാല്‍പ്പത്തിയഞ്ച് വയസ് തോന്നിക്കണം,’ എന്ന് അദ്ദേഹം പറഞ്ഞു. തടികൂട്ടാം, പക്ഷെ സ്കൂട്ടര്‍ ഓടിക്കാന്‍ എനിക്ക് അറിയില്ല എന്ന് ഞാന്‍ പറഞ്ഞു. ‘സ്കൂട്ടറോടിക്കണം. റീത്ത ഉതുപ്പ് ആ ഇടവഴിയില്‍ക്കൂടെ സ്കൂട്ടര്‍ ഓടിച്ചേ പറ്റൂ. ഒരുമാസം സമയമുണ്ട്, സ്കൂട്ടര്‍ പഠിച്ചോ,’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരുമാസം കൊണ്ട് ഞാന്‍ ഡ്രൈവിങ് പഠിച്ചു. എന്നെ മനസില്‍ വച്ചെഴുതിയ കഥാപാത്രം എന്നത് ശരിക്കും വലിയൊരു അംഗീകാരമാണെനിക്ക്.
പിന്നെ ഞാന്‍ സംവിധായകന് അഷ്റഫ് ഹംസയെ കണ്ടു. അഷ്റഫ് ഇക്ക ഞാന്‍ ഇതിനു മുമ്പ് അഭിനയിച്ചതൊന്നും കണ്ടിട്ടില്ല. എനിക്ക് ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് പുള്ളിക്ക് സംശയമായിരുന്നു. കരള്‍ ദാനവുമായി ബന്ധപ്പെട്ട് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഒരു പരസ്യത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അത് മാത്രമാണ് അദ്ദേഹം കണ്ടിട്ടുള്ളത്. പ്രായം കൂട്ടാന്‍ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. ചെമ്പന്‍ ചേട്ടന്റെ ഉറപ്പിലാണ് അഷ്റഫ് ഇക്ക എന്നെ സിനിമയിലേക്ക് എടുത്തത്.
ഒരുപാട് കഥാപാത്രങ്ങളുള്ള സിനിമയാണ്. സ്നേഹനഗറിലെ എല്ലാവര്ക്കും പരസ്പരം അറിയാം. എങ്ങനെയാണ് നിങ്ങള്‍ തമ്മില്‍ സിങ്ക് ആയത്? ഐസ് ബ്രേക്കിങ് എങ്ങനെയായിരുന്നു?
കോവിഡ് സമയം ആയതുകൊണ്ട് വര്‍ക്ഷോപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ഒരു സ്റ്റോറി റീഡിങ് സെഷന് ഉണ്ടായിരുന്നു ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ്. ചാക്കോച്ചന് ഉള്‍പ്പെടെ എല്ലാവരും ഉണ്ടായിരുന്നു. ചെമ്പന്‍ ചേട്ടനെയും ഷൈനിചേച്ചിയും മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. ബാക്കി എല്ലാവരേയും ഞാന്‍ ആദ്യമായി കാണുന്നത് അന്നാണ്. ആ ദിവസം തന്നെ ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ഒരു ആയുര്‍വേദ റിസോര്‍ട്ടിലാണ് എല്ലാവരും താമസിച്ചത്. മൂന്ന് തട്ടായി തിരിച്ചിരിക്കുന്ന ഭൂമിയില്‍ കോട്ടേജുകളാണ്. ഷൂട്ട് കഴിഞ്ഞാല്‍ മിക്കദിവസങ്ങളിലും വൈകുന്നേരം എല്ലാവരും ഒത്തുകൂടും. അങ്ങനെയാണ് അവിടെ ഐസ്ബ്രേക്കിങ് നടന്നത്. പിന്നെ എല്ലാവരും നല്ല കമ്പനിയായിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ ഞാന്‍ ജിനുവിനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. അതൊക്കെ ചെയ്യാന്‍ എനിക്ക് കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ജിനു ഭയങ്കര കൂളായിരുന്നു. ‘ഓഹ് റീത്താ, യു ആര് ഗോയിങ് ടു ഹിറ്റ് മീ, യു ആര് ഗോയിങ് ടു കിക്ക് മീ,’ എന്നൊക്കെ പുള്ളി പറയുമ്പോഴും എന്റെ ഉള്ളില്‍, ഇത്രയും അറിയപ്പെടുന്ന ഒരു നടനെ ചവിട്ടേണ്ടതിന്റെ ഒരു അങ്കലാപ്പായിരുന്നു.
സിനിമ കണ്ടു കഴിഞ്ഞ് ദിവ്യയുടെ പ്രകടനത്തെകുറിച്ചുള്ള ഫീഡ്ബാക്കൊക്കെ വന്ന് തുടങ്ങിയോ?
കുറേ പെര്‍ഫോം ചെയ്യാന്‍ ഉണ്ടെങ്കിലും സിനിമയില്‍ എത്ര സ്ക്രീന്‍ ടൈം ഉണ്ടാകും എന്നെനിക്ക് അറിയില്ലായിരുന്നു. ‘നായിക എന്നു പറഞ്ഞ് വിളിച്ചിട്ട് എനിക്കൊന്നും ഇല്ല, ദിവ്യേച്ചിക്കാണ് പെര്‍ഫോം ചെയ്യാന്‍ കൂടുതല്‍,’ എന്ന് ചിന്നു പറയും. മേഘ പറയും ‘ചാക്കോച്ചന്റെ പെയര്‍ ആണെന്ന് പറഞ്ഞിട്ട് എനിക്ക് ഷൂട്ടില്ല, ദിവ്യേച്ചിക്കാണേല് എന്നും ഷൂട്ട് ഉണ്ട്,’ എന്ന്. എല്ലാവരും പറയും ‘ദിവ്യേച്ചിയെ മാത്രമേ കാണൂള്ളൂ.’ പക്ഷെ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല.

ഇത്രയും വലിയൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്കാകുമോ എന്ന് സംശയിച്ച അഷ്റഫ് ഇക്ക എന്നിട്ടും എന്നെ നന്നായി പ്ലേസ് ചെയ്തു. ഷൂട്ട് കഴിഞ്ഞപ്പോള്‍ എങ്ങനെയുണ്ട് എന്നറിയാന്‍ ഞാന്‍ ഇക്കയെ വിളിച്ചിരുന്നു. ട്രെയിലര്‍ ഇറങ്ങിയതിന് ശേഷം പലരും വിളിച്ച് എന്നെക്കുറിച്ച് അന്വേഷിച്ചിരുന്നു എന്നും കൂടുതല്‍ നല്ല പ്രൊജക്ട് കിട്ടുമെന്നും ഇക്ക എന്നോട് നേരത്തേ പറഞ്ഞിരുന്നു. ഇക്കയും ചെമ്പന്‍ ചേട്ടനും നൂറ് ശതമാനം ഹാപ്പി ആണെന്ന് പറഞ്ഞു. അതുകേട്ടാല്‍ മതി. സിനിമ കണ്ടുകഴിഞ്ഞ് റിമ കല്ലിങ്കലും ആഷിഖ് അബുവും ചാക്കോച്ചനും ഉള്‍പ്പെടെയുള്ളവര്‍ വളരെ നന്നായിട്ടുണ്ട് എന്ന് അഭിപ്രായം പറഞ്ഞു.
അമ്മയും ഭര്‍ത്താവും മക്കളും സുഹൃത്തുക്കളുമൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഡോക്ടര്‍ക്കൊപ്പമുള്ള രംഗവും ക്ലൈമാക്സുമാണ് എല്ലാവര്ക്കും ഇഷ്ടമായത്. ആ പാട്ടില്‍ നഷ്ടപ്രണയം ഓര്‍ത്തിരിക്കുന്ന രംഗവും നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ അഭിനയിക്കുന്ന ആളാണെന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് പറഞ്ഞത്.
റീത്തയാകാന് എന്തെങ്കിലും തയ്യാറെടുപ്പുകള്‍?
പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല. എനിക്കും റീത്തയ്ക്കും പൊതുവായ ചില സ്വഭാവങ്ങളുണ്ട്. റീത്തയെ പോലെ ഞാനും സെല്‍ഫ് മേഡായിട്ടുള്ള ആളാണ്. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നൊന്നും പറഞ്ഞുതരാന്‍ ആരും ഉണ്ടായിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും. അച്ഛന് ബാങ്കിലായിരുന്നു, അമ്മ ഹോംമേക്കറും അനിയന് എംബിഎ കഴിഞ്ഞ് വിദേശത്തും ജോലി ചെയ്യുകയാണ്. എന്റെ ഇഷ്ടംകൊണ്ടാണ് ഈ മേഖലയില്‍ എത്തിയത്. നോ പറയേണ്ടിടത്ത് നോ പറയാന്‍ എനിക്കറിയാം. അതിന് ആരേയും പേടിയില്ല. ചെയ്യണം എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യും. എന്റെ എല്ലാ കാര്യങ്ങളും അങ്ങനെയാണ്. വളരെ ചെറുപ്പം മുതലേ സ്വന്തമായി അധ്വാനിക്കുന്ന ആളാണ് ഞാന്‍. റീത്തയുടെ കഥാപാത്രം കുറേയൊക്കെ എന്നിലുണ്ട്. എല്ലാവരും ചോദിക്കും രാത്രിയില്‍ യാത്ര ചെയ്യാന്‍ പേടിയില്ലേ എന്ന്. പേടിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. റീത്തയ്ക്ക് ചെറിയ കള്ളത്തരങ്ങളും ഉണ്ട്. ജീവിതത്തില്‍ എല്ലാവര്ക്കും ഉണ്ടാകില്ലേ എന്തെങ്കിലുമൊക്കെ കള്ളത്തരങ്ങള്‍. അത് പ്രണയം തന്നെയാകണം എന്നില്ല.
ഈ പ്രായത്തില്‍ തനിച്ചു ജീവിക്കുന്ന ഒരു സ്ത്രീ എങ്ങനെയായിരിക്കും എന്ന് കുറേയൊക്കെ നമുക്ക് ഊഹിക്കാമല്ലോ. ഇതിനു പുറമേ അഷ്റഫ് ഇക്കയും ചെമ്പന്‍ ചേട്ടനും പറഞ്ഞു തന്നിട്ടുണ്ട്. ‘നിനക്ക് ഒരു കാമുകനുണ്ടെങ്കില്‍ അവനെ കാണുമ്പോള്‍ നീ എന്താ ചെയ്യുക എന്ന് മനസില്‍ ആലോചിച്ചങ്ങ് ചെയ്താല്‍ മതി’ എന്ന് ഇക്ക പറഞ്ഞു.
ഇത്രയേറെ സിനിമകള്‍ ചെയ്തിട്ട് ഇപ്പോഴാണ് ആളുകള്‍ തിരിച്ചറിയുന്നത് എന്നോര്‍ക്കുമ്പോള്‍ വിഷമം ഉണ്ടോ?
ഒരിക്കലും ഇല്ല. സുരഭിലക്ഷ്മിക്ക് ദേശീയ പുരസ്കാരം ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്റെ നമ്പര്‍ ചിന്നുവിന്റെ കൈയില്‍ നിന്നും വാങ്ങി എന്നെ വിളിച്ച് അഭിനന്ദിച്ചു. ആ അഭിനന്ദനം എനിക്ക് വലിയൊരു അവാര്‍ഡാണ്. അദ്ദേഹവും എന്നോട് പറഞ്ഞത് ‘ദിവ്യ ആദ്യമായി അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല,’ എന്നാണ്. ആദ്യമായിട്ടില്ല, ഇരുപത്തിമൂന്നോളം സിനിമകളും, അഞ്ചാറ് സീരിയലുകളും, കരിക്ക് എന്ന വെബ്സീരീസും ചെയ്തിട്ടുണ്ട്. കരിക്കിലെ ചേച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതാണ്. ഇതുകേട്ട് പുള്ളി ‘അയ്യോ’ എന്നു പറഞ്ഞു. അതില്‍ കാര്യമില്ല. എന്നെ എല്ലാവരും അറിയണം എന്നില്ല. എനിക്കും പലരേയും അറിയില്ല. അത് സ്വാഭാവികമല്ലേ. ‘നിങ്ങളെ എനിക്ക് അറിയില്ല,’ എന്നു പറയുന്നതിലുപരി, ‘നിങ്ങള്‍ ഇത് നന്നായി ചെയ്തു, ആദ്യമാണോ’ എന്ന് പറയാനാണല്ലോ വിളിക്കുന്നത്. അതില്‍ സന്തോഷമേയുള്ളൂ.

ഇപ്പോള്‍ ‘പുഴു’ എന്ന സിനിമിയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂക്കയുടെ അനിയത്തി വേഷമാണ്, കോമ്പിനേഷന്‍ സീന്‍സ് ആണ്. ബിനു പപ്പു വഴി വന്ന അവസരമാണത്. മമ്മൂക്കയുടെ കൂടെ ‘കസബ’യിലും, ‘പുള്ളിക്കാരന് സ്റ്റാറാ’യിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കോമ്പിനേഷന്‍ സീന്‍സ് ഉണ്ടായിട്ടില്ല. ലാലേട്ടന്റെ കൂടെ ‘എന്നും എപ്പോഴും’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
പൈസയ്ക്ക് കണക്ക് പറയുന്നു, സ്ക്രിപ്റ്റ് ചോദിക്കുന്നു എന്നൊക്കെ പൊതുവെ മലയാള സിനിമയില്‍ നടിമാരെ കുറിച്ചുള്ള ‘പരാതി’കളല്ലേ?
അതെന്തിനാണ്? നടന്മാര് ഇത് രണ്ടും ചെയ്യുന്നുണ്ടല്ലോ. ഞാന്‍ എന്ത് അഭിനയിക്കുന്നു ഏത് വേഷമിടുന്നു എന്നറിയാനുള്ള അവകാശം തീര്‍ച്ചയായും എനിക്കുണ്ട്. അതിന് സ്ക്രിപ്റ്റ് അറിയണ്ടേ. ലൊക്കേഷനില്‍ ചെന്നു കഴിയുമ്പോള്‍ എനിക്കൊരു മുണ്ടും ബ്ലൗസും തന്നാല്‍ ഞാന്‍ അഭിനയിക്കില്ല. ഒരു സിനിമയില്‍ അങ്ങനൊരു സംഭവമുണ്ടായി. പ്രസവ സീനാണ്. പണ്ടത്തെ കാലമാണ്. മുണ്ടും ബ്ലൗസുമാണ് എന്റെ വേഷം. ഞാന്‍ പറഞ്ഞു മേല്‍മുണ്ട് തരാതെ ഞാന്‍ അഭിനയിക്കില്ല എന്ന്. കോസ്റ്റിയൂം വിഭാഗത്തിലുള്ളവര്‍ ബഹളമായി. ഞാന്‍ സംവിധായകനോട് പറഞ്ഞു എനിക്ക് ഈ വേഷത്തില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന്. അവസാനം അവര്‍ വലിയൊരു മുണ്ട് തന്നു. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ കൃത്യമായി പറയും. അവര്‍ക്ക് പറ്റില്ലെങ്കില്‍ വേണ്ട, ഞാന്‍ പൊയ്ക്കോളാം. പെണ്ണുങ്ങള് പൈസ ചോദിച്ചു സ്ക്രിപ്റ്റ് ചോദിച്ചു എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. പെണ്ണുങ്ങളില്ലെങ്കില്‍ പെണ് കഥാപാത്രങ്ങള്‍ ആണുങ്ങള് വേഷം കെട്ടി ചെയ്യുമോ?
ഭീമന്റെ പെണ്ണുങ്ങള് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ
അതിന്റെ ക്രെഡിറ്റ് ചെമ്പന്‍ ചേട്ടനും അഷ്റഫ് ഇക്കക്കുമാണ്. കൃത്യമായ അസ്തിത്വവും ഏജന്‍സിയുമുള്ള സ്ത്രീകഥാപാത്രങ്ങളാണ് നമ്മുടേതെന്ന് അഷ്റഫ് ഇക്ക നേരത്തേ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ സ്ത്രീകളെല്ലാം ബോള്‍ഡായിരുന്നു, താനെഴുതുന്ന കഥാപാത്രങ്ങളും അങ്ങനെയാകണം എന്ന് നിര്‍ബന്ധമുണ്ടെന്നായിരുന്നു ചെമ്പന്‍ ചേട്ടന് പറഞ്ഞത്.

എല്ലാ പ്രായത്തിലുള്ള സ്ത്രീകഥാപാത്രങ്ങളുമുണ്ടായിരുന്നു സിനിമയില്‍. എന്നെക്കാള്‍ ചെറിയ കുട്ടികളാണ് ചിന്നുവും മേഘയും ജീവയും. പക്ഷെ അവിടെ ആര്‍ക്കും പരസ്പരം പ്രായമൊന്നും ഒരു പ്രശ്നമായിരുന്നില്ല. ഷൂട്ടില്ലാത്തപ്പോള്‍ കാരവനില്‍ കയറിയിരുന്ന് കത്തിവയ്ക്കലാണ് ഞങ്ങളുടെ പ്രധാന പരിപാടി. ഒട്ടും മത്സരബുദ്ധിയോടെയല്ല, ഒരുകൊടുക്കല് വാങ്ങലായിരുന്നു അഭിനയത്തില്‍ ഞങ്ങള്‍ സ്വീകരിച്ച വഴി.