സതീഷ് കുമാര്‍ അഭിമുഖം: ചെമ്പനും അഷ്‌റഫ് ഹംസയും ചേര്‍ന്ന് എന്നെയൊരു ഊളയാക്കി മാറ്റി

/ December 7, 2021

തമാശയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസയുടെ സംവിധാനത്തിലെത്തിയ ‘ഭീമന്റെ വഴി’ ഹൗസ് ഫുള്ളായി തിയേറ്ററുകളില്‍ പ്രദശനം തുടരുകയാണ്. കഥയുടെ അവതരണവും കഥാപാത്രങ്ങളുടെ മികവും കൊണ്ട് ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറുന്നു. ചിത്രത്തില്‍ മുന്‍ കൗണ്‍സിലര്‍ ജോണ്‍സണെ മനോഹരമാക്കിയത് സതീഷ് കുമാറെന്ന വയനാട്ടുകാരനാണ്. സിനിമാരംഗത്ത് തുടക്കക്കാരനായ സതീഷ് കുമാറിന് അഭിനയമെന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈമോശം വന്ന പാഷനെ തിരിച്ചുപിടിക്കല്‍ക്കൂടിയാണ്. നിലവില്‍ മീനങ്ങാടിയില്‍ മൃഗഡോക്ടറായി ജോലി ചെയ്യുകയാണ് സതീഷ് കുമാര്‍. ഭീമന്റെ വഴിയിലേക്കെത്തിയതും മുന്‍കൗണ്‍സിലറായുള്ള അഭിനയവും സതീഷ് കുമാര്‍ സൗത്ത്‌റാപ്പിനോട് പങ്കുവെക്കുന്നു.

നാടക ജീവിതത്തില്‍നിന്നും 25 വര്‍ഷത്തോളം മാറി നിന്നു. എങ്ങനെയാണ് ഭീമന്റെ വഴിയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയത്?

ഞാന്‍ ഒരു ഇരിങ്ങാലക്കുടക്കാരനാണ്. പഠനമൊക്കെ കഴിഞ്ഞ് 1992-ല്‍ ഇരിങ്ങാലക്കുട വിട്ട് വയനാട്ടില്‍ ജീവിതം ആരംഭിച്ചു. ആ സമയത്ത് ഞാന്‍ സജീവ നാടക പ്രവര്‍ത്തകനായിരുന്നു. നാടകം ഒരു ജീവിതം പോലെ കൊണ്ടുനടന്നിരുന്ന ആളാണ്. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചു. 1987ല്‍ യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. മാതൃഭൂമിയിലൊക്കെ എഴുതുകയും ചെയ്യുമായിരുന്നു. അതൊക്കെ കഴിഞ്ഞ് കാടും മലയുമൊക്കെ തേടി വയനാട്ടിലേക്ക് പോന്നു. അതോടെ എഴുത്തിനും നാടകത്തിനുമൊക്കെ വലിയൊരു ബ്രേക്ക് വന്നു. എല്ലാം വിട്ട് കാടും വയനാടും ഇവിടുത്തെ ജീവിതവുമൊക്കെയായി മുന്നോട്ട് പോയി. അതൊക്കെ കഴിഞ്ഞ് 50 വയസായപ്പോള്‍ വിട്ടുകളഞ്ഞ പാഷനൊക്കെ തിരിച്ചുപിടിക്കണമെന്ന് തോന്നി. ഞാന്‍ ചെയ്തിരുന്നതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്തായിരുന്നെന്ന് ആലോചിച്ചു. നഷ്ടപ്പെട്ടുപോയത് നാടകവും അഭിനയവുമാണല്ലോ എന്നെനിക്ക് മനസിലായി. അതൊന്ന് തിരിച്ചുപിടിച്ചാലോ എന്നു വിചാരിച്ചു. അപ്പോഴേക്കും കാലം കുറേ മാറിയിരുന്നല്ലോ. പണ്ടത്തെ നാടകങ്ങളൊക്കെ മാറി. എന്താണ് ഇപ്പോഴത്തെ അവസ്ഥയെന്ന് മനസിലാക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് എറണാകുളത്ത് സജീവന്‍ നമ്പിയത്ത് നടത്തുന്ന ആക്ട് ലാബ് എന്ന സംരംഭത്തെക്കുറിച്ച് കേള്‍ക്കുന്നത്. നല്ലൊരു നാടകക്കാരനാണ് സജീവന്‍. അവിടെ കുട്ടികള്‍ക്ക് നാടകം പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍പോയി എല്ലാമൊന്ന് മനസിലാക്കി. സംവിധായകന്‍ പ്രിയനന്ദന്‍ എന്റെ പഴയ നാടകകാല സുഹൃത്താണ്. പ്രിയനന്ദന്‍ ‘പാതിരാക്കാലം’ എന്നൊരു സിനിമ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്ന് നോക്കിയാലോ എന്ന് ഞാനും പ്രിയനും പറഞ്ഞു. അങ്ങനെ ആ സിനിമയില്‍ ഒരു ചെറിയ റോളില്‍ അഭിനയിച്ചു. അതാണെന്റെ ആദ്യ സിനിമ. അത് കണ്ടിട്ടാണ് ആദി സരസ്വതി ‘പന്ത്’ എന്ന സിനിമയിലേക്ക് വിളിച്ചത്. അതിനിടെ ഒരു നാടകം കളിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, അത് നടന്നില്ല. നാടകം ചെയ്യാനാണ് എനിക്ക് ഇപ്പോഴും ഇഷ്ടം. പിന്നീടാണ് കാസ്റ്റിങ് ഡയറക്ടര്‍ അബു വളയംകുളം വഴി ‘ഭീമന്റെ വഴി’യിലേക്ക് എത്തുന്നത്.

അബു വിളിച്ചിട്ട് സതീഷേട്ടാ അഷ്‌റഫ് ഹംസയുടെ ഒരു സിനിമയുണ്ട്. അവര്‍ക്കൊരു ആളെ വേണമെന്ന് പറഞ്ഞു. ഞാന്‍ തൃശൂര്‍ക്ക് പോയിക്കൊണ്ടിരിക്കുമ്പോളായിരുന്നു ആ വിളി. അങ്ങനെ ഞാന്‍ കുറ്റിപ്പുറത്ത് ചെന്ന് അഷ്‌റഫ് ഹംസയെ കണ്ടു. ചെറിയൊരു ഓഡീഷനൊക്കെ അവര്‍ നടത്തി. അവര്‍ക്കെന്നെ ഇഷ്ടപ്പെട്ടു. ജോണ്‍സണ്‍ എന്ന കഥാപാത്രമാണെന്നൊന്നും അന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. മറ്റൊരു റോളിലേക്കായിരുന്നു എന്നെ വിളിച്ചത്. പിന്നീട് ചെമ്പന്‍ വിനോദാണ് ജോണ്‍സണ്‍ എന്ന ക്യാരക്ടറിലേക്ക് എന്നെ തിരഞ്ഞെടുത്തത്. ജോണ്‍സണ്‍ എങ്ങനെയായിരിക്കണമെന്ന് ചെമ്പന്‍ വിനോദിന് നല്ല ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലുള്ള ഒരു കഥാപാത്രമാണ് ജോണ്‍സണ്‍. ജോണ്‍സന്റെ ശരീരഭാഷ എങ്ങനെയായിരിക്കണമെന്നൊക്കെ ചെമ്പന് നന്നായി അറിയാം. ജോണ്‍സനെ അവതരിപ്പിക്കാന്‍ എനിക്ക് പറ്റും എന്ന് ചെമ്പനാണ് എന്നോട് പറഞ്ഞത്. ഇരിങ്ങാലക്കുടയിലെ ഭാഷാശൈലിയും എനിക്കുണ്ടായിരുന്നതാവാം അതിന് കാരണം. മൂപ്പരാണ് ആ വേഷം ചെയ്യാനുള്ള ആത്മവിശ്വാസവും ധൈര്യവും തന്നത്.

ഞാനപ്പോഴും ഒരു അത്ഭുത ലോകത്തായിരുന്നു. ആഗ്രഹമുണ്ടെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് എനിക്ക് അറിയുമായിരുന്നില്ല. അങ്ങനെ ഞാന്‍ സമ്മതിച്ചു. ചെറിയ വിറയലോടെയാണ് തുടങ്ങിയത്. അവസാനം വന്നപ്പോള്‍ നന്നായി വന്നെന്നാണ് ആളുകളൊക്കെ പറയുന്നത്. എനിക്കത് ഇപ്പോഴും അറിയില്ല.

എങ്ങനെയായിരുന്നു ചിത്രീകരണവും അനുഭവങ്ങളും?

ഞാനൊഴികെ ബാക്കിയെല്ലാവരും മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്ന ആളുകളാണ്. നമ്മള്‍ വലിയ ബഹുമാനത്തോടെ നോക്കിനിന്ന ആളുകള്‍. സിനിമ വലിയ അധികാര ശ്രേണിയുള്ള ഇന്‍ഡസ്ട്രിയാണ് എന്നാണല്ലോ നമ്മള്‍ കേട്ടിട്ടുള്ളത്. പക്ഷേ, ഇവിടെ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. തുടക്കക്കാരനായിരുന്നിട്ടും അവരെന്നെ നന്നായി പരിഗണിച്ചു. ഭയങ്കര ജനാധിപത്യമുള്ള സെറ്റായിരുന്നു. ഗിരീഷ് ഗംഗാധരനെപ്പോലെ വലിയ പ്രസിദ്ധരായ ആളുകളാണുള്ളത്. പക്ഷേ, ഏറ്റക്കുറച്ചിലുകളില്ലാതെ എല്ലാവരെയും ഒരുപോലെ അവര്‍ പരിഗണിച്ചു. ഞാനടക്കം എല്ലാവരോടും വലിയ സൗഹൃദത്തോടെയാണ് പെരുമാറിയത്. ഷൂട്ടിന്റെ ഓരോ ദിവസവും നമുക്കൊരു ധൈര്യം തരുമായിരുന്നു. സംവിധായകനും അഭിനയിച്ചവരുമൊക്കെ അങ്ങനെയായിരുന്നു. ജിനു ജോസഫൊക്കെ വലിയ പിന്തുണയാണ് തന്നത്.

സതീഷ് കുമാര്‍ ഷൂട്ടിങ് ലൊക്കേഷനില്‍

ജോണ്‍സണ്‍ എന്ന ക്യാരക്ടറിലേക്കുള്ള സതീഷ് കുമാറിന്റെ യാത്ര എങ്ങനെയായിരുന്നു?

കല്യാണത്തിനുപോലും താടി വടിക്കാത്ത ആളാണ് ഞാന്‍. പക്ഷേ, ഈ സിനിമയില്‍ അവരെന്റെ താടിയെടുത്തു. ബുള്‍ഗാനൊക്കെയാക്കി. എന്റെ സ്റ്റൈലില്‍നിന്നും അടിമുടി മാറ്റിപ്പണിതു. ഈ താടിവെച്ച് ജോണ്‍സണെപ്പോലൊരു ഊളയെ ഉണ്ടാക്കാന്‍ പറ്റില്ലെന്ന് അവരെന്നോട് പറഞ്ഞു. മൊത്തത്തില്‍ മാറ്റിയാലേ ആ ഊളത്തരം വരത്തൊള്ളു. രണ്ട് ദിവസമൊക്കെ ചിലപ്പോള്‍ ജോണ്‍സണ്‍ ഷേവ് ചെയ്യാതെ നടക്കും എന്ന് ഞാനവരോട് പറയും. പക്ഷേ, ജോണ്‍സണ്‍ രാവിലെ കുളിച്ച് ഷേവൊക്കെ ചെയ്യും, മീശയൊക്കെ ഡൈ ചെയ്യും, ചെവിയിലെ മുടിയൊക്കെ വെട്ടി നീറ്റാക്കും, എന്നിട്ട് ചെരുപ്പൊക്കെ ഇട്ടങ്ങ് ഇറങ്ങുന്ന ആളാണ് എന്നാണ് അഷ്‌റഫ് ഹംസ എനിക്ക് പറഞ്ഞുതന്നത്. ജോണ്‍സണ്‍ ആ വാര്‍ഡില്‍ വര്‍ഷങ്ങളായി ജയിക്കുന്ന ആളാണ്. എതിരെ ആരെ നിര്‍ത്തിയാലും അയാള്‍ ജയിക്കും. സ്ഥിരം സ്ഥാനാര്‍ത്ഥിയാണ്. ഒരു വലതുപക്ഷ പാര്‍ട്ടിയുടെ സ്ഥലമാണത്. കഷ്ടകാലത്തിനാണ് ആ തവണ വനിതാ സംവരണ വാര്‍ഡായിപ്പോയത്. അങ്ങനെയാണ് റീത്ത കൗണ്‍സിലറായെത്തുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് ആറുമാസമേയുള്ളു. ജോണ്‍സന്റെ ഏക ആഗ്രഹം ഈ വഴിയുടെ ക്രെഡിറ്റ് തനിക്ക് കിട്ടണമെന്നാണ്. ജോണ്‍സണും കൊസ്‌തേപ്പും ഒരേപോലെ ഊളകളായതുകൊണ്ട് അവരുതമ്മില്‍ ഒരു സൗഹൃദം സാധ്യമാണ്. പിന്നെ അവരുതമ്മില്‍ ചെറിയൊരു ബന്ധവുമുണ്ടല്ലോ. അങ്ങനെയുള്ള ജോണ്‍സണെ ഭീമന്‍ ശരിക്കും ഉപയോഗിക്കുകയാണ്. അവിടെയുമല്ല ഇവിടെയുമല്ല എന്നപോലെ നില്‍ക്കുന്നയാളാണ് ജോണ്‍സണ്‍. അത് അഷ്‌റഫ് ഹംസയും ചെമ്പന്‍ വിനോദും പറഞ്ഞുതന്നതുപോലെ അവതരിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്.

ജോണ്‍സണ്‍മാരെപ്പോലെയുള്ള മെമ്പര്‍മാരെ ജീവിതത്തില്‍ കണ്ടിട്ടുണ്ടോ?

ധാരാളമായി കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ അങ്ങനെയുള്ള ഒരുപാടുപേരെ കണ്ടിട്ടുണ്ട്. പക്ഷേ, ആരെയും അനുകരിച്ചല്ല ആ കഥാപാത്രത്തെ ചെയ്തത്. ജോണ്‍സണ്‍ എങ്ങനെയായിരിക്കും പെരുമാറുക എന്നതിനെക്കുറിച്ച് നമ്മുടെ മനസില്‍ ഒരു രൂപമുണ്ടല്ലോ. സമവായം കഴിക്കലാണല്ലോ ജോണ്‍സന്റെ മെയിന്‍ പരിപാടി. ജോണ്‍സണ്‍ ഒരുഭാഗത്തും ചേരുന്നില്ല. ബാക്കിയെല്ലാവര്‍ക്കും കൃത്യമായ പക്ഷമുണ്ട്. ജോണ്‍സണ്‍ മാത്രമേ അപ്പുറത്തും ഇപ്പുറത്തും നിന്ന് കളിക്കുന്നുള്ളൂ. കുറച്ച് ബുദ്ധിമുട്ടാണ് അത് ഫലിപ്പിച്ചെടുക്കാന്‍. ജോണ്‍സനെ സംബന്ധിച്ച് രാഷ്ട്രീയം ജീവിതമാര്‍ഗമായതുകൊണ്ട് അങ്ങനെ നിന്നേ പറ്റൂ.

ജോണ്‍സണ്‍ ഏത് പാര്‍ട്ടിക്കാരനാണ്?

ജോണ്‍സണ്‍ ഏതുപാര്‍ട്ടിക്കാരനാണെന്ന് പറയേണ്ടതില്ലല്ലോ. ഏത് പാര്‍ട്ടിക്കാരനായിരിക്കുമെന്ന് പറയാതെതന്നെ അറിയാമല്ലോ. സഖാവല്ലെന്ന് തോന്നുന്നു. ചെമ്പന് ശരിക്കുമുള്ള ജോണ്‍സണെ അറിയാം. അങ്കമാലിയിലുള്ള ആളാവുമ്പോള്‍ മിക്കവാറും കോണ്‍ഗ്രസുകാരനോ കേരള കോണ്‍ഗ്രസുകാരനോ ആയിരിക്കും.

ചിത്രീകരണത്തിനിടെ

കുഞ്ചാക്കോ ബോബന്റെയും ചെമ്പന്‍ വിനോദിന്റെയുമൊക്കെ കൂടെ തുടക്കക്കാരനെന്ന നിലയിലുള്ള അഭിനയം എങ്ങനെയായിരുന്നു?

കുഞ്ചാക്കോ ബോബന്റെയും ജിനു ജോസഫിന്റെയും കൂടെയാണ് എന്റെ കോമ്പിനേഷന്‍ സീനുകള്‍ അധികവുമുണ്ടായിരുന്നത്. കുഞ്ചാക്കോ ബോബന്‍ വലിയ സ്‌നേഹത്തോടെ സഹായിച്ചു. ക്യാമറയുടെ ആംഗിള്‍ വരെ എനിക്ക് പറഞ്ഞ് തന്നു. ഒരുതവണ തിരിഞ്ഞു നിന്ന് ഞാന്‍ ഡയലോഗ് പറഞ്ഞപ്പോള്‍ ചേട്ടാ അവിടെയാണ് ക്യാമറയെന്നൊക്കെ പറഞ്ഞുതന്നു. നല്ലതുപോലെ സഹായിച്ചു. ഞാന്‍ പ്രതീക്ഷിക്കാത്ത സഹകരണമായിരുന്നു എന്നോടുണ്ടായത്. അതുപോലെ ജിനുവിന്റെ കാര്യവും എടുത്തുപറയണം. അത്രയും ഡൗണ്‍ ടു എര്‍ത്തായ മനുഷ്യന്‍ വേറെയുണ്ടാവില്ല. എന്റെ വയനാടന്‍ കഥകളൊക്കെ കേള്‍ക്കുകയും വലിയ ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ് ജിനു. പ്രായത്തിന്റെ വലിയ പരിഗണന എനിക്ക് കിട്ടിയിരുന്നു.

അഷ്‌റഫ് ഹംസയുടെ സംവിധാനവും ചെമ്പന്‍ വിനോദിന്റെ തിരക്കഥയും ചേര്‍ന്നുണ്ടായ സിനിമ. എങ്ങനെയായിരുന്നു ആ കോമ്പിനേഷന്‍?

അഷ്ഫറ് ഹംസയുടെ തമാശയെന്ന ആദ്യ സിനിമയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ സിനിമ. ചെമ്പന്‍ വിനോദിന്റെ ആദ്യ തിരക്കഥ അങ്കമാലി ഡയറീസാണ്. ഭീമന്റെ വഴിയിലെത്തിയപ്പോള്‍ ചെമ്പന്റെ ഴോണറും അഷ്‌റഫിന്റെ ഴോണറും തീര്‍ത്തും മാറി. പക്ഷേ, ഇവരുരണ്ടുപേരും തമ്മില്‍ ഭങ്കര കോമ്പിനേഷനുണ്ടായിരുന്നു. സിനിമയില്‍ ഹിറ്റായ പല ഡയലോഗുകളും സ്‌പോട്ടില്‍ ഉണ്ടായതാണ്. ചിത്രീകരണത്തിനിടെ ഇംപ്രവൈസ് ചെയ്ത് ഉണ്ടാക്കിയതാണ് പലതും. ചെമ്പന്‍ തിരക്കഥയിലെഴുതിയ പല പേരുകളും ആളുകള്‍ക്ക് പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വലിയ ഹിറ്റായ ‘എന്റെ അപ്പനും മരിക്കുമല്ലോ , അതികുന്തം അവറാന്‍ റോഡ്’ എന്ന ഡയലോഗൊക്കെ വളരെ ഓര്‍ഗാനിക്കായി അപ്പോഴുണ്ടാക്കിയതാണ്.

പിന്നെ പുതിയ ആളായതുകൊണ്ടായിരിക്കാം, എനിക്ക് തിരക്കഥ മുന്‍കൂട്ടി തന്നിരുന്നില്ല. ‘സതീഷേട്ടന് സ്‌ക്രിപ്ട് തന്നുകഴിഞ്ഞാല്‍ സതീഷേട്ടന്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തും. ഒരു പാറ്റേണ്‍ മനസില്‍ കണ്ടെത്തും. ആ തീരുമാനിച്ചുണ്ടാക്കിയ പാറ്റേണ്‍ നമുക്ക് വേണ്ട, അത് പൊളിക്കാന്‍ ബുദ്ധിമുട്ടായിരിക്കും’ എന്ന് അവരെന്നോട് പറഞ്ഞു. ഷൂട്ട് ചെയ്യുന്ന സമയത്ത് മനസിലെന്താണോ വരുന്നത് അത് അവതരിപ്പിച്ചാല്‍ മതിയെന്നായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. എനിക്ക് ഭയങ്കര ടെന്‍ഷനുണ്ടായിരുന്നു. അതവരുടെ മേക്കിങ്ങിന്റെ പ്രത്യേകതയാണ്. ഈ കഥാപാത്രം ഇത്ര പ്രാധാന്യമുള്ളതാണെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ഭീമന്‍ ഒരു വഴിയുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ അപ്പുറം കഥയെക്കുറിച്ചും എനിക്കറിയുമായിരുന്നില്ല. പറഞ്ഞുതരാത്തതിന് ഇതാണ് കാരണം.

പുരുഷ കേന്ദ്രീകൃത നായകനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നതെങ്കില്‍ക്കൂടിയും തുടക്കം മുതല്‍ക്കെയും, പ്രത്യേകിച്ച് ക്ലൈമാക്‌സിലും ശക്തരായ സ്ത്രീ കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്

കൃത്യമായ രാഷ്ട്രീയ ധാരണകളുള്ള ആളാണ് അഷ്‌റഫ് ഹംസ. അദ്ദേഹത്തിന്റെ മനസില്‍ ജന്മസിദ്ധമായിത്തന്നെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുകളുണ്ട്. എന്ത് വേണം, എന്ത് പാടില്ല എന്നൊക്കെ അദ്ദേഹത്തിനറിയാം. സ്ത്രീത്വത്തെ മികവുറ്റതാക്കി അവതരിപ്പിക്കണമെന്ന ബോധ്യവും സ്ത്രീകളെ അപമാനിക്കരുതെന്ന വ്യക്തമായ ധാരണയുമുണ്ട്. അദ്ദേഹത്തിന്റെ ബോധ്യമാണത്. ചെമ്പന്‍ വിനോദിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്കമാലിയിലും പരിസരത്തുമായി നേരിട്ട് കണ്ടിട്ടുള്ള സ്ത്രീകളാണ് ഇവരെല്ലാം. ചെമ്പന്‍ കണ്ടിട്ടുള്ള ജീവിതങ്ങളാണ്. അങ്കമാലിയിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഇത്രയും കരുത്തുറ്റ സ്ത്രീകളുണ്ടായിരുന്നു. കുടുംബം പോറ്റാനാണെങ്കിലും പ്രശ്‌നം പരിഹരിക്കാനാണെങ്കിലും അടികൊടുക്കേണ്ട സമയത്ത് അടിക്കാനാണെങ്കിലും പുരുഷന്മാരേക്കാളും സ്ത്രീകളാണ് മുന്നില്‍നിന്നിട്ടുള്ളത്. അത് ചെമ്പന്റെ അനുഭവമാണ്. കൗണ്‍സിലറും ജൂഡോ പഠിപ്പിക്കുന്ന പെണ്‍കുട്ടിയുമൊക്കെ ചെമ്പന്റെ നാട്ടിലുണ്ടായിരുന്നവരാണ്. സോഷ്യല്‍ മീഡിയ ഇത്ര സജീവമാവുന്നതിനും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാവുന്നതിനും മുമ്പ് ജീവിച്ചിരുന്നവര്‍. ചെമ്പന്‍ ജീവിതത്തില്‍നിന്നും പഠിച്ച കഥാപാത്രങ്ങളും അഷ്‌റഫ് ഹംസയുടെ ബോധ്യങ്ങളും ഒന്നിച്ചപ്പോഴാണ് ഇത്രയും മനോഹരമായ സ്ത്രീകഥാപാത്രങ്ങളുണ്ടായത്. നാട് ഇങ്ങനെയായിരിക്കണമെന്നാണ് അഷ്‌റഫിന്റെ ആഗ്രഹം. അല്ലെങ്കില്‍ ഒരിക്കലും അഷ്‌റഫിന്റെ സംവിധാനവും ചെമ്പന്റെ തിരക്കഥയും ഒത്തുപോവില്ലായിരുന്നെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍?

തല്ലുമാലയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി. ജനുവരിയിലാണ് അടുത്ത ഷെഡ്യൂള്‍. അതില്‍ ഒരു സീനില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. ഭീമന്റെ വഴിയിലെ അഭിനയം കണ്ടിട്ട് ഖാലിദ് റഹ്‌മാന്‍ തല്ലുമാലയിലേക്ക് വിളിക്കുകയായിരുന്നു. അഷ്‌റഫ് ഹംസയുടേതാണ് തിരക്കഥ. ഷാന്‍ റഹ്‌മാന്‍ ചെയ്ത മെയ്ഡ് ഇന്‍ ഹെവന്‍ എന്ന ആല്‍ബത്തിലും അഭിനയിച്ചിരുന്നു. സിദ്ധാര്‍ത്ഥ് ശിവയുടെ പ്രൊഡക്ഷനില്‍ വരുന്ന ഒരു സിനിമയിലേക്ക് കാസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒന്നുരണ്ട് വെബ് സീരീസൊക്കെ വന്നുനില്‍ക്കുന്നുണ്ട്.

UPDATES
STORIES