‘ഭീമന്റെ വഴി’ റിവ്യൂ: എല്ലാവരും ചേര്‍ന്ന് വെട്ടിയ ഒരു സ്മൂത്ത് എന്റര്‍ടെയ്‌നിങ്ങ് റോഡ്

ഏറെ നിരൂപക പ്രശംസ നേടിയ ‘തമാശ’യ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി തിയേറ്ററുകളിലെത്തി. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു ‘വഴി’യാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കല്ലേറ്റുംകര ഗ്രാമത്തിലെ സ്നേഹനഗര്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്കായി വെട്ടുന്ന വഴിയിലൂടെ ചിരിപ്പിച്ചുകൊണ്ടും ആകാംഷ നിലനിര്‍ത്തിക്കൊണ്ടും പ്രേക്ഷകരെ രണ്ടുമണിക്കൂര്‍ കൂട്ടിക്കൊണ്ടു പോകുകയാണ് അഷ്റഫ് ഹംസയും ചിത്രത്തിന് തിരക്കഥയൊരുക്കിയ നടന്‍ ചെമ്പന്‍ വിനോദ് ജോസും.

രണ്ടുപേര്‍ക്ക് മാത്രം കഷ്ടിച്ച് നടക്കാന്‍ വീതിയുള്ള വഴിയിലൂടെയാണ് സ്നേഹനഗര്‍ കോളനിയിലെ ഒരുകൂട്ടം കുടുംബങ്ങള്‍ വര്‍ഷങ്ങളായി നടന്നു പോകുന്നത്. ഒരു കാറിന് കടന്നു ചെല്ലാന്‍ പാകത്തിന് തങ്ങളുടെ വീടുകളിലേക്കുള്ള വഴിയുടെ വലുപ്പം കൂട്ടാന്‍ കോളനിക്കാര്‍ തീരുമാനിക്കുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ഭീമന്‍ എന്നു വിളിക്കുന്ന സഞ്ജീവ് കുമാറിന്റേയും കൗണ്‍സിലര്‍ റീത്ത (ദിവ്യ എം നായര്‍) എന്നിവരുടേയും നേതൃത്വത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. എല്ലാ കുടുംബങ്ങളും തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം വഴിയ്ക്കായി നല്‍കാന്‍ സമ്മതിക്കുമ്പോള്‍, റോഡിന്റെ തുടക്കത്തിലുള്ള ഭൂമിയുടെ ഉടമയായ ഊതംപള്ളി കൊസ്തേപ്പ് (ജിനു ജോസഫ്) ഒരു ‘വഴിമുടക്കി’ ആയി നില്‍ക്കുന്നു. ഈ പ്രശ്നത്തെ അതിജീവിച്ച് വഴിവെട്ടാനുള്ള ഭീമന്റെ നീക്കങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

ദിവ്യ എം നായര്‍, കുഞ്ചാക്കോ ബോബന്‍ / ഭീമന്റെ വഴി

ഇക്കാലമത്രയും മലയാളികളുടെ ‘നല്ലകുട്ടി’ ഇമേജില്‍ നിന്ന് വഴിമാറി നടക്കാനുള്ള കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ ധൈര്യം കൂടിയാണ് ഭീമന്റെ വഴി. സുന്ദരനും സുമുഖനും അഞ്ചക്ക ശമ്പളക്കാരനുമാണെങ്കിലും ഭീമന്‍ ആളത്ര ‘വെടിപ്പല്ല’. നായകനാണെങ്കിലും രണ്ടു ഷേഡുള്ള കഥാപാത്രങ്ങളെയാണ് ചാക്കോച്ചന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. നാട്ടുകാരുടെ പൊതുവിഷയമായ വഴിപ്രശ്നത്തില്‍ ഇടപെടുന്ന ഭീമന് അയാളുടെ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. മദ്യവും സെക്സുമാണ് തനിക്ക് ഏറ്റവും വലിയ കിക്കെന്ന് പറയുന്ന ഒരു കുഞ്ചാക്കോ ബോബന്‍ കഥാപാത്രത്തെ ആദ്യമായാണ് മലയാളികള്‍ കാണുന്നത്.

എടുത്തു പറയേണ്ട മറ്റൊരു പ്രകടനം കൊസ്തേപ്പായി എത്തുന്ന ജിനു ജോസഫിന്റേതാണ്. ഒരു ലുങ്കി മാത്രം ഉടുത്ത് അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടുകയാണ് ജിനു എന്ന നടന്‍. സമീപകാലത്ത് ഇത്രയേറെ ചിരിപ്പിക്കുകയും കൈയടി വാങ്ങുകയും ചെയ്ത മറ്റൊരു വില്ലന്‍ കഥാപാത്രം ഉണ്ടാകുമോ എന്ന് സംശയമാണ്. ഭീമന്റെ പെണ്ണുങ്ങളും മോശക്കാരല്ല. ബ്ലെസ്സി ആയെത്തുന്ന വിന്‍സി അലോഷ്യസ്, റെയില്‍വേ എഞ്ചിനിയേറെ മനോഹരമാക്കിയ മേഘ തോമസ്, കൗണ്‍സിലര്‍ റീത്തയായി സിനിമയിലുടനീളം നിറഞ്ഞു നിന്ന ദിവ്യ എം നായര്‍, അഞ്ജു എന്ന ജൂഡോ ട്രെയിനറെ അവതരിപ്പിച്ച ചിന്നു ചാന്ദ്നി എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്തി. ബിനു പപ്പു അവതരിപ്പിച്ച ദാസന്‍ എന്ന മദ്യപാനിയായ ഓട്ടോഡ്രൈവറും രസിപ്പിക്കുന്ന കഥാപാത്രമായിരുന്നു. നിര്‍മ്മല്‍ പാലാഴി, നസീര്‍ സംക്രാന്തി, ഷൈനി സാറ, ചെമ്പന്‍ വിനോദ്, ഭഗത് മാനുവല്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി എല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.

നിര്‍മല്‍ പാലാഴി, നസീര്‍ സംക്രാന്തി, ബിനു പപ്പു / ഭീമന്റെ വഴി

അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയ ചിത്രമാണ് ഭീമന്റെ വഴി. കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണുന്നവരായി മാറ്റാനുള്ള ചെമ്പന്റെ കഴിവ് ഈ സിനിമയിലും കാണാം. ആക്ഷേപഹാസ്യമാണ് ചെമ്പന്റെ ‘മെയിന്‍’. അഷ്‌റഫ് ഹംസയുടെ സംവിധാനവുമായി ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥ ചേര്‍ന്നപ്പോള്‍ ദൈനംദിന ജീവിതത്തില്‍ കാണാവുന്ന കുറേ കഥാപാത്രങ്ങളും ഓര്‍ത്തു ചിരിക്കാന്‍ നര്‍മം നിറഞ്ഞ കുറേ നിമിഷങ്ങളും ലഭിച്ചു. സിനിമയുടെ സംഭാഷണങ്ങളും രംഗങ്ങളും കഥാപാത്രങ്ങളുമെല്ലാം പക്കാ എന്റര്‍ടെയ്നിങ് ആണ്.

ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണമികവ് ഭീമന്റെ വഴിയെ കൂടുതല്‍ മനോഹരമാക്കി. ചിത്രത്തില്‍ മുഹ്സിന്‍ പരാരി രചിച്ച് വിഷ്ണു വിജയ് ഈണം പകര്‍ന്ന് ആലപിച്ച ‘കാറ്റൊരുത്തീ’ എന്ന ഗാനം വരികള്‍ കൊണ്ടും ഈണംകൊണ്ടും മികച്ചു നിന്നു.

ചെമ്പന്‍ വിനോദ് ജോസ്, കുഞ്ചാക്കോ ബോബന്‍, മേഘ ത്രേസ്യാമ്മ തോമസ്, ചിന്നു ചാന്ദ്‌നി, ജീവ ജനാര്‍ദ്ദനന്‍ / ഭീമന്റെ വഴി ചിത്രീകരണത്തിനിടെ

ചിത്രം കാണുന്ന പ്രേക്ഷകര്‍ക്കും അതിലെ കഥാപാത്രങ്ങളുമായി താദാത്മ്യം പുലര്‍ത്താന്‍ സാധിക്കുമെന്നതു തന്നെയാണ് ഭീമന്റെ വഴിയെ സ്മൂത്തായി വിജയത്തിന്റെ വഴിയിലേക്ക് എത്തിക്കുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ ടിക്കറ്റെടുത്ത് രണ്ടു മണിക്കൂര്‍ സന്തോഷത്തോടെ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് ഭീമന്റെ വഴി.

Also Read: ഗോകുല്‍ദാസ് അഭിമുഖം: കാലഘട്ടം പുനഃസൃഷ്ടിക്കല്‍ കരവിരുതാണ്, ഫാന്റസിയിലാണ് ക്രിയേറ്റിവിറ്റി

UPDATES
STORIES