എന്തുകൊണ്ട് ‘ഭീഷ്മപര്‍വം’?: പ്രേക്ഷകരെ പിടിച്ചിരുത്തിയ അഞ്ച് കാര്യങ്ങള്‍

മമ്മൂട്ടിയും മലയാളികളുടെ പ്രിയ സംവിധായകന്‍ അമല്‍ നീരദും ഒന്നിച്ചൊരുക്കിയ ഭീഷ്മപര്‍വം തിയേറ്ററുകളില്‍ മുന്നേറവെ, ഏറെ കാത്തിരുന്ന ഈ മാജിക് ടീം അപ്പിനെക്കുറിച്ച് വാചാലരാവുകയാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍. ആരാധകര്‍ക്കും പൊതു പ്രേക്ഷകര്‍ക്കും കാഴ്ചയുടെ വിരുന്നൊരുക്കിയാണ് ഭീഷ്മ പര്‍വം എത്തിയിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍നിന്നുയരുന്ന അഭിപ്രായം. ഡാര്‍ക്ക് ടോണില്‍ ഒരുങ്ങുന്ന കുടുംബ ചിത്രമെന്ന പ്രതീതിയായിരുന്നു ട്രെയിലറുകളിലും ടീസറുകളിലും പോസ്റ്ററുകളിലുമുണ്ടായിരുന്ന സൂചന. ചിത്രമിറങ്ങിയതിന് ശേഷം പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ‘എന്തുകൊണ്ട് ഭീഷ്മ പര്‍വം’ എന്ന ചോദ്യത്തിന് പ്രേക്ഷകര്‍ നല്‍കുന്ന മറുപടി.

  1. സംവിധാനത്തിലെ അമല്‍ നീരദ് ടച്ച്
May be an image of 6 people, beard and people standing

മമ്മൂട്ടി എന്ന താര പ്രഭാവത്തിനപ്പുറം അമല്‍ നീരദ് എന്ന പ്രതിഭാശാലിയായ സംവിധായകന്റെ ചിത്രം എന്ന പ്രതീക്ഷയോടെയാണ് ഒട്ടുമിക്ക പ്രേക്ഷകരും ഭീഷ്മ പര്‍വത്തിനായി തിയേറ്ററുകളിലേക്കെത്തിയത്. അമല്‍ നീരദ് ചിത്രങ്ങള്‍ ഉറപ്പുനല്‍കുന്ന സ്റ്റൈലും മേക്കിങ് ശൈലിയും ഭീഷ്മപര്‍വത്തില്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന അഭിപ്രായം. റോബോട്ടിക് ക്യാമറ ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങളും ചിത്രത്തെ മികച്ചതാക്കുന്നു. മമ്മൂട്ടി എന്ന ഒറ്റ താരത്തിന്റെ പ്രകടനത്തിലൂന്നി നില്‍ക്കാതെ കഥാപാത്രങ്ങള്‍ക്കും കഥയക്കും പശ്ചാത്തലത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. കഥാപാത്ര സൃഷ്ടിയില്‍ അണിയറ പ്രവര്‍ത്തകര്‍ പാലിച്ചിരിക്കുന്ന ഒതുക്കവും കയ്യടക്കവും ശ്രദ്ധേയമാണ്.

  1. സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയും

ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ഏറെ ചര്‍ച്ചയാവുന്ന ഘടകങ്ങളില്‍ ഒന്നാണ് സൗബിന്‍ ഷാഹിറിന്റെയും ഷൈന്‍ ടോം ചാക്കോയുടേയും പ്രകടനം. സൗബിന്‍ അവതരിപ്പിച്ച അജാസ് എന്ന കഥാപാത്രം സെക്കണ്ട് ഹാഫില്‍ മമ്മൂട്ടിയുടെ മൈക്കിളിനേക്കാള്‍ ഒരുപടി മുന്നിട്ടുനിന്നെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏതുനിമിഷവും എന്തും പ്രതീക്ഷിക്കാം എന്ന പ്രതീതിയുണ്ടാക്കി ചിത്രത്തെ എന്‍ഗേജ്ഡ് ആക്കി നിര്‍ത്തുന്നതില്‍ സൗബിനും ഷൈനും വഹിച്ച പങ്ക് വലുതാണ്. കുറുപ്പിലെ ഭാസിയെ വെല്ലുന്ന പ്രകടനമാണ് ഷൈന്‍ പുറത്തെടുത്തത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

  1. കഥാപാത്ര സൃഷ്ടിയിലെ ആഴവും പരപ്പും

ഓരോ കഥാപാത്രത്തിനും ആഴത്തിലുള്ള പാത്ര നിര്‍മ്മിതിയാണ് നല്‍കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്നതാണ് ഭീഷ്മയിലെ എല്ലാ കഥാപാത്രങ്ങളുമെന്നാണ് പ്രേക്ഷകരും വ്യക്തമാക്കുന്നത്. അനാവശ്യമെന്ന് തോന്നുന്ന, കഥാതന്തുവിനെ അസ്വസ്ഥമാക്കുന്നതായ ഒരു കഥാപാത്രം പോലും ചിത്രത്തിലില്ലെന്നുതന്നെ പറയാം. ഇക്കാര്യത്തില്‍ സംവിധായകനും തിരക്കഥയും കാണികളോട് അങ്ങേയറ്റം കൂറുപുലര്‍ത്തിയിട്ടുണ്ടെന്ന് പ്രേക്ഷകര്‍ തുറന്നുസമ്മതിക്കുന്നു. മഹാഭാരത കഥയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് സമകാലീനമാക്കിയാണ് കഥാപാത്രങ്ങളെ നിര്‍മ്മിച്ചിരിക്കുന്നത്.

  1. സുഷിന്‍ ശ്യാം

സമൂഹമാധ്യമങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാതെ ഉയരുന്ന രണ്ട് കാര്യങ്ങളാണ് ഭീഷ്മ പര്‍വത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ മികവും സുഷിന്‍ ശ്യാമിന്റെ മാജിക്കല്‍ മ്യൂസിക് ട്രീറ്റ്‌മെന്റും. സ്ലോ മോഷന്‍ സീനുകള്‍ക്കൊപ്പം സുഷിന്‍ ഒരുക്കിയ പശ്ചാത്തല സംഗീതമെത്തുന്നത് തിയേറ്ററില്‍ സിനിമകാണുന്ന കാണിയെ പ്രകമ്പനം കൊള്ളിക്കുന്നുണ്ടെന്നാണ് പൊതു അഭിപ്രായം. കഥ ആവശ്യപ്പെടുന്ന രീതിയില്‍ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളില്‍ പലതിലും മമ്മൂട്ടി സുഷിന്റെ സംഗീതത്തെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിലെ പറുദീസ എന്ന ഗാനം പുറത്തുവന്നപ്പോള്‍ത്തന്നെ സംഗീതം മനോഹരമായിരിക്കുമെന്ന പ്രതീക്ഷയുയര്‍ന്നിരുന്നു. ഈ പ്രതീക്ഷയെ അര്‍ത്ഥവത്താക്കിയാണ് സുഷിന്‍ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.

  1. മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സ്

മൈക്കിള്‍ എന്ന കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട മമ്മൂട്ടിയെയാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത്. സാധാരണ മമ്മൂട്ടി മാസ് ചിത്രങ്ങളെ കുറിച്ച് ഉയര്‍ന്നു വരാറുള്ള വണ്‍ മാന്‍ ഷോ വാദങ്ങളെ അസ്ഥാനത്താക്കിയാണ് നടന്റെ പ്രകടനം. എടുപ്പിലും നടപ്പിലും അമല്‍ നീരദിന്റെ മൈക്കിളായി മമ്മൂട്ടി മാറി. ബിഗ് ബിയിലെ പ്രകടനത്തെ കടത്തിവെട്ടുന്നതാണ് ഭീഷ്മയിലെ മമ്മൂട്ടിയെന്ന അഭിപ്രായം ചിത്രം കണ്ടവര്‍ പങ്കുവെക്കുന്നു. അസാന്നിധ്യത്തില്‍പ്പോലും മൈക്കിള്‍ തന്റെ സാന്നിധ്യം പ്രേക്ഷകനിലേക്ക് കൈമാറുന്നുമുണ്ട്.

UPDATES
STORIES