ഭീഷ്മപർവത്തിൽ മമ്മൂക്ക ഒഴികെ ബാക്കി എല്ലാം എനിക്ക് പുതുതായിരുന്നു: നദിയ മൊയ്തു

വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമയുടെ ഭാഗമാകുകയാണ് നദിയ മൊയ്തു. ഡബിൾസ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം വീണ്ടും ഒരു ചിത്രം. വീണ്ടും പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ വെള്ളിത്തിരയിൽ ഒന്നിക്കുന്നു. നാളെ ഭീഷ്മപർവം തിയേറ്ററുകളിലെത്തുമ്പോൾ ഏറെ ആകാംക്ഷയിലാണ് നദിയ. ചിത്രത്തിൽ മമ്മൂട്ടി ഒഴികെ ബാക്കിയെല്ലാം തനിക്ക് പുതിയതായിരുന്നു എന്നാണ് നദിയ പറയുന്നത്.

“ഭീഷ്മ പര്‍വത്തില്‍ മമ്മൂക്ക ഒഴികെ ബാക്കിയെല്ലാം എനിക്ക് പുതിയതായിരുന്നു. മമ്മൂക്കയുടെ കൂടെ ഞാന്‍ കുറേ പടങ്ങള്‍ ചെയ്തിട്ടുണ്ട്. ബാക്കി ഇപ്പോഴുള്ള അഭിനേതാക്കളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതും എന്നെ സംബന്ധിച്ച് ഭാഗ്യമാണ്. കാരണം, എനിക്ക് അവരില്‍നിന്നും പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നു. അവരുടെ രീതി തന്നെ വേറെയാണ്. സൗബിന്‍, ലെന, ശ്രിന്ദ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍,, മാലാ പാര്‍വതി തുടങ്ങി വലിയ താരനിര തന്നെയുണ്ട്‌ ചിത്രത്തില്‍. അവരുടെയൊക്കെ പ്രകടനം കാണുമ്പോള്‍ അഭിനയം എന്നത് എത്ര ശ്രമകരമായ കാര്യമാണെന്ന് എനിക്ക് തോന്നും. പുതിയ സംവിധായകരുടെയും പുതിയ അഭിനേതാക്കളുടെയും കൂടെ സിനിമ ചെയ്യുന്നത് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള വേദിയായി.”

Read More: നാദിയ മൊയ്തു അഭിമുഖം: ‘ഭീഷ്മപര്‍വ’ത്തിലേത് 35 വര്‍ഷത്തിനിടയിലെ എന്റെ ആദ്യ മുസ്‌ലിം വേഷം

മമ്മൂട്ടി കുറച്ച് റിസേർവ്ഡ് ആണെന്നും വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണെന്നും നദിയ മൊയ്തു പറഞ്ഞു.

“പൊതുവേ കുറച്ചൊന്ന് റിസേര്‍വ്ഡ് ആണ് മമ്മൂക്ക. അധികം വര്‍ത്താനമൊന്നും പറയില്ല. സംസാരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഓക്കെ ആണ്. കുടുംബ കാര്യങ്ങളടക്കം എല്ലാം ഞങ്ങള്‍ പരസ്പരം സംസാരിക്കും. ഈ കാലത്തും മമ്മൂക്ക ഇത്തരം വലിയ വേഷങ്ങള്‍ ചെയ്യുന്നുണ്ടല്ലോ. അമല്‍ നീരദാണെങ്കില്‍ സിനിമയില്‍ മമ്മൂക്കയുടെ ലുക്ക് ആകെ മാറ്റി. അത് എനിക്കും ഒത്തിരി ഇഷ്ടപ്പെട്ടു. ഈ ഗെറ്റപ്പ് ഗംഭീരമായിട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോടും പറഞ്ഞു. ഓരോ സിനിമയിലും വ്യത്യസ്തമായ ലുക്കില്‍ എത്താന്‍ കഴിയുന്നത് അഭിനയിക്കുന്നവരെ സംബന്ധിച്ച് വലിയ കാര്യമാണ്. വ്യത്യസ്ത ലുക്കുകളിലെത്തുമ്പോഴും ആളുകള്‍ നമ്മളെ സ്വീകരിക്കുന്നു എന്നതും വലിയ കാര്യമാണ്. അമല്‍ നീരദൊക്കെ എല്ലാ കഥാപാത്രങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയാണല്ലോ അവതരിപ്പിക്കാറുള്ളത്. പുള്ളിയുടെ സ്റ്റൈല്‍ വേറെയാണ്.”

തന്റെ സിനിമ ജീവിതത്തിലെ ആദ്യത്തെ മുസ്ലീം കഥാപാത്രമാണ് ഭീഷ്മപർവത്തിലേതെന്നും നദിയ ഓർമിപ്പിച്ചു. മുഴുനീള കഥാപാത്രമല്ലെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് തന്റേതെന്നും അവർ കൂട്ടിച്ചേർത്തു.

UPDATES
STORIES