‘ഇവിടെ ആരാരും കരയുകില്ല’; ശ്രീനാഥ് ഭാസിയുടെ ശബ്ദത്തില്‍ ഭീഷ്മ പര്‍വത്തിലെ ഗാനം പറുദീസയെത്തി

സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിന്റെ ലിറിക്കല്‍ ഗാനമെത്തി. പറുദീസ എന്ന് പേരിട്ട ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

അഭിനേതാക്കളുടെ ചിത്രങ്ങളോടെയാണ് ലിറിക്കല്‍ വീഡിയോ. സിനിമയുടേതായി അണിയറ പ്രവര്‍ത്തകര്‍ ആദ്യമായി പുറത്തുവിടുന്ന ഗാനം കൂടിയാണിത്. ഭീഷ്‌മ പർവത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളല്ലാതെ മറ്റൊന്നും പുറത്തെത്തിയിട്ടുണ്ടായിരുന്നില്ല.

ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമാ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മിഖായേല്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. സൗബിൻ ഷാഹിർ, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, തബു, നാദിയ മൊയ്തു, ലെന, ശ്രിന്ദ, ജിനു ജോസഫ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍.

UPDATES
STORIES