മലയാളികള്‍ക്ക് എക്കാലത്തേക്കും കേട്ടാസ്വദിക്കാനും ഓര്‍ത്തുപാടാനും നൂറ് നൂറ് പാട്ടുകള്‍ നല്‍കിയാണ് ബിച്ചു തിരുമലയുടെ വിടവാങ്ങല്‍. ഈണങ്ങള്‍ക്ക് ശബ്ദമാകാനായി ബിച്ചു തിരുമല കോര്‍ത്ത വാക്കുകള്‍ കവിതകളായിരുന്നു. സംഗീതസംവിധായകര്‍ നല്കുന്ന ഈണങ്ങളെ ലളിതപദങ്ങള്‍കൊണ്ട് അര്ത്ഥസമ്പൂര്ണമാക്കിയാണ് ബിച്ചു തിരുമല സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചതെന്ന് ഗായകന് ജി വേണുഗോപാല്‍ ഓര്‍മ്മിപ്പിക്കുന്നു. പുതിയ ചലച്ചിത്രഗാനങ്ങളില്‍ സംഗീതത്തിന് മാത്രമാണ് പ്രാധാന്യം കൊടുക്കുന്നതെന്ന വിമര്‍ശനം കവി കൂടിയായ ബിച്ചു തിരുമല അടുത്ത കാലം വരെ ആവര്‍ത്തിച്ചിരുന്നു. ‘ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തുവെയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദര്‍ഭവും അറിഞ്ഞിരിക്കണം. എന്തിനെപ്പറ്റിയാണ് നമ്മള് എഴുതുന്നതെന്ന ധാരണയുണ്ടായിരിക്കണം. ചരിത്രവും ഭൂമിശാസ്ത്രവും അറിഞ്ഞ് മനസിലാക്കി എഴുതുന്ന പാട്ടുകള്‍ നിലനില്ക്കും.’
മലയാളവും സംഗീതവുമുള്ളിടത്തോളം കാലം ബിച്ചു തിരുമലയുടെ വരികളും നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. തന്റെ ജീവിതാനുഭവങ്ങളും സന്തോഷങ്ങളും ഉന്മാദങ്ങളും വേദനകളും കൂടി ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പാട്ടെഴുത്ത്. ‘പപ്പയുടെ സ്വന്തം അപ്പൂസി’ലെ ‘ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ല പൈങ്കിളി’ എന്ന പാട്ടുപാടി അമ്മമാര്‍ ഓരോ തവണയും കുഞ്ഞുങ്ങളെ ഉറക്കുമ്പോള്‍ മറ്റൊരാള്‍ക്ക് കൂടി ബിച്ചു തിരുമല ആ സ്നേഹത്തിന്റെ പങ്ക് വാങ്ങിക്കൊടുക്കുന്നുണ്ട്. താരാട്ടിനിടയിലെപ്പോഴൊ അനുഭവപ്പെടുന്നത് ബിച്ചു തിരുമലയ്ക്ക് കുട്ടിക്കാലത്ത് സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ്. ബിച്ചു തിരുമലയ്ക്ക് നാല് വയസുള്ളപ്പോഴാണ് അനുജന് ബാലു എന്ന ബാലഗോപാലന് മരിക്കുന്നത്. സംസാരശേഷില്ലാതിരുന്ന ബാലു ആംഗ്യഭാഷയിലൂടെയാണ് ബിച്ചുവിനോട് സംസാരിച്ചിരുന്നത്. ഒരു ദിവസം രാത്രി നിര്‍ത്താതെ കരഞ്ഞ ബാലു അമ്മയെടുത്ത് താരാട്ട് പാടിയിട്ടും ഉറങ്ങിയില്ല. കുഞ്ഞ് വൈകാതെ മരിച്ചു. പിറ്റേന്ന് രാവിലെ ബാലുവിനെ ഉമ്മറത്തെ പുല്പായയില് കിടത്തി. അനുജന് ആരോ കിടക്ക ഉണ്ടാക്കി കൊടുക്കുന്നു എന്ന് മാത്രമാണ് ബിച്ചുവിന് മനസിലായത്. ദേഹം കുഴിയില്‍ മൂടിയതിന് ശേഷവും ബാലു ഒരു ചെടി പോലെ മുളച്ചുവരുമെന്ന് ആ നാലുവയസുകാരന് കരുതി. ‘എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോള്‍ പാടടീ’ എന്ന വരികള്‍ ബിച്ചു തിരുമല ഈ ഓര്‍മ്മകളില്‍ ചേര്‍ത്തതാണ്.

താന്‍ തന്നെയെഴുതിയ മറ്റൊരു താരാട്ടുപാട്ടിലൂടെയാണ് ബിച്ചു തിരുമല ഓര്‍മ്മകളിലേക്ക് പിടിച്ചുകയറിവന്നത്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍’ (1988) എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ ‘കണ്ണാന്തുമ്പി പോരാമോ’ ആണ് ആ ഗാനം. 1994ലെ ക്രിസ്മസ് കാലത്ത് മകന് സുമനൊപ്പം പുല്‍ക്കൂട് തയ്യാറാക്കുകയായിരുന്നു ബിച്ചു. വീടിന്റെ സണ്‍ഷേഡില്‍ കയറുന്നതിനിടെ വീണു മാരകമായ പരുക്കേറ്റു. ബോധം തിരിച്ചുകിട്ടിയോ എന്നറിയാന്‍ ഡോക്ടര്‍മാര്‍ പാട്ടുകളേക്കുറിച്ചും വരികളേക്കുറിച്ചും ചോദിച്ചുകൊണ്ടിരുന്നു. ‘കണ്ണാന്തുമ്പി പോരാമോ’ എഴുതിയത് ആരാണെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ ‘ഞാനാണ്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപകടമുണ്ടായി പതിനൊന്നും ദിവസം ബിച്ചു തിരുമല പാട്ടെഴുത്തിലേക്ക് മടങ്ങിയെത്തി.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തനി’ലെ (1984) ‘ആലിപ്പഴം പെറുക്കാന്‍, പീലിക്കുട നിവര്‍ത്തി’ എന്ന പാട്ട് തലമുറകള്‍ക്കിപ്പുറവും ബാല്യത്തെ ആകര്‍ഷിക്കുന്നു. ഇളയരാജയുടെ ഈണത്തിനൊപ്പം ജിജോ പുന്നൂസ് ചമച്ച ദൃശ്യഭാഷ മൂന്നര പതിറ്റാണ്ടിനിപ്പുറവും ചലച്ചിത്ര വിദ്യാര്‍ത്ഥികളെ അമ്പരപ്പിക്കുന്നു. കുട്ടിച്ചാത്തനും കുട്ടികളും ചേര്‍ന്ന് ചുവരിലൂടേയും മച്ചിലൂടേയും തലകീഴായി നടക്കുന്നതും ബിച്ചു തിരുമല വാച്യാര്ത്ഥ്യത്തില് തന്നെ എഴുതിയിട്ടുണ്ട്. ഒരു കുട്ടിച്ചാത്തനെ മനസില്‍ ആവാഹിച്ച്, കുട്ടിച്ചാത്തന്റെ ഭാഷയിലാണ് അദ്ദേഹം എഴുതിയതെന്ന് ഈ വാക്കുകള്‍ കാണിച്ചുതരുന്നു. ‘അപ്പൂപ്പന് താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടിവിദ്യ കാണാം, തലകീഴായ് നീന്താം….കരിമാറാലയില്‍ കളിയൂഞ്ഞാലിടാം….കെട്ടിലും തട്ടിലും മച്ചിലും തച്ചിലും കെട്ടിപ്പിടിച്ചു പാടാം…വട്ടം കറങ്ങുന്ന പങ്കപ്പുറത്തിരുന്നൊപ്പം സവാരി ചെയ്യാം ചുവരിന്മേലോടാം പൊയ്ക്കോലം തുള്ളാം.’ സംവിധായകനും സംഗീതസംവിധായകനും ഗാനരചയിതാവും തമ്മിലുള്ള അസാധാരണമായ ഒത്തിണക്കത്തിന്റെ ആവിഷ്കാരമാണ് ‘ആലിപ്പഴം പെറുക്കാന്‍’ എന്ന ഗാനവും രംഗങ്ങളും.