സാഗര്‍ ഹരി സംവിധാനത്തിലെത്തിയ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടന് സുധീഷിനെ അഭിനന്ദിച്ച് ബിജു മേനോന്. ധ്യാന്‍ ശ്രീനിവാസന് കേന്ദ്രകഥാപാത്രയെത്തിയ ചിത്രത്തില്‍ വില്ലന്‍ വേഷമാണ് സുധീഷിന്റേത്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് സുധീഷ് ആണെന്നും സിനിമാ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളമാണെന്നും ബിജു മേനോന് പറയുന്നു.
‘ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓര്‍ത്തു പറയാന്‍ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം. നടന് സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതില്‍ സന്തോഷം. ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന് നായകനായ ചിത്രത്തില്‍ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് ശ്രീ സുധീഷ് ആണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളം’, ബിജു മേനോന് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു സുഹൃത്തെന്ന നിലയില്‍, ഒരു സഹോദരാണെന്ന നിലയില്‍ ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന സഹ പ്രവര്‍ത്തകനെന്ന നിലയില്‍ തീര്‍ച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഉപയ്യോഗപ്പെടുത്തട്ടെ. ഇനിയും ഇത്തരത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങള്‍ കീഴടക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് ചിത്രത്തില്‍ സുധീഷിന്റേത്. ക്രിമിനോളജിസ്റ്റായ പ്രൊഫസര്‍ ജെയിംസ് എന്ന കഥാപാത്രമാണ് നടന്റേത്. നെഗറ്റീവ് ഷേഡുള്ള ഈ വില്ലന്‍ വേഷം സുധീഷിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികവുറ്റതായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ധ്യാന്‍ ശ്രീനിവാസന് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നതും ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ തന്നെയാണ്. ശ്രീവിദ്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജനുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചനയും സാഗര്‍ ഹരി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിച്ചു ബാലമുരളിയാണ് നിര്‍മ്മാണം.