ബാങ്ക് കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ചു; ബ്ലാക്ക് പാന്തര്‍ സംവിധായകനെ അറസ്റ്റ് ചെയ്ത് പൊലീസ്, പിന്നെ മാപ്പ്

ബാങ്ക് കൊള്ളയടിക്കാനെത്തിയ അക്രമിയാണെന്ന് തെറ്റിദ്ധരിച്ച് ബ്ലാക്ക് പാന്തര്‍ റയാന്‍ കൂഗ്രറിനെ അറസ്റ്റ് ചെയ്ത് പൊലീസ്. പണം പിന്‍വലിക്കാനെത്തിയ റയാന്‍ കൂഗ്രര്‍ ബാങ്ക് കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ച ബാങ്ക് ഓഫ് അമേരിക്കയുടെ ജീവനക്കാരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. ബാങ്ക് ഇടപാട് നടത്താന്‍ ശ്രമിച്ച ഇദ്ദേഹത്തെ അറ്റ്‌ലാന്റാ പൊലീസെത്തി കൈവിലങ്ങിട്ട് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയായിരുന്നു.

ജനുവരി ഏഴിനായിരുന്നു സംഭവം. പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ റയാന്‍ മാസ്‌കും സണ്‍ക്ലാസും തൊപ്പിയും ധരിച്ചിരുന്നു.തുടര്‍ന്ന് റയാന്‍ ബാങ്ക് ജീവനക്കാരനോട്, താന്‍ തന്റെ അക്കൗണ്ടില്‍നിന്നും 12,000 ഡോളര്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നെന്നും പണം എണ്ണുന്നത് മറ്റാരും കാണാതെ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കുറിപ്പ് നല്‍കി. ഈ കുറിപ്പ് കണ്ട് റയാന്‍ പണം മോഷ്ടിക്കാനെത്തിയതായിരിക്കാം എന്ന് ജീവനക്കാരന്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തുകയും ചെയ്തു..

ബാങ്കിലെത്തിയ പൊലീസ് റയാനെ കൈവിലങ്ങുവെച്ച് അറസ്റ്റ് ചെയ്യുന്നതിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാങ്കിന് സമീപത്തായി റയാനെ കാത്തുനില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ രണ്ട് സഹപ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് തിരിച്ചറിയല്‍ രേഖകളും ബാങ്കിലെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും പരിശോദിച്ച ശേഷമാണ് പൊലീസ് റയാനെയും സഹപ്രവര്‍ത്തകരെയും വിട്ടയച്ചത്. സംഭവത്തില്‍ അറ്റ്‌ലാന്റാ പൊലീസും ബാങ്ക് ഓഫ് അമേരിക്കയും ഇദ്ദേഹത്തോട് ക്ഷമാപണം നടത്തി. റയാന്‍ ഇക്കാര്യങ്ങള്‍ ചില അന്താരാഷ്ട മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്.

UPDATES
STORIES