‘സൂപ്പര്‍സ്റ്റാറുകള്‍ ഒടിടിയില്‍ അഭിനയ നിലവാരം ഉയര്‍ത്തണം’; നവാസുദ്ദീന്‍ സിദ്ദിഖീ

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ നിലവാരം മെച്ചപ്പെടുത്തണമെന്ന് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖീ. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ആവശ്യമായ നിലവാരം ബോളിവുഡ് താരങ്ങളില്‍ നിന്നുണ്ടാകുന്നില്ലെന്ന് സിദ്ദിഖീ പറഞ്ഞു. എബിപി നെറ്റ്വര്‍ക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ സമ്മിറ്റില്‍ ഒടിടിയുടെ വളര്‍ച്ചയില്‍ താരമാകുന്ന നടന്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒടിടിയുടെ ആരംഭകാലത്ത് നല്ല ഉള്ളടക്കങ്ങള്‍ക്കുള്ള ഇടമായിരുന്നു അത്. ഇന്ന് അവിടേക്ക് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സിനിമകളും എത്തുന്നു. ഇതോടെ മറ്റെല്ലാ വിനോദ മാധ്യമത്തിനും സംഭവിച്ചതുപോലെ ഒരു നിലവാര തകര്‍ച്ച ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം സൂപ്പര്‍ സ്റ്റാറുകള്‍ ഒടിടിയിലേക്ക് വരരുതെന്നല്ല, മറിച്ച് ഒടിടിയെ ലക്ഷ്യംവെച്ച് തയ്യാറാക്കുന്ന സിനിമകളും അതിലുള്‍പ്പെടുന്ന താരങ്ങളും ആ പ്ലാറ്റ്‌ഫോമിനാവശ്യമായ വിധത്തില്‍ ആശയത്തിലും അഭിനയത്തിലും നിലവാരം ഉയര്‍ത്തേണ്ടതുണ്ട് എന്നാണ്’, നവാസുദ്ദീന്‍ സിദ്ദീഖി അഭിപ്രായപ്പെട്ടു.

ആരംഭ കാലത്ത് എന്നപോലെ ലോക നിലവാരം ലക്ഷ്യംവെച്ചുകൊണ്ടുവേണം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പ്രവര്‍ത്തനം തുടരാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഹോളിവുഡിന്റെ അംഗീകാരത്തിനപ്പുറം കൊറിയന്‍ ചിത്രങ്ങളില്‍ നിന്നടക്കമാണ്‌ ഇന്ത്യന്‍ സിനിമയ്ക്ക് പഠിക്കാനുള്ളത്. ഹോളിവുഡിലേതിനേക്കാള്‍ വലിയ താരങ്ങളാണ് കൊറിയന്‍ നടന്മാര്‍. ഒപ്പം വ്യത്യസ്ത ആശയങ്ങളെ ഉള്ളടക്കത്തില്‍ എത്തിക്കാനുള്ള ധൈര്യമാണ് പിന്തുടരേണ്ടതെന്നും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018-ല്‍ സേക്രഡ് ഗെയിംസിലൂടെയാണ് നവാസുദ്ദീന്‍ സിദ്ദിഖീ ഒടിടിയിലേക്ക് ചുവടുവെച്ചത്. പിന്നീട് ഒടിടി ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനവുമായി സിദ്ദിഖി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള വമ്പന്മാരുടെ കടന്നുകയറ്റത്തോടെ ഒടിടി നിലവാരമില്ലാത്ത സിനിമകളടക്കം കൊണ്ട് നിറഞ്ഞെന്ന് അഭിപ്രായപ്പെട്ടായിരുന്നു പ്രഖ്യാപനം.

UPDATES
STORIES