പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ടൈറ്റില്‍ ഗാനമെത്തി. ദീപക് ദേവിന്റെ സംഗീതത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മധു വാസുദേവന്റേതാണ് വരികള്‍.
ഈ പാട്ട് പാടാന്‍ ഏറ്റവും അനുയോജ്യര്‍ പൃഥ്വിരാജും മോഹന്‍ലാലും തന്നെയായിരുന്നെന്ന് ദീപക് ദേവ് അഭിപ്രായപ്പെട്ടിരുന്നു. ‘അച്ഛനും മകനും തമ്മിലുള്ള സൗഹൃദം വെളിവാക്കുന്ന പാട്ടാണത്. ഈ പാട്ട് ആര് പാടും എന്നത് ഒരു ചോദ്യചിഹ്നമായി വന്നു. പൃഥ്വിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞാല്‍ അതൊഴിച്ച് ബാക്കിയെല്ലാം പുള്ളി ചെയ്യും. ചെയ്യാന്‍ പറഞ്ഞത് പറ്റില്ലെന്ന് പറയുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ മനപ്പൂര്‍വം എന്റെ ആഗ്രഹം അന്ന് പറഞ്ഞില്ല. പിന്നെ അദ്ദേഹം തന്നെ ഇങ്ങോട്ട് വന്ന് ഞാനും ലാലേട്ടനും പാടിയാല്‍ എങ്ങനെയുണ്ടാവുമെന്ന് എന്നോട് ചോദിച്ചു. ലാലേട്ടന് പാടും, നീ പാടുമോ എന്നൊക്കെ ഞാന്‍ തിരിച്ചും ചോദിച്ചു. അങ്ങനെയാണ് റെക്കോര്‍ഡ് ചെയ്തത്. ചെയ്തുവന്നപ്പോള്‍ തോന്നിയത് ഇവര്‍ രണ്ടുപേരേക്കാളും മികച്ച കോമ്പിനേഷന്‍ ആ പാട്ടിന് വേറെയുണ്ടാവില്ലെന്നാണ്’, ദീപക് പറഞ്ഞു.
ആനിമേഷന്‍ രംഗങ്ങളോടെയാണ് ടൈറ്റില്‍ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു. ആനിമേഷന്‍ ആര്‍ട്ടിസ്റ്റ് ഭാഗ്യയാണ് ഈ രംഗങ്ങള്‍ തയ്യാക്കുന്നത്. യൗവനത്തിന്റെ തുടക്കത്തില്‍ രണ്ട് പേര് വിവാഹിതരാവുകയും കല്യാണം കഴിഞ്ഞയുടന്‍ അവര്‍ക്കൊരു ആണ്‍കുഞ്ഞ് ജനിക്കുന്നതും അവരുടെ ജീവിതത്തിന്റെ തുടക്കകാലങ്ങളും ഈ കുട്ടി ഒരു യുവാവായി വളരുന്നതുവരെയുമുള്ള അവതരണമാണ് ആനിമേഷനുവേണ്ടി താന്‍ ആലോചിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് തയ്യാറാക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മീന, ലാലു അലക്സ്, കല്യാണി പ്രിയദര്ശന്, മുരളി ഗോപി, മല്ലിക സുകുമാരന്‍, സൗബിന് ഷാഹിര്‍ തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.