‘പുരുഷന്മാരെ കാമാസക്തരായി ചിത്രീകരിക്കുന്നു’; സമാന്തയുടെ പുഷ്പ ഡാന്‍സിനെതിരെ മെന്‍സ് അസോസിയേഷന്‍

തെന്നിന്ത്യന്‍ ഭാഷകളില്‍ ഡിസംബര്‍ 17ന് പ്രദര്‍ശനത്തിനൊരുങ്ങുകയാണ് അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പ. പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച പുഷ്പ, റിലീസിന് മുമ്പേ തന്നെ 250 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ടുള്ള ഓരോ പുരോഗതിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചതും. എന്നാല്‍, പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ചിത്രത്തില്‍ സമാന്ത അവതരിപ്പിച്ച ഗാനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന.

തമിഴില്‍ ഊ സോള്‍റിയ എന്നും തെലുങ്കില്‍ ഊ ആണ്ടവാ എന്നും തുടങ്ങുന്ന സമാന്തയുടെ ഐറ്റം ഡാന്‍സോടുകൂടിയ ഗാനം പുരുഷന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നെന്നും മോശമായി ചിത്രീകരിക്കുന്നെന്നുമാണ് പരാതി. ഗാനത്തിന്റെ വരികളില്‍ പുരുഷന്മാര്‍ കാമാതുരരാണ് എന്ന് വരുത്തിത്തീര്‍ക്കുന്നെന്നും പരാതിയില്‍ പറയുന്നു. ഗാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് ഹൈക്കോടതിയിലാണ് പരാതി. കേസില്‍ കോടതി ഇതുവരെ പെട്ടിട്ടില്ല.

സമാന്ത ചുവടുകള്‍ വെച്ച ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഏറെ ഹിറ്റായിക്കഴിഞ്ഞു. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ദക്ഷിണേന്ത്യന്‍ പാട്ടെന്ന നേട്ടവും സ്വന്തമാക്കി. തെലുങ്കില്‍ ഈ ഗാനം 24 മണിക്കൂറില്‍ 14 മില്യണിന് മുകളില്‍ ആളുകള്‍ കണ്ടു. ചന്ദ്രബോസ് എഴുതി ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ഇന്ദ്രാവതി ചൗഹാനാണ് തെലുങ്കില്‍ ആലപിച്ചിരിക്കുന്നത്.

അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ ആര്യയുടെ സംവിധായകന്‍ സുകുമറാണ് പുഷ്പയും ഒരുക്കുന്നത്. അല്ലു അര്‍ജുന്‍-രശ്മിക മന്ദാന കോമ്പിനേഷനിലെത്തുന്ന ചിത്രം രണ്ടുഭാഗമായിട്ടാണ് എത്തുക. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതവും സൗണ്ട് ട്രാക്കും. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌കിന്റേതാണ് ക്യാമറ. സൗണ്ട് എഞ്ചിനീയറായി റസൂല്‍ പൂക്കുട്ടി എത്തുന്നു. കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഡിസംബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.

UPDATES
STORIES