തിരക്കഥാ-ആക്ടിങ് കോമ്പോകളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് വീഡിയോ. ‘വെടിക്കെട്ട്’ എന്ന ചിത്രത്തിനുവേണ്ടിയാണ് കാസ്റ്റിങ് കോള്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ജിബര്‍ല ജിന്‍ഡ്രാല എന്ന് പേരിട്ടാണ് പുതുമുഖങ്ങളെ തേടിയുള്ള കാസ്റ്റിങ് കോള്‍ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിലും പോസ്റ്റര്‍ ഒട്ടിക്കാന്‍ എത്തുന്ന സംവിധായകരായി ബിബിനും വിഷ്ണുവും അഭിനയിക്കുന്നുണ്ട്.
കാസ്റ്റിങ് കോള്‍ വീഡിയോയിലെ വാചകങ്ങള്‍ ഇങ്ങനെ;
‘കേരളത്തില്‍ ആദ്യമായി വാക്സിന് എടുത്ത തെറിച്ചുനില്ക്കുന്ന അപ്പാപ്പന്മാര്, അമ്മാമ്മമാര് (60 വയസ് കഴിഞ്ഞവര്‍ വേണം, അയിനാണ്)
കണ്ടാല്‍ പേടി തോന്നുന്ന, ഏണി, അറുക, ഡാര്‍ക്ക് ലുക്കിലുള്ള ഡാവുകള്‍ (ഇനി കണ്ടിട്ട് പേടി തോന്നാത്തവരും പോന്നോ)
ടിക് ടോക്ക് നിരോധിച്ചതിന് ശേഷം റീല്‍സ് വീഡിയോകള്‍ ഇട്ട് വെറുപ്പിക്കുന്ന ചങ്കത്തികള്‍ (കലിപ്പിന്റെ കാന്താരികള്‍ ആണെങ്കില്‍ കലക്കും)
ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഇരുന്ന് ഉഴപ്പുന്ന പുള്ളങ്ങള് (10 വയസിന് താഴെ)
തൊഴിലുറപ്പന് പോകുന്ന ചേച്ചിമാരും മദ്യം വാങ്ങാന്‍ ക്യൂ നില്ക്കുന്ന മദ്ധ്യവയസ്കരും (40നും 50നും ഇടയില്‍ പ്രായമുള്ളവര്‍)
ഏത് കളറും സ്വീകരിക്കും’.
ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷയും ഷിനോയ് മാത്യുവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെടിക്കെട്ടിന്റെ ചിത്രീകരണം അടുത്തവര്‍ഷം പകുതിയോടെ ആരംഭിക്കും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
നവാഗത സംവിധായകന് അന്‍സാജ് ഗോപി ഒരുക്കുന്ന ‘മരതക’മാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം. മരതകത്തിന്റെ പൂജ കഴിഞ്ഞ ദിവസം കുമളിയില്‍വെച്ച് നടന്നു. ‘കൃഷ്ണന് കുട്ടി പണിതുടങ്ങി’ ആണ് വിഷ്ണു നായകനായെത്തിയ ഒടുവിലത്തെ ചിത്രം. മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ല്‍ ബിബിന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബിബിനെ കേന്ദ്രകഥാപാത്രമാക്കി ജോര്‍ജ് വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ‘ഐസിയു’ അണിയറയിലൊരുങ്ങുന്നുണ്ട്.
2015ല്‍ പ്രഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘അമര്‍ അക്ബര്‍ അന്തോണി’യുടെ തിരക്കഥ തയ്യാറാക്കിയാണ് ഇരുവരും സിനിമാമേഖലയില്‍ സജീവമായത്. തുടര്‍ന്ന് വിഷ്ണുതന്നെ നായകനായ ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്’, ദുല്‍ഖര്‍ സല്മാന് പ്രധാന വേഷത്തിലെത്തിയ ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്നീചിത്രങ്ങള്ക്കും തിരക്കഥയൊരുക്കി.