സിബിഐ 5: ദ ബ്രയിന്‍ ആദ്യദിന കളക്ഷന്‍

ഒരിടവേളയ്ക്കുശേഷം സജീവമായ തിയറ്ററുകളില്‍ പ്രേക്ഷകർ ഏറെ കാത്തിരുന്ന് എത്തിയ ചിത്രമാണ് ‘CBI 5: ദ ബ്രയിന്‍’. മെയ് ഒന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്. 34 വർഷങ്ങള്‍ നീണ്ട സിബിഐ സേതുരാമ അയ്യർ ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗമായ ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്.

ട്രേഡ് അനലിസ്റ്റിറ്റില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് അഞ്ച് കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. അഡ്വാന്‍സ് ബുക്കിംഗുകള്‍ക്ക് ഈ നേട്ടത്തില്‍ വലിയ പങ്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വർഷം റിലീസിനെത്തിയ ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ രണ്ടാം സ്ഥാനമാണ് ‘സിബിഐ 5’ കെെവരിച്ചിരിക്കുന്നത്. മാർച്ചില്‍ റിലീസിനെത്തിയ മമ്മൂട്ടി ചിത്രം ‘ഭീഷ്മ പർവ്വ’മാണ് മുന്നിലുള്ളത്.

ഏപ്രിൽ 28 ന് റിലീസുചെയ്ത പൃഥ്വിരാജ് ചിത്രം ‘ജനഗണമന’, ഏപ്രിൽ 29 ന് റിലീസുചെയ്ത സത്യൻ അന്തിക്കാട്- ജയറാം- മീരാ ജാസ്മിന്‍ ചിത്രം ‘മകൾ’ എന്നിവ ഇതിനോടടുത്ത് ആദ്യ ദിന കളക്ഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒപ്പം കുതിപ്പ് തുടരുന്ന ‘കെജിഎഫ് 2’ നോടും മത്സരിച്ചാണ് സിബിഐ നേട്ടം കെെവരിച്ചിരിക്കുന്നത്.

അതേസമയം, മറ്റ് ഭാഷകളില്‍ ചിത്രം ലഭ്യമല്ലാത്തതും, മലയാള സിനിമകള്‍ വലിയ നേട്ടം കണ്ടെത്തുന്ന ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാത്തതും കളക്ഷനെ ബാധിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് മിഡിൽ ഈസ്റ്റിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസിനാണ് ചിത്രത്തിന്റെ വിതരണാവകാശം.

കെ മധു സംവിധാനം ചെയ്ത ചിത്രം നിശ്ചിതകാല തിയേറ്റർ പ്രദർശനത്തിനുശേഷം നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസിനെത്തും.

UPDATES
STORIES