‘വിക്രം ഈസ് ബാക്ക്’; ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി കെ മധു ഒരുക്കുന്ന ‘സിബിഐ5: ദ ബ്രെയ്ന്‍’ ഞായറാഴ്ച തിയേറ്ററുകളിലെത്തുകയാണ്. സിബിഐ സീരിസിലെ അഞ്ചാംഭാഗത്തിനായി പ്രതീക്ഷയോടെ അവസാന മണിക്കൂര്‍ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

‘വിക്രം ഈസ് ബാക്ക്’ എന്ന എഴുത്തോടെയാണ് ജഗതിയുടെ മടങ്ങിവരവിനെ ആഘോഷിച്ചുകൊണ്ടുള്ള ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സിബിഐ സീരീസുകളിലെ അവിഭാജ്യ ഘടകമാണ് ജഗതി അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രം. വാഹനാപകടത്തില്‍ പരിക്കേറ്റതിന് ശേഷം ജഗതി ഒരു പരസ്യചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചത്. ‘സിബിഐ ദ ബ്രെയ്ന്‍’ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തില്‍ ജഗതിയുമുണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

മുകേഷ്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി തുടങ്ങിയവരും അഞ്ചാം ഭാഗത്തില്‍ വേഷമിടുന്നുണ്ട്. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ആയിരുന്നു സീരീസിലെ ആദ്യ ചിത്രം. ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നിവ പിന്നാലെയെത്തി. എസ് എന്‍ സ്വാമി തിരക്കഥ തയ്യാറാക്കിയ ഈ നാല് ചിത്രങ്ങളും കെ മധു തന്നെയായിരുന്നു സംവിധാനം ചെയ്തത്. അഞ്ചാം സിബിഐയും ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടില്‍ത്തന്നെയാണ്.

സര്‍ഗചിത്ര ഫിലിംസിന്റെ ബാനറില്‍ സര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മാണത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഖില്‍ ജോര്‍ജാണ് സിബിഐ അഞ്ചിലെ ഛായാഗ്രാഹകന്‍. സംഗീതം ജേക്സ് ബിജോയ്.

UPDATES
STORIES