‘ഓർമ്മ’യിൽ അന്ത്യവിശ്രമം; കെ.പി.എ.സി ലളിതയ്ക്ക് വിട ചൊല്ലി കേരളം

അന്തരിച്ച നടി കെ.പി.എ.സി ലളിതയ്ക്ക് വടക്കാഞ്ചേരി എങ്കക്കാട്ട് ദേശത്തെ സ്വന്തം വസതിയായി ഓർമ്മയിൽ അന്ത്യവിശ്രമം. വീട്ടുവളപ്പിലാണ് ചിതയൊരുക്കിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ സിദ്ധാർഥ് സഹോദരിയുടെ മകൻ പ്രദീപ്, സഹോദരന്റെ മകൻ കൃഷ്ണൻകുട്ടി തുടങ്ങിയവരാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.

മകനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു ചൊവ്വാഴ്ച രാത്രി 10.45-ന് അന്ത്യം. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം ഉച്ചയോടെയാണ് വടക്കാഞ്ചേരിയിൽ എത്തിച്ചത്. തൃശൂരിൽ സംഗീത നാടക അക്കാദമി ഹാളിലും പൊതുദർശനത്തിനു വച്ചിരുന്നു.

നടന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മ​ഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, ശ്രുതി ലക്ഷ്‌മി, സരയൂ, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പൃഥ്വിരാജ്, ജയസൂര്യ, ജനാർദ്ദനൻ, മല്ലിക സുകുമാരൻ, ഹരിശ്രീ അശോകൻ, എം.ജി ശ്രീകുമാർ,ആന്റണി പെരുമ്പാവൂർ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയുടെ ആദ്യ ചിത്രം കെ.എസ് സേതുമാതവന്റെ കൂട്ടുകുടുംബം ആണ്. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ലാണ് കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയത്. 550 ലധികം സിനിമകളുടെ ഭാ​ഗമായ കെ.പി.എ.സി ലളിതയ്ക്ക് രണ്ട് തവണ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ശാന്തം, അമരം എന്നീ ചിത്രങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.

അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥും ശ്രീക്കുട്ടിയുമാണ് മക്കൾ.

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. പത്താംവയസ്സില്‍ ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. തുടർന്നാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി.

സിനിമയിൽ എത്തിയതിന് ശേഷം 1978 ൽ പ്രമുഖ സംവിധായകൻ ഭരതനെ വിവാഹം ചെയ്തു. പിന്നീട് ഒരു ഇടവേളക്കു ശേഷം 1983 ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിൽ അഭിനയിച്ചു. 1998 ജൂലൈ 29 ന് ഭർത്താവായ ഭരതൻ മരിക്കുകയും സിനിമയിൽ നിന്ന് വീണ്ടും ഒരു ഇടവേള ആവർത്തിച്ചു. പക്ഷേ 1999 ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമായി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.

സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു. സി.പി.എം സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

UPDATES
STORIES