‘ക്യാന്‍സർ ഫ്രീയായി ഉണർന്നിരിക്കുന്നു’; സ്തനാർബുദ ശസ്ത്രക്രിയ്ക്കുശേഷമുള്ള ആദ്യചിത്രം പങ്കുവെച്ച് ഛവി മിത്തല്‍

സ്തനാർബുദം സ്ഥിരീകരിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് ശേഷമുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടി ഛവി മിത്തല്‍. ‘ക്യാന്‍സർ ഫ്രീ ആയി ഞാന്‍ ഉണർന്നു’ എന്ന ക്യാപ്ഷനൊപ്പമാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം താരം പങ്കുവെച്ചത്. ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ്ക്ക് ഒടുവില്‍ വലിയ വേദനയിലാണെങ്കിലും മുഖത്ത് ഒരു പുഞ്ചിരിയുമായാണ് താന്‍ ഈ യുദ്ധം ജയിച്ചു കയറുന്നതെന്ന് ഛവി ചിത്രത്തിനൊപ്പം കുറിച്ചു.

ഒപ്പം നിന്ന ആരാധകർക്ക് നന്ദി പറഞ്ഞ ഛവി ആരോഗ്യവതിയായിരിക്കുന്നു എന്നും അറിയിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് രോഗം സ്ഥിരീകരിച്ച താരം തന്റെ ക്യാന്‍സർ യാത്രയിലൂടെ സ്തനാർബുദം സംബന്ധിച്ച ബോധവത്കരണം പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ സജീവയായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ വർക്ക്ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച താരം എപ്പോഴും പൊസിറ്റീവായിരിക്കുന്നു എന്ന് ആരാധകരെ അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പങ്കുവെച്ച സ്കിപിംഗ് വീഡിയോയില്‍ രോഗം സ്ഥിരീകരിച്ചതിനെക്കുറിച്ചും പരിശോധനയുടെ പ്രധാന്യത്തെക്കുറിച്ചും ഛവി സംസാരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ആശുപത്രി യാത്രയ്ക്ക് മുന്‍പ് തന്റെ പോസിറ്റീവ് ഡാന്‍സും താരം പങ്കുവെച്ചു.

വർക്കൗട്ടിന് ഇടയിൽ പരുക്കേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു താരത്തിന് സ്തനാർബുദം സ്ഥിരീകരിച്ചത്. രോഗം നേരത്തെ കണ്ടുപിടിക്കാനായതില്‍ ഭാഗ്യവതിയാണെന്ന് ചൂണ്ടിക്കാട്ടിയ ഛവി മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും കുറിച്ചിരുന്നു.

‘തുമാരി ദിഷ’, ‘ഏക് ചുട്കി ആസ്മ’, ‘ഏക് വിവാഹ് ഐസാ ബി’, ‘കെെസാ കഹേന്‍’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ ഛവി നിരവധി ടെലിവിഷന്‍ പരമ്പരകളുടെയും ഭാഗമാണ്. എഴുത്തുകാരനായ മോഹിത് ഹുസെെനാണ് പങ്കാളി. രണ്ടു മക്കളുണ്ട്.

UPDATES
STORIES