സജ്‌ന നജാം: മക്കള്‍ക്കുവേണ്ടി ചുവടുവെച്ച് മലയാളത്തെ നൃത്തം പഠിപ്പിക്കാനെത്തിയ കൊറിയോഗ്രാഫര്‍

സജ്‌ന നജാമിന് നൃത്തം തൊഴിലായി സ്വീകരിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. തിരുവനന്തപുരം ജില്ലയിലെ ചിറയന്‍കീഴ് എന്ന ഗ്രാമത്തില്‍ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലായിരുന്നു സജ്‌നയുടെ ജനനം. എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ സജ്‌ന തീരുമാനിച്ചു മുപ്പതാം വയസില്‍ നൃത്തം അവസാനിപ്പിക്കാം എന്ന്. മുപ്പതായപ്പോള്‍ ഒരു പത്തുവര്‍ഷം കൂടി കഴിയട്ടെ എന്നായി. ഇപ്പോള്‍ സജ്‌ന നജാം എന്ന നൃത്തസംവിധായികയ്ക്ക് വയസ് അന്‍പതായി. ഒരു സ്റ്റേജില്‍ നിന്ന് മറ്റൊരു സ്റ്റേജിലേക്കും ഒരു സിനിമയുടെ സെറ്റില്‍ നിന്ന് മറ്റൊന്നിലേക്കും പാറി നടക്കുമ്പോള്‍ സജ്‌നയ്ക്ക് അറിയാം, നൃത്തം ഉപേക്ഷിക്കാന്‍ തനിക്കാകില്ല എന്ന്. വിശപ്പും ദാഹവും ദേഷ്യവും സന്തോഷവുമൊക്കെ പോലെ തന്നില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കഴിയാത്ത എന്തോ ഒന്നാണ് നൃത്തം എന്ന്. നൃത്തം അഭ്യസിച്ചിട്ടില്ലാത്ത സജ്‌നയ്ക്ക് ആദ്യ ചിത്രത്തിനു തന്നെ മികച്ച കോറിയോഗ്രാഫര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തതും ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നൃത്തസംവിധായികയായി മാറ്റിയതും ഈ പാഷന്‍ തന്നെയാണ്.

സംസ്ഥാന പുരസകാരവേദിയില്‍

“സ്ത്രീകള്‍ക്ക് ഒരുപാട് സ്വാതന്ത്ര്യമുള്ള കുടുംബമായിരുന്നില്ല എന്റേത്. കുടുംബത്തിനകത്തും പുറത്തും മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നു. ഞാനല്ല, ഉപ്പയും ഉമ്മയുമാണ് ബുദ്ധിമുട്ടിയിട്ടുള്ളത്. എന്റെ ഉമ്മ ഹജ്ജ് ചെയ്ത ആളാണ്. അറിയാത്ത നമ്പരുകളില്‍ നിന്നൊക്കെ ഫോണ്‍ വരും. ‘മകളെ അഴിഞ്ഞാടാന്‍ വിടുകയല്ലേ’ എന്ന് ചോദിക്കും. പക്ഷെ ഉമ്മ പറയും ‘എന്റെ മോള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്നെനിക്കറിയാം,’ എന്ന്. ആ മറുപടി എന്നെ അത്ഭുതപ്പെടുത്തുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തിട്ടുണ്ട്. ഉമ്മയ്ക്ക് ഇങ്ങനെ സംസാരിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും പലപ്പോഴും ഉമ്മ പറയും ‘മോളേ നിര്‍ത്ത്,’ എന്ന്. ഓരോ തവണ നിര്‍ത്താം എന്നു കരുതുമ്പോഴും പുതിയ അവസരങ്ങള്‍ വരും. ഞാന്‍ വീണ്ടും തുടരും. ഇനി അവര്‍ നിര്‍ത്താന്‍ പറയില്ല എന്ന് എനിക്കറിയാം.”

എന്റെ ഈ യാത്രയെ ‘മാജിക്കല്‍’ എന്നു വിളിക്കാനാണ് സജ്‌നയ്ക്ക് ഇഷട്ം. തനിക്ക് കിട്ടാത്ത പ്രോത്സാഹനം സജ്‌ന തന്റെ മകള്‍ക്ക് നല്‍കുന്നുണ്ട്. ഇളയ മകള്‍ റിയ തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ്. സിനിമ പ്രാണനായി കൊണ്ടുനടക്കുന്ന റിയയ്ക്ക് സജ്‌നയാണ് പിന്തുണ. സന്തോഷം നല്‍കുന്നത് ചെയ്യാനാണ് മകള്‍ക്ക് സജ്‌നയുടെ ഉപദേശം.

വിക്രമാദിത്യന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നമിതയ്ക്കും ദുല്‍ഖറിനുമൊപ്പം സജ്‌ന

ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണിമുകുന്ദന്‍, നമിത പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കിയ ‘വിക്രമാദിത്യന്‍’ ആയിരുന്നു സജ്‌നയുടെ ആദ്യ ചിത്രം. നൃത്തം പഠിച്ചിട്ടില്ലാത്ത സജ്‌നക്ക് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. തന്റെ സിനിമയ്ക്കായി മനോഹരമായ നൃത്തച്ചുവടുകളൊരുക്കിയ ആ തുടക്കക്കാരി ഇന്ന് തിരക്കുള്ള കൊറിയോഗ്രാഫറായി മാറിയതിലുള്ള സന്തോഷം ലാല്‍ ജോസ് പങ്കുവയ്ക്കുന്നു.

“സജ്‌ന നജാമിനെ എനിക്ക് പരിചയപ്പെടുത്തുന്നത് ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ്. ചില രംഗങ്ങള്‍ക്കിടയിലും പാട്ടിനിടയിലും മനോഹരമായ ഡാന്‍സ് മൂവ്‌മെന്റ്‌സ് വേണമായിരുന്നു. നാട്ടില്‍ നിന്നു തന്നെയുള്ള ഒരു കൊറിയോഗ്രാഫറാണെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞപ്പോഴാണ് ജോമോന്‍ സജ്‌നയുടെ പേര് നിര്‍ദേശിച്ചത്. സിനിമയിലെ ഒരു രംഗത്തിനിടെ ദുല്‍ഖറൊക്കെ ഡാന്‍സ് ചെയ്യുന്ന ഒരു ഭാഗമുണ്ടായിരുന്നു. പിന്നെ ‘മഴനിലാ കുളിരുമായ്’ എന്ന പാട്ടിനിടയില്‍ നമിത ചെയ്യുന്ന കൊങ്ങിണി ഡാന്‍സും. ഇതിനായി മനോഹരമായ ചുവടുകളാണ് സജ്‌ന ഒരുക്കിയത്.”

” വിക്രമാദിത്യന്‍ അവരുടെ ആദ്യ ചിത്രമായിരുന്നു. സാധാരണയായി കൊറിയോഗ്രാഫര്‍മാരുടെ അസിസ്റ്റന്റായി വരുന്ന ആളുകളാണ് പലപ്പോഴും മുഖ്യധാരയിലേക്ക് പിന്നീട് എത്തുന്നത്. എന്നാല്‍ സിനിമയില്‍ മുന്‍ പരിചയമൊന്നുമില്ലാതിരുന്ന സജ്‌നയ്ക്ക് യാതൊരു ആശങ്കയും ഇല്ലായിരുന്നു. പറയുന്ന കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ മനസിലാക്കിയെടുക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. പരിചയസമ്പത്തുള്ള ഒരു കൊറിയോഗ്രാഫര്‍ ചെയ്യുന്നതു പോലെയായിരുന്നു സജ്‌നയുടെ ജോലി. ആ സിനിമയ്ക്ക് അവര്‍ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പിന്നീട് സജ്‌ന തിരക്കുള്ള ഒരു കൊറിയോഗ്രാഫറായി മാറി,” ലാല്‍ ജോസ് ഓര്‍ക്കുന്നു.

ലാല്‍ജോസിനൊപ്പം

ചെറുപ്പം മുതലേ സിനിമ സജ്‌നയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു. മുത്തച്ഛന്‍ എം എ റഷീദ് 1952 ല്‍ ഖദീജ എന്ന പേരില്‍ ചിറയന്‍കീഴിലെ ആദ്യത്തെ തിയേറ്റര്‍ നിര്‍മ്മിച്ചു. കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ക്ക് കുടുംബ സമേതം സിനിമ കാണുന്നതിന് വേണ്ടി ബോക്സ് സൗകര്യമുള്ള കേരളത്തിലെ മൂന്ന് തിയറ്റര്‍കളില്‍ ഒന്നായിരുന്നു. ചിറയിന്‍കീഴിന്റെ മൂന്നില്‍ രണ്ട് ഭാഗം ഭൂമിയും കൈവശം ഉണ്ടായിരുന്ന എം എ റഷീദ് എന്ന ധനാഢ്യനായിരുന്നു 1957 ല്‍ ഖദീജ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൂടപ്പിറപ്പ് എന്ന ചിത്രം നിര്‍മിച്ചത്. പ്രശസ്ത ഗാനരചയിതാവായ വയലാര്‍ രാമവര്‍മയും, പ്രേംനസീറിന്റെ സഹോദരന്‍ പ്രേംനവാസും ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിയത് ഈ സിനിമയിലൂടെയാണ്.

കുട്ടിക്കാലത്ത് പ്രേംനസീറിനൊപ്പം

ചിറയന്‍കീഴിലെ കുട്ടിക്കാലത്ത് കുടുംബസ്വത്തായ സ്വന്തം തിയേറ്ററില്‍ പോയി സിനിമ കാണുകയും സിനിമയ്ക്കിടെ പാട്ട് വരുമ്പോള്‍ അതിനൊപ്പം നിന്ന് നൃത്തം ചെയ്യുകയും ചെയ്തിരുന്നതാണ് നൃത്തരംഗത്തെ സജ്നയുടെ ബാലപാഠങ്ങള്‍.

“പണ്ടത്തെ തിയറ്ററില്‍ ഉടമസ്ഥര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ഇരിക്കാനായി ക്രമീകരിച്ചിരുന്ന ബോക്സ് പോലൊരിടത്തായിരുന്നു എന്റെ നൃത്തപ്രകടനം. ചെറിയ ഗ്രാമത്തിലെ തിയറ്ററായതുകൊണ്ട് ഞാന്‍ മോളാണെന്നൊക്കെ അവിടെയുള്ളവര്‍ക്കറിയാമായിരുന്നു. എന്റെ നൃത്തം കണ്ട് ആളുകള്‍ തിരിഞ്ഞു നോക്കുമായിരുന്നു. ആളുകള്‍ ശ്രദ്ധിക്കുന്നുവെന്നു കാണുമ്പോള്‍ ഞാന്‍ കുറച്ചു കൂടുതല്‍ നൃത്തം ചെയ്യും. അങ്ങനെയാണ് നൃത്തത്തോട് ഇഷ്ടം തോന്നിത്തുടങ്ങിയത്,” കുട്ടിക്കാലത്തെ ഓര്‍മകളില്‍ സജ്ന.

ഹോസ്റ്റലില്‍ താമസിച്ചായിരുന്നു സജ്‌നയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂളില്‍ ഡാന്‍സിന് ആളു തികയാതെ വരുമ്പോള്‍ ഹോസ്റ്റലിലെ കുട്ടികളെ പിടിച്ച് നൃത്തത്തില്‍ ചേര്‍ക്കും. അങ്ങനെ സ്‌കൂളിലെ പരിപാടികളില്‍ സജ്‌നയും സുഹൃത്തുക്കളും സജീവമായി.

നൃത്തത്തില്‍ തന്റെ എക്കാലത്തേയും വലിയ ഗുരു കമല്‍ഹാസനാണെന്ന് സജ്‌ന. അന്നും ഇന്നും മറ്റൊരാളോടും തോന്നാത്ത ആരാധനയാണ് ഉലകനായകനോട് സജ്‌നയ്ക്ക്.

കമല്‍ഹാസനൊപ്പം സജ്‌ന

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി പതിനേഴാം വയസില്‍ സജ്ന വിവാഹിതയായി. പത്തൊന്‍പതാം വയസില്‍ മകള്‍ ജനിച്ചു. പിന്നീട്, ബോളിവുഡ് സിനിമകളുടെ ആരാധികയായ അന്നത്തെ കൗമാരക്കാരി നൃത്തരംഗങ്ങള്‍ മനപാഠമാക്കി.

“കുഞ്ഞ് വലുതാകുന്നതിനനുസരിച്ച് അവളെ നൃത്തം പഠിപ്പിക്കുന്നതും അവള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതുമൊക്കെയായിരുന്നു എന്റെ ഹോബി. സൗദിയായതുകൊണ്ട് പുറത്തു പോയി നൃത്തം അവതരിപ്പിക്കാന്‍ പറ്റില്ല. മകളുടെ കൂട്ടുകാരെ നൃത്തം പഠിപ്പിക്കുമായിരുന്നു. രണ്ടാമത്തെ കുട്ടിയായപ്പോള്‍ ഞങ്ങള്‍ മൂന്നുപേരുംകൂടി ചേര്‍ന്നായിരുന്നു നൃത്തം ചെയ്തിരുന്നത്. ഇതായിരുന്നു നൃത്തത്തെക്കുറിച്ച് എനിക്ക് ലഭിച്ച അടിസ്ഥാന അറിവ്.”

ഒരു അവധിക്കാലത്ത് നാട്ടിലേക്ക് വന്ന സജ്‌നയ്ക്ക് പിന്നീട് തിരിച്ചു പോകാനായില്ല. മകളെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ത്തു. തന്റെ കയ്യിലുള്ള ഡാന്‍സും പാട്ടും അവളെ പഠിപ്പിച്ചു. സ്‌കൂളിലെ മത്സരങ്ങളില്‍ പങ്കെടുത്തപ്പോള്‍ ആരാ പഠിപ്പിച്ചതെന്ന് അധ്യാപകര്‍ ചോദിച്ചു. മമ്മി ആണെന്ന് പറഞ്ഞു. അതോടെ സ്‌കൂളിലെ മറ്റു കുട്ടികളെയും ഡാന്‍സ് പഠിപ്പിക്കേണ്ടത് സജ്‌നയുടെ ചുമതലയായി. ഒടുവില്‍ രണ്ടായിരത്തി ഒന്നില്‍ ‘സറീന സ്‌കൂള്‍ ഓഫ് ഡാന്‍സ്’ എന്ന പേരില്‍ നൃത്ത വിദ്യാലയം ആരംഭിച്ചു. ഡാന്‍സ് സ്‌കൂള്‍ സജ്നയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പിന്നീട് പലയിടങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കാനായി ആളുകള്‍ സജ്‌നയെ തേടിയെത്തിതുടങ്ങി.

“ഡാന്‍സ് സ്‌കൂളിന്റെ ആദ്യത്തെ പ്രോഗ്രാം ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു. പിന്നീട് പലസ്ഥലത്തും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. ടെലിവിഷന്‍ചാനലുകള്‍ക്ക് വേണ്ടി ഒരുപാട് പ്രോഗ്രാം ചെയ്തു. എല്ലാ ചാനലുകളിലും പ്രോഗ്രാം ചെയ്തിട്ടുണ്ട്. അമൃത ടിവി യില്‍ ചെയ്ത ‘സൂപ്പര്‍ സ്റ്റാര്‍’ ആണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോകള്‍ ഒരുക്കുമ്പോള്‍ തന്നെ സ്റ്റേജ് ഷോകള്‍ക്ക് വേണ്ടിയും വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു.”

സ്‌റ്റേജുകള്‍ സജ്‌നയ്ക്ക് സമ്മാനിച്ചത് വലിയൊരു സൗഹൃദവലയമാണ്. രണ്ടായിരത്തി മൂന്നില്‍ ‘ബാല്യം’ എന്ന സിനിമയില്‍ കൊറിയോഗ്രാഫി ചെയ്തു. അതൊരു പുതിയ തുടക്കമായിരുന്നു. പിന്നെയും മൂന്നാല് സിനിമകള്‍ ചെയ്തു. ഇതിനിടക്ക് ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ചെയ്ത ഒരു പരസ്യ ചിത്രത്തില്‍ ഭാഗമാകാന്‍ അവസരം ലഭിച്ചു. അവിടെ വെച്ച് ആന്‍ ആഗസ്റ്റിനെകണ്ടു. ജോമോനും ആനും വഴി സജ്‌ന ലാല്‍ ജോസിനടുത്തെത്തി.

വിക്രമാദിത്യന് ശേഷം സിനിമയില്‍ നിന്ന് കാര്യമായ അവസരങ്ങളൊന്നും വന്നില്ലെങ്കിലും സ്റ്റേജില്‍ സജ്‌ന താരമായിരുന്നു. തന്റെ നര്‍ത്തകര്‍ക്ക് ഏറ്റവും നല്ല സ്‌റ്റെപ്പുകള്‍ പഠിപ്പിച്ചു കൊടുത്തും കോസ്റ്റിയൂമില്‍ കോംപ്രമൈസ് ചെയ്യാതെയും സജ്‌ന തിളങ്ങി. പതിയെ സിനിമയില്‍ നിന്നും വിളികള്‍ വന്നു തുടങ്ങി. ‘അയാള്‍’, ‘മംഗ്ലീഷ്’, ‘ചന്ദ്രേട്ടന്‍ എവിടെയാ?’, ‘തിങ്കള്‍ മുതല്‍ വെള്ളിവരെ’, ‘സോളോ’, ‘സഖാവ്’, ‘കാറ്റ്’, ‘പരോള്‍’, ‘അള്ള് രാമേന്ദ്രന്‍’, ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’, ‘അല്‍ മല്ലു’ തുടങ്ങി ധാരാളം സിനിമകള്‍. തമിഴില്‍ ചേരന്‍, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

വിജയ് സേതുപതിക്കൊപ്പം

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും അഭിനയിക്കുന്ന ‘ഒറ്റ്’ എന്ന ചിത്രത്തിലാണ് സജ്‌ന ഏറ്റവും ഒടുവിലായി കൊറിയാഗ്രോഫി ചെയ്തത്. ഗോവയിലായിരുന്നു ഷൂട്ട്.

“ഒരു കാര്‍ണിവലിനിടയിലുള്ള ഡാന്‍സാണിത്. ചാക്കോച്ചന്‍ ഡാന്‍സ് ചെയ്യുന്നത് നമ്മള്‍ നോക്കി നിന്നു പോകും. അത്ര ഭംഗിയാണ്. പറഞ്ഞുകൊടുക്കുന്ന സ്റ്റെപ്പുകള്‍ വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കുന്ന ആളാണ് ചാക്കോച്ചന്‍.”

അഹാന കൃഷ്ണ നായികയാകുന്ന ‘നാന്‍സി റാണി’യാണ് സജ്‌ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. അതില്‍ വ്യക്തിപരമായ മറ്റൊരു സന്തോഷം കൂടി സജ്‌നയ്ക്ക് ഉണ്ട്. തന്റെ മകള്‍ റിയയുടെ ഏറ്റവും അടുത്തകൂട്ടുകാരിയാണ് അഹാന എന്ന സജ്‌നയുടെ പ്രിയപ്പെട്ട അമ്മു. ചെറുപ്പം മുതല്‍ തന്റെ മുന്നില്‍ വളര്‍ന്ന അമ്മുവിന് വേണ്ടി ചുവടൊരുക്കിയത് വലിയ അഭിമാനത്തോടെയാണ് സജ്‌ന പറയുന്നത്. തന്റെ പ്രിയപ്പെട്ട സജ്‌ന ആന്റിക്കൊപ്പം ജോലി ചെയ്തതിന്റെ സന്തോഷം അഹാനയും പങ്കുവച്ചു.

അഹാനയും സജ്‌നയും

“ഭയങ്കര എനര്‍ജെറ്റിക് ആയൊരു കൊറിയോഗ്രാഫറാണ് സജ്‌ന ആന്റി. വളരെ പ്രൊഫഷണല്‍ ആണ്. സെറ്റും ആര്‍ട്ടിസ്റ്റുകളേയും നല്ലപോലെ ഹാന്‍ഡില്‍ ചെയ്യാന്‍ അറിയാം. വലിയ കര്‍ക്കശക്കാരിയൊന്നുമല്ല. ഒത്തിരി സ്വീറ്റാണ്. സജ്‌ന ആന്റി സെറ്റില്‍ ആരോടും ദേഷ്യപ്പെടാറില്ല. വളരെ ജോളിയായി എല്ലാവരോടും ഭംഗിയായി പെരുമാറുന്ന ആളാണ്. ഒരിക്കല്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ വീണ്ടും സജ്‌നാന്‌റിക്കൊപ്പം ജോലി ചെയ്യാന്‍ നമുക്ക് ഇഷ്ടം തോന്നും. നല്ല രസമുള്ള കോറിയോഗ്രാഫറാണ്. വളരെ ഇഷ്ടത്തോടെയാണ് സജ്‌നാന്റി ജോലി ചെയ്യുന്നത്. നമ്മളെ കൊറിയോഗ്രാഫി ചെയ്യുന്ന ഒരാള്‍ അത്രയും താത്പര്യത്തോടെ ചെയ്യുമ്പോള്‍ നമുക്കും ഇഷ്ടം തോന്നും. പുള്ളിക്കാരിയോടൊപ്പം ഇനിയും ജോലി ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ട്. അത്ര രസമായിരുന്നു,” നാന്‍സി റാണിയിലെ അനുഭവം അഹാന പറയുന്നു.

മുത്തച്ഛന്‍ എം എ റഷീദ് ആരംഭിച്ച ഖദീജ പ്രൊഡക്ഷന്‍സിനെ തിരിച്ചു കൊണ്ടുവരിക എന്നതാണ് സജ്നയുടെ ജീവിതത്തിലെ ഇപ്പോഴത്തെ ലക്ഷ്യം. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഖദീജ പ്രൊഡക്ഷന്‍സ് റീലോഞ്ച് ചെയ്തത്.

“അതെന്റെ സ്വപ്നമാണ്. എത്രത്തോളം വിജയകരമാകും എന്നെനിക്കറിയില്ല. എന്റെ മുത്തച്ഛന് വേണ്ടി എന്തെങ്കിലും ചെയ്യണം. കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അങ്ങനെ മനസില്‍ തോന്നിയ ആഗ്രഹമാണ്. എന്റെ മുത്തച്ഛന്റേയും ഉപ്പയാണ് ഖദീജ തിയേറ്ററിന്റെ സ്ഥാപകന്‍. ചിറയിന്‍കീഴിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന, ശ്രീ മിയാപിള്ള എന്ന മിയാന്‍ മുതലാളി. 1975യില്‍ എന്റെ ഉപ്പയുടെ അനുജന്‍ മറ്റൊരു തിയേറ്റര്‍ ആരംഭിച്ചു. സജ്ന, എന്റെ പേരാണ്. സര്‍പ്പം, പാലാഴി മഥനം, അയോദ്ധ്യ, ഇന്ദ്രധനുസ്സ്, ആയിരം ജന്മങ്ങള്‍, തുലാവര്‍ഷം, തിരുവോണം, ആവനാഴി എന്നീ ചിത്രങ്ങളെല്ലാം അവിടെയാണ് റിലീസായത്.”

തിരുവനന്തപുരത്തെ ഏറ്റവും വലിയ തിയേറ്റര്‍ ആയിരുന്നു ഖദീജ. വലിയ വലിയ റിലീസുകളെല്ലാം അവിടെയായിരുന്നു. ശരശയ്യ, സിന്ദൂരം, പുനര്‍ജ്ജന്മം, യക്ഷി, ടാക്സികാര്‍, ഇതാ ഇവിടെവരെ, പഞ്ചവന്‍ കാട്, അനിയത്തി, കരിനിഴല്‍, ആഭിജാത്യം, മറുനാട്ടില്‍ ഒരു മലയാളി, ലവ് മാര്യേജ്, ലേഡീസ് ഹോസ്റ്റല്‍, ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ, സൂര്യവംശം, അമ്മ എന്ന സ്ത്രീ, ചീഫ് ഗസ്റ്റ്, രഹസ്യരാത്രി, കായലും കയറും, ശംഖ് നാദം എന്നീ ചിത്രങ്ങളെല്ലാം റിലീസ് ചെയ്തത് ഖദീജ തിയേറ്ററിലായിരുന്നു.

UPDATES
STORIES