‘ടൈം ലൂപ്പ് ഒരു ഴോണ്‍റ അല്ല, കഥ പറച്ചില്‍ ഉപകരണം മാത്രം’; ബുദ്ധിമാനെന്ന് കാണിക്കാന്‍ സിനിമ പിടിക്കില്ലെന്ന് വെങ്കട്ട് പ്രഭു

മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മാനാട്. വെങ്കട്ട് പ്രഭു ചിത്രത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം നല്ല അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ കൂടുതല്‍ സ്‌ക്രീനുകള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് തിയേറ്ററുകള്‍. സ്ഥിരം ചിമ്പു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ മാനാട് ടൈം ലൂപ്പില്‍ അകപ്പെട്ടുപോകുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പെടുന്ന അബ്ദുള്‍ ഖാലിഖ് പൊതുയോഗത്തിനിടെ കൊല്ലപ്പെടുന്നു. പിറ്റേന്ന് രാവിലെ ഉണരുന്ന ഖാലിഖ് ഇതേ അനുഭവങ്ങളിലൂടെ തന്നെ കടന്നുപോകുന്നു. ടൈം ലൂപ്പില്‍ നിന്ന് പുറത്തുകടക്കാനും മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കാനുമുള്ള ഖാലിഖിന്റെ ശ്രമങ്ങളാണ് മാനാടിലുള്ളത്. സാധാരണ പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന് അത്ര പരിചിതമല്ലാത്ത ടൈം ലൂപ്പ് രസകരമായും ലളിതമായും ആവിഷ്‌കരിച്ചതിന് വെങ്കട്ട് പ്രഭു പ്രശംസയേറ്റുവാങ്ങുന്നുണ്ട്. എല്ലാവര്‍ക്കും സിനിമ മനസിലാകണമെന്ന് തങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നെന്ന് സംവിധായകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ ബുദ്ധിശാലിയായ ഒരാളാണെന്ന് കാണിക്കാനുള്ള ഉപകരണമല്ല എനിക്ക് സിനിമ. കണ്ടാല്‍ മനസിലാകാത്ത സിനിമകള്‍ നിര്‍മ്മിക്കാനും താല്‍പര്യമില്ല.

വെങ്കട്ട് പ്രഭു

സങ്കീര്‍ണമായ ആശയങ്ങള്‍ കുട്ടികള്‍ക്ക് പോലും മനസിലാകും വിധമാക്കുന്നതിലാണ് യഥാര്‍ത്ഥ ബുദ്ധിവൈഭവമെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. ആറ് വയസുള്ള ഒരു കുട്ടിക്ക് ഒരു കാര്യം വിശദീകരിച്ചുകൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അതിനേക്കുറിച്ച് നമുക്ക് തന്നെ അറിയില്ലെന്നാണ്. എല്ലാവര്‍ക്കും സിനിമ മനസിലാകണമെന്ന് എസ് ജെ സൂര്യ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ‘കരകാട്ടക്കാരന്‍’ (1985ല്‍ വെങ്കട്ട് പ്രഭുവിന്റെ പിതാവ് ഗംഗൈ അമരന്‍ സംവിധാനം ചെയ്ത ചിത്രം) ആരാധകര്‍ക്ക് പോലും മാനാട് ആസ്വദിക്കാന്‍ പറ്റണമെന്ന് എസ് ജെ സൂര്യ പറഞ്ഞെന്നും വെങ്കട്ട് പ്രഭു പ്രതികരിച്ചു.

മാനാട് ‘ഗ്രൗണ്ട്‌ഹോഗ് ഡേ’യും (1993) വാന്റേജ് പോയിന്റും (2008) തമ്മിലുള്ള കൂട്ടിമുട്ടലാണ്. ടൈം ലൂപ്പ് എന്ന ആശയത്തെ നിര്‍വ്വചിച്ച ചിത്രമാണ് ഗ്രൗണ്ട് ഹോഗ് ഡേ.

വെങ്കട്ട് പ്രഭു

ആളുകള്‍ ടൈം ലൂപ്പിനെ ഒരു ഴോണ്‍റ ആയാണ് വിശേഷിപ്പിക്കുന്നത്. പക്ഷെ, എനിക്ക് അങ്ങനെ തോന്നുന്നില്ല. ടൈം ലൂപ്പ് കഥയുടെ ഒരു ഉപകരണമാണ്. ടൈം ലൂപ്പിന്റെ കാരണത്തിലേക്ക് ഗ്രൗണ്ട്‌ഹോഗ് ഡേ പോലെയുള്ള വിദേശ സിനിമകള്‍ കടക്കാറില്ല. പക്ഷെ, എല്ലാവര്‍ക്കും മനസിലാകണമെന്നുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു കാരണം കാണിക്കണമായിരുന്നു.

ഒരു മോണ്‍സ്റ്റര്‍ ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. അന്യഗ്രഹജീവികളുടെ അധിനിവേശം. അന്യഗ്രഹജീവികള്‍ എപ്പോഴും ന്യൂയോര്‍ക്ക് മാത്രം ആക്രമിക്കുന്നതെന്താണ്? ഒരു സ്പൂഫ് ചിത്രമായി അത് ചെയ്താല്‍ രസമായിരിക്കും. എന്തുകൊണ്ടാണ് അന്യഗ്രഹജീവികള്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നതെന്ന് അമ്പരക്കുന്ന പ്രേംജിയെ (പ്രേംജി അമരന്‍) വെച്ച്. ‘ദ ഗൂണീസ്’ (1985) പോലൊരു സിനിമയും ചെയ്യണം. നമ്മുടെ താരങ്ങള്‍ക്ക് ബോധ്യപ്പെടാത്തതുകൊണ്ട് ഒരുപാട് വമ്പന്‍ സിനിമാ ആശയങ്ങള്‍ അനക്കം കിട്ടാതെ ഇരിക്കുകയാണ്. അവര്‍ പുതുമയുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ നമുക്ക് നിര്‍മ്മിക്കാന്‍ പറ്റാത്തത് എന്തുകൊണ്ടാണെന്നും വെങ്കട്ട് പ്രഭു ചോദിച്ചു.

UPDATES
STORIES