തെന്നിന്ത്യന്‍ സിനിമകളെ ഒരു വലിയ ക്യാന്‍വാസിലൂടെ നോക്കി ഇന്ത്യന്‍ സിനിമകളായി കാണാനാണ് താന്‍ ശ്രമിക്കുന്നതെന്ന് മഡ്ഡിക്ക് സംഗീതമൊരുക്കുന്ന രവി ബസ്രൂര്. ഹിന്ദി സിനിമകള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താനിലും ബംഗ്ലാദേശിലും കാണികളുണ്ട്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമ നാലായി മുറിഞ്ഞുകിടക്കുകയാണ്. അവയെ ഒന്നാക്കി, ഒരു വലിയ ക്യാന്‍വാസില്‍ ഇന്ത്യന്‍ സിനിമയെന്നവണ്ണം നോക്കിക്കാണാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കെജിഎഫിന് സംഗീതമൊരുക്കിയ രവി ബസ്രൂറിന്റെ ആദ്യ മലയാള ചിത്രമാണ് മഡ്ഡി.
സംഭാഷണങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ പരിമിതികളുണ്ടായിരുന്നു. എന്നിരുന്നാലും ഒരു ടെക്നീഷ്യന് എന്ന നിലയില്‍ തനിക്ക് കൂടുതല്‍ മികച്ച പ്രതലമൊരുക്കിത്തന്നെന്നും രവി ബസ്രൂര് പറഞ്ഞു. ‘ക്യാമറാമാനും എഡിറ്ററും അവരുടെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കി. അവരുടെ വിഷ്വല്‍സിന് പിന്തുണ നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്’. ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്ക്കൂടിയാണ് രവി.
ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് 4X4 മഡ് റേസ് ചിത്രമെത്തുന്നത്. പുതുമുഖ സംവിധായകന് ഡോ പ്രഗഭല്‍ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി തയ്യാറാക്കിയ ചിത്രം ആറ് ഭാഷകളിലായി ഡിസംബര്‍ പത്തിന് തിയേറ്ററുകളിലെത്തും. പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം നല്‍കണമെന്ന നിര്‍ബന്ധം തനിക്കുണ്ടായിരുന്നതു കൊണ്ടാണ് മഡ് റേസിങ് ചിത്രത്തിന്റെ പ്രമേയമായി തെരഞ്ഞെടുത്തതെന്ന് പ്രഗഭല്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
‘മഡ് റേസിങ് പ്രമേയമാക്കി ഒരുചിത്രവും ഇതിനുമുമ്പ് ഇറങ്ങിയിട്ടില്ല. യാതൊരു റഫറന്‍സും ഇല്ലാതിരുന്നതുകൊണ്ടുതന്നെ, ചിത്രത്തിന്റെ കോറിയോഗ്രഫിയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അഞ്ചുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഞാന്‍ മഡ്ഡിയുടെ ചിത്രീകരണം തുടങ്ങിയത്. കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് തിരക്കഥ തയ്യാറാക്കിയത്. തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം അതിന്റെ പുതുമ ഒരുതരത്തിലും നഷ്ടപ്പെടാതിരിക്കാന്‍ പുതുമുഖങ്ങള്‍ മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവര്‍ക്ക് രണ്ട് വര്‍ഷം മഡ് റേസിങ് പരിശീലനം നല്കി. ദേശീയ തലത്തിലുള്ള മഡ് റേസേഴ്സ് സിനിമയില്‍ എത്തുന്നുണ്ട്’, പ്രഗഭല്‍ പറഞ്ഞു.
മഡ്ഡിന്റെ ചിത്രീകരണം ഏറെ ശ്രമകരമായിരുന്ന് ഛായാഗ്രാഹകന്‍ കെ.ജി രതീഷും പറയുന്നു. ‘ഒറ്റയടിക്ക് മൂന്നുമണിക്കൂറോളം ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഷൂട്ടിങ് കുറച്ച് ബുദ്ധിമുട്ടേറിയായിരുന്നെങ്കിലും അതെനിക്ക് വലിയ അനുഭവമായിരുന്നു’. ‘രാക്ഷസന്’ എന്ന തമിഴ് സൈക്കോ ത്രില്ലറിന്റെ എഡിറ്റിങ് നിര്‍വഹിച്ച സാന്‍ ലോകേഷാണ് മഡ്ഡിയുടെയും എഡിറ്റിങ്.
സ്പോട്സ് ഡ്രാമകള്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ നിരവധിയിറങ്ങിയിട്ടുണ്ടെങ്കിലും മഡ് റേസിങ് പശ്ചാത്തലമാക്കിയുള്ള ആദ്യ ചിത്രമാണിത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഐ.എം.ഡി.ബിയുടെ സര്‍വെ പ്രകാരം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്താണ് മഡ്ഡി. ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത് എന്ന പ്രത്യേകതയും മഡ്ഡിക്കുണ്ട്.
പ്രഗഭലിനൊപ്പം മഹേഷ് ചന്ദ്രനും ശ്രീനാഥ് നായരും ചേര്‍ന്ന് തിരക്കഥയും സംഭഷണവും എഴുതി. പി.കെ സെവനിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് മഡ്ഡ് നിര്‍മ്മിക്കുന്നത്. പുതുമുഖ അഭിനേതാക്കളായ യുവന് കൃഷ്ണ, റിദ്ദാന്‍ കൃഷ്ണ, അനുഷ സൂരജ്, അമിത് ശിവദാസ് നായര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഹരീഷ് പേരടി, ഐ.എം വിജയന്, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത തുടങ്ങിയവരും ചിത്രത്തിലുണ്ട്.