‘ആ കൊലപാതകിയെ ഹീറോ ആക്കുന്നത് അംഗീകരിക്കാനാവില്ല’; ‘വൈ ഐ കില്‍ഡ് ഗാന്ധി’ നിരോധിക്കണമെന്ന് കോണ്‍ഗ്രസ്

ഗാന്ധിജിയുടെ കൊലപാതകത്തെ പശ്ചാത്തലമാക്കി തയ്യാറാക്കുന്ന ‘വൈ ഐ കില്‍ഡ് ഗാന്ധി’യെന്ന ഹ്രസ്വചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ചിത്രം അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ അറിയിച്ചു. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചിരിക്കുകയാണ് പാര്‍ട്ടി.

‘ഗാന്ധിജിയുടെ കൊലപാതകിയെ ഹീറോ ആക്കി പ്രകീര്‍ത്തിക്കുന്നതാണ് ചിത്രമെങ്കില്‍ അതൊരിക്കലും അംഗീകരിക്കാനാവില്ല. ഗാന്ധിയുടെയും അദ്ദേഹത്തിന്റെ ആശയങ്ങളുടെയും പേരിലാണ് ഈ രാജ്യംതന്നെ അറിയപ്പെടുന്നത്. ലോകമൊട്ടാകെ ആദരിക്കുന്ന വ്യക്തിയാണദ്ദേഹം. കോണ്‍ഗ്രസ് ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്’, നാനാ പടോലെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഗാന്ധി വധത്തിന് പിന്നിലെ കാരണങ്ങള്‍ നിരത്തി ഗോഡ്‌സെ വിചാരണവേളയില്‍ ഉന്നയിച്ച ന്യായീകരണങ്ങള്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

എന്‍സിപി എംപിയും അഭിനേതാവുമായ അമോല്‍ കോല്‍ഹെയാണ് ചിത്രത്തില്‍ ഗോഡ്‌സെയുടെ വേഷത്തിലെത്തുന്നത്. ഇതിനെച്ചൊല്ലി പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും വലിയ വിമര്‍ശമുയരുന്നുണ്ട്. താനൊരു ഗാന്ധിയന്‍ ചിന്താഗതിക്കാരനായ സിനിമാക്കാരനാണെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ ഒരു വെല്ലുവിളിയെന്നോണമാണ് ഗോഡ്‌സെ കഥാപാത്രത്തെ അവതരിപ്പാന്‍ തയ്യാറായത് എന്നുമാണ് കോല്‍ഹെയുടെ ഭാഷ്യം. ഗോഡ്‌സെയുടെ ആശയങ്ങളെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും കോല്‍ഹെ പറയുന്നു.

അഖിലേന്ത്യാ സിനിമാ പ്രവര്‍ത്തക സംഘടനയായ എ.ഐ.സി.ഡബ്ല്യു.എ.യും ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വഞ്ചകനാണ് ഗോഡ്‌സെയെന്നും ചിത്രം കൊലപാതകിയെ പുകഴ്ത്തുന്നതാണെന്നും സംഘടനാ ഭാരവാഹികള്‍ കത്തില്‍ വ്യക്തമാക്കി.

‘ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ ആദരവോടെ നോക്കിക്കാണുന്ന വ്യക്തിത്വമാണ് ഗാന്ധിയുടേത്. ഓരോ ഇന്ത്യക്കാരനും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് അദ്ദേഹത്തിന്റെ ആശയങ്ങള്‍. ഈ രാജ്യത്തുനിന്നും ഗോഡ്‌സെ ഒരിഞ്ച് ബഹുമാനം പോലുമര്‍ഹിക്കുന്നില്ല. ചിത്രത്തില്‍ ഗോഡ്‌സെയെ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ പേരില്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്ത ഒരു ലോക്‌സഭാ എംപിയാണ്. ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയാല്‍ അത് രാജ്യത്തെയൊന്നാകെ ഞെട്ടിപ്പിക്കുന്നതും 1948 ജനുവരി 30ന് നടന്ന അതിക്രൂര കൊലപാതകത്തെ ആഘോഷിക്കുന്നതുമാവും’, സംഘടന കത്തില്‍ പറഞ്ഞു.

ലൈംലൈറ്റ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഗാന്ധിജിയുടെ ചരമവാര്‍ഷികമായ ജനുവരി 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രം പ്രഖ്യാപിച്ചതുമുതല്‍ വിവാദങ്ങളും ഉടലെടുത്തിരുന്നു. ചിത്രത്തിനെതിരെ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമുയരുന്നുണ്ട്.

UPDATES
STORIES