ഗൂഢാലോചന കേസ്: ദിലീപിന് ഉപാധികളോടെ മുൻകൂർ ജാമ്യം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന് മുൻകൂർ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.

അന്വേഷണ ഉദ്യോസ്ഥരുമായി പ്രതികൾ സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയെ ഏൽപ്പിക്കണമെന്നും ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിവൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു ദിലീപിന്റെ വാദം. കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട് തുടങ്ങിയവരുടെ മുന്‍കൂര്‍ ജാമ്യഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

UPDATES
STORIES