പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയുടെ റിലീസ് സ്റ്റേ ചെയ്ത് എറണാകുളം സബ് കോടതി. കുറുവച്ചന് എന്ന ജോസ് കുരുവിനാക്കുന്നേലിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തനിക്കും കുടുംബത്തിനും അപകീര്ത്തിയുണ്ടാകുമെന്നാണ് പാലാ സ്വദേശിയായ ജോസ് ഹരജിയില്‍ പറയുന്നത്. അത് തന്നെ മനോവിഷമത്തിലാക്കുമെന്നും അദ്ദേഹം പറയുന്നു.
ഹരജിയില്‍ തീര്‍പ്പാവുന്നതുവരെ ചിത്രം പ്രദര്ശനത്തിനെത്തിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതിനും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിലക്ക്. ഒടിടിയിലും സാമൂഹിക മാധ്യമങ്ങളിലും വിലക്കുണ്ട്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.
ചിത്രത്തില്‍ പൃഥ്വിരാജിന്റെ കടുവാക്കുന്നേല്‍ കുറുവാച്ചന് എന്ന കഥാപാത്രം തന്റെ ജീവിതത്തില്‍നിന്നും ഉള്‍ക്കൊണ്ട് തയ്യാറാക്കിയിരിക്കുന്നതാണെന്നും തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നുമാണ് ജോസിന്റെ വാദം. ഹരജിയില്‍ കടുവയുടെ നിര്‍മ്മാക്കളായ സുപ്രിയ മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്കി. ചിത്രത്തിന്റെ സംവിധായകന് ഷാജി കൈലാസ്, തിരക്കഥാകൃത്ത് ജിനു വി എബ്രഹാം എന്നിവരെയും എതിര്‍കക്ഷികളാക്കിക്കൊണ്ടാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് കടുവ. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. സംയുക്താ മേനോനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തിലെത്തുന്ന മലയാള ചിത്രംകൂടിയാണിത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനുമാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രാഹണം സുജിത് വാസുദേവ്. ജേക്സ് ബിജോയിന്റേതാണ് സംഗീതം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.