പന്ത്രണ്ട് നിര്‍ണായക ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചു; ദിലീപിനെതിരെ കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. ദിലീപ് ക്രൈംബ്രാഞ്ചിന് കൈമാറിയ ഫോണിലെ പന്ത്രണ്ട് വാട്‌സ് ആപ്പ് ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായി നടത്തിയ ചാറ്റുകളാണ് ഇവയെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണ് പുറത്തായിരിക്കുന്നത്.

2022 ജനുവരി 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലുള്ള സന്ദേശങ്ങളാണ് പൂര്‍ണമായും നശിപ്പിച്ചിരിക്കുന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീലിപ് അടക്കമുള്ള പ്രതികളോട് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 31ന് ഫോണ്‍ കൈമാറാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷമാണ് കൃത്രിമം നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ഫോണ്‍ കൈമാറുന്നതിന് മുമ്പ്, ജനുവരി 29ന് ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെ ഒരു സ്വകാര്യ ലാബിലെത്തി ഫോണുകളിലെ ഡാറ്റകള്‍ പൂര്‍ണമായും നശിപ്പിച്ചിരുന്നെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണുകള്‍ ഹൈക്കോടതിയില്‍ കൈമാറേണ്ടതിന്റെ തലേദിവസമായ ജനുവരി 30ന് ഏറ്റവും നിര്‍ണ്ണായകമായ വിവരങ്ങളും നശിപ്പിച്ചു. ദിലീപിന്റെ ഒരു ഫോണിലെ 12 കോണ്ടാക്ടുകളുമായി നടത്തിയ ചാറ്റുകളാണ് അന്നേ ദിവസം നശിപ്പിച്ചതെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായി നടത്തിയ ചാറ്റുകളാണ് ഇവയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വെച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചത്. ഇതിനായി 75,000 രൂപ ലാബ് കൈപ്പറ്റി. ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോള്‍ നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാനാകുമോ എന്നറിയാന്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് ഫോണുകള്‍.

കേസില്‍ ദിലീപിനെതിരെ നിര്‍ണായക തെളിവുകളുണ്ടായിരുന്ന മൊബൈല്‍ ഫോണുകളെത്തിയ മുംബൈ ലാബില്‍ പരിശോധന നടത്തിയ അന്വേഷണ സംഘം ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകള്‍ കണ്ടെടുത്തിരുന്നു. മൊബൈല്‍ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്.

ആറ് ഫോണുകളിലേയും വിവരങ്ങള്‍ ആദ്യം ഒരു ഹാര്‍ഡ് ഡിസ്‌കിലേക്ക് ലാബില്‍ നിന്നും മാറ്റിയിരുന്നു. അതിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിനുപുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ചതിന് ലാബിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

UPDATES
STORIES