ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേല്‍ നിയമനിർമ്മാണം: തുല്യവേതനമുള്‍പ്പടെ സാംസ്കാരിക വകുപ്പിന്റെ കരട് നിർദേശങ്ങള്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സാംസ്കാരിക വകുപ്പ് മുന്നോട്ടുവെച്ച കരട് നിർദേശങ്ങൾ പുറത്ത്. തുല്യവേതനം, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതമായ താമസ, യാത്ര സൗകര്യങ്ങൾ എന്നിങ്ങനെയാണ് സാംസ്കാരിക വകുപ്പിന്റെ പ്രധാന നിർദേശങ്ങള്‍. സിനിമ ജോലികളിൽ വ്യക്തമായ കരാർ വ്യവസ്ഥ നിർബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം പാടില്ല എന്നീ നിർദേശങ്ങളും വകുപ്പ് മുന്നോട്ടുവയ്ക്കുന്നു.

ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, സോഷ്യൽ മീഡിയയിലൂടെയുള്ള കാസ്റ്റിംഗ് ഓഡിഷനുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും എന്നിവയും നിർദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം ഉള്‍പ്പെടുന്ന സമ​ഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് സാംസ്കാരിക വകുപ്പ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് സാംസ്കാരിക മന്ത്രി വിളിച്ചുചേർത്ത യോഗത്തില്‍ ഈ നിർദേശങ്ങളില്‍ ചർച്ചയുണ്ടാകുമെന്നാണ് വിവരം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന നിയമമന്ത്രി പി രാജീവിന്റെ പരാമർശത്തില്‍ ഡബ്ല്യുസിസി പ്രതിനിധികള്‍ യോഗത്തില്‍ പ്രതിഷേധം അറിയിച്ചേക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് ഡബ്ലുസിസി തന്നെ താനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖ പരിപാടിയിൽ മന്ത്രി പറഞ്ഞത്. കമ്മീഷൻ ഓഫ് എന്‍ക്വയറീസ് ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വാദം നിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ രംഗത്തെത്തിയതിന് ശേഷം മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് ആവർത്തിച്ചിരുന്നു.

UPDATES
STORIES