അനിഖയെ പരിഹസിക്കേണ്ട, ഫേസ്‌ബുക്കിൽ അധികവും ‘അമ്മാവന്മാർ’ തന്നെയെന്ന് കണക്കുകൾ

ഫേസ്‌ബുക്കിൽ കൂടുതലും ‘അമ്മാവൻ’മാരാണെന്ന നടി അനിഖ സുരേന്ദ്രന്റെ പരാമർശത്തിൽ ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്. നടിയുടെ ഫേസ്ബുക്ക് ഫോട്ടോകൾക്ക് താഴെ അധിക്ഷേപ കമന്റുകളും നിറയുന്നുണ്ട്. ഒരു അഭിമുഖത്തിൽ ഇൻസ്റ്റഗ്രാമാണ് പ്രിയം, ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കുറവാണെന്നും അവിടെ ‘അമ്മാവന്മാരാണ്’ കൂടുതലെന്നുമാണ് നടി പറഞ്ഞത്. എന്നാൽ അനിഖ പറയുന്നതാണ് വാസ്‌തവം എന്നാണ് സർവേകളും പഠനങ്ങളും വ്യക്തമാക്കുന്നത്.

കണക്കുകൾ പ്രകാരം കൗമാരക്കാരും 25 വയസ്സിന് താഴെയുള്ളവരും ഫേസ്ബുക്കിനേക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് ഇൻസ്റ്റാഗ്രാം ആണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തുവന്ന പൈപ്പർ സ്‌ലാൻഡർ സർവേ പ്രകാരം 80 ശതമാനം ചെറുപ്പക്കാർ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു എന്ന് പറയുമ്പോൾ 27 ശതമാനം മാത്രമാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ. കൗമാരക്കാരായ പല ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും ഫേസ്ബുക്ക് അക്കൗണ്ട് തന്നെയില്ല.

കൗമാരക്കാർക്കും യുവാക്കൾക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള യൂസർ ഇന്റർഫേസും അൽഗോരിതവുമാണ് അവരെ ഇൻസ്റ്റഗ്രാമിലേക്ക് പ്രധാനമായും ആകർഷിക്കുന്നത്. രക്ഷിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും ഫേസ്ബുക്കിൽ സജീവമായതും കൗമാരക്കാർ ഇൻസ്റ്റഗ്രാം തെരഞ്ഞെടുക്കാൻ കാരണമായി എന്നും പഠനങ്ങൾ പറയുന്നു.

പ്യൂ റിസേർച് സെന്ററിന്റെ പഠനം പ്രകാരവും ആഗോളതലത്തിൽ ഇൻസ്റ്റഗ്രാമും, യൂട്യൂബും സ്‌നാപ്ചാറ്റുമാണ് കൗമാരക്കാർക്കിടയിലെ ഇഷ്ട പ്ലാറ്റ്‌ഫോമുകൾ. 72 ശതമാനമാണ് ഇൻസ്റ്റഗ്രാം യൂസേഴ്സ്. ഫേസ്ബുക്ക് 51 ശതമാനവുമായി നാലാംസ്ഥാനത്ത് മാത്രമാണ്. ഓരോ വർഷവും ഇൻസ്റ്റഗ്രാമിന്റെ വളർച്ചാ നിരക്കും ഫേസ്‌ബുക്കിനേക്കാൾ കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കൗമാരക്കാർ ഫേസ്ബുക്കിനെ വലിയ അളവിൽ കയ്യൊഴിയുന്നു എന്ന് അടുത്തിടെ പുറത്തുവന്ന ഫേസ്ബുക്കിന്റെ ആഭ്യന്തര രേഖകളിലും പറയുന്നുണ്ട്. കൗമാരക്കാരായ ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ പ്ലാറ്റ്‌ഫോം മാനസികമായി ബാധിക്കുന്നുവെന്ന വെളിപ്പെടുത്തലുകൾ അടുത്തിടെ വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

ബാലതാരമായി സിനിമയിലെത്തി 11 വർഷത്തിനിടെ നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് അനിഖ സുരേന്ദ്രൻ.

UPDATES
STORIES