മഡ്ഡി, സുമേഷ് & രമേഷ്, ഉടുമ്പ്, കീര്‍ത്തിയുടെ ഗുഡ് ലക്ക് സഖിയും.. ഈ ആഴ്ച തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍

ലോക്ഡൗണുകള്‍ക്കുശേഷം തിയേറ്ററുകളിലെത്തിയതോടെ വീക്ക് എന്‍ഡ് റിലീസുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി ഒരുപിടി സിനിമകളാണ് ഡിസംബര്‍ പത്തിന് തിയേറ്ററുകളിലേക്കെത്തുന്നത്. സ്റ്റൈലിഷ് അഡൈ്വഞ്ചറായി മഡ്ഡിയും പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി ഡ്രാമയായി രമേഷും സുമേഷും ആക്ഷന്‍ ത്രില്ലറായി ഉടുമ്പും കേരളത്തിലെ തിയേറ്ററുകളിലെത്തും. തമിഴിലും മലയാളത്തിലുമായി ഈ ആഴ്ച റിലീസാവുന്ന ചിത്രങ്ങള്‍ ഇവയാണ്.

മഡ്ഡി

പുതുമുഖ സംവിധായകന്‍ ഡോ. പ്രഗഭല്‍ അഞ്ചുവര്‍ഷത്തെ ഗൃഹപാഠങ്ങള്‍ക്കൊടുവില്‍ തയ്യാറാക്കിയ മഡ് റേസിങ് ആക്ഷന്‍ ചിത്രം. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രം ഐ.എം.ഡി.ബിയുടെ സര്‍വ്വേയില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമാ ലിസ്റ്റില്‍ ഒന്നാമതാണ്. ഇന്ത്യയില്‍ ആദ്യമായാണ് 4X4 മഡ് റേസിങ് ചിത്രമൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മഡ്ഡിയുടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കെജിഎഫിന് സംഗീതമൊരുക്കിയ രവി ബസ്രൂറാണ് മഡ്ഡിയുടെ പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനിങും. ചിത്രം ആറ് ഭാഷകളിലായി ഡിസംബര്‍ പത്തിന് തിയേറ്ററുകളിലെത്തും.

സുമേഷ് & രമേഷ്

ശ്രീനാഥ് ഭാസിയെയും ബാലു വര്‍ഗീസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ സനൂപ് തൈക്കുടം തയ്യാറാക്കിയ ചിത്രം. രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള സൗഹൃദവും പ്രശ്‌നങ്ങളും നര്‍മ്മത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സലിം കുമാര്‍, പ്രവീണ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. വൈറ്റ് സാന്‍ഡ്‌സ് മീഡിയാ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് നിര്‍മ്മാണം. നവംബര്‍ അവസാന ആഴ്ച ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചിരുന്നതെങ്കിലും കുറുപ്പും മരക്കാറും എത്തിയതോടെ തിയേറ്ററുകള്‍ ലഭിക്കാതെ റിലീസ് മാറ്റി വെക്കുകയായിരുന്നു.

ഗുഡ് ലക്ക് സഖി

കീര്‍ത്തി സുരേഷ് പ്രധാനവേഷത്തില്‍ എത്തുന്ന തമിഴ് സ്പോര്‍ട്സ് ഡ്രാമ. നാഗേഷ് കുക്കുനൂറിന്റേതാണ് രചനയും സംവിധാനവും. നിര്‍ഭാഗ്യങ്ങളുടെ പേരില്‍ പഴി കേള്‍ക്കുന്ന നാട്ടിന്‍ പുറത്തുകാരിയെ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്നു. ആദി പിനിസെറ്റി, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ഗുഡ് ലുക്ക് സഖിക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണം സുധീര്‍ ചന്ദ്ര പദിരി. ചിരന്തന്‍ ദാസ് ഛായാഗ്രാഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

ഉടുമ്പ്

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ സെന്തില്‍ കൃഷ്ണയും അലന്‍സിയറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ത്രില്ലര്‍ ചിത്രം. റിലീസിന് മുമ്പേ ഹിന്ദി ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും ചിത്രത്തിന്റെ മൊഴിമാറ്റ അവകാശം വിറ്റിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ഹരീഷ് പേരടി, സാജല്‍ സുദര്‍ശന്‍, ആഞ്ജലീന, യാമി സോന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവരുടേതാണ് തിരക്കഥ.

ക്ഷണം

ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, സ്‌നേഹ അജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍. ഷൂട്ടിങ് ലൊക്കേഷന്‍ തേടി ഒരു മലയോര പ്രദേശത്ത് എത്തുന്ന ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ അവിടെ വിചിത്ര സ്വഭാവമുള്ള മനുഷ്യരെ കാണുന്നതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെയും ഹരിനാരായണന്റെയും ബിജിപാലിന്റെയും കൂട്ടുകെട്ടിലുള്ള ഒരുപിടി ഗാനങ്ങളും ചിത്രത്തിലുണ്ട്. ഊര്‍മ്മിള ഉണ്ണി, മാല പാര്‍വതി, അനു സൊനാര, ലേഖ പ്രജാപതി, ദേവന്‍, പി ശ്രീകുമാര്‍, റെജി തമ്പി തുടങ്ങിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രണ്ട്

വിഷ്ണു ഉണ്ണികൃഷ്ണനും രജിഷ വിജയനും സുധി കോപ്പയും അന്ന രേഷ്മ രാജനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സുജിത് ലാലിന്റെ പൊളിറ്റിക്കല്‍ ഡ്രാമ. ബിനുലാല്‍ ഉണ്ണിയുടേതാണ് കഥയും തിരക്കഥയും. ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സമകാലിക ജാതിൃമത-രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതനാണ് നിര്‍മ്മാണം.

ആന്റി ഇന്ത്യന്‍

ബ്ലൂ സട്ടൈ മാരന്‍ എന്നറിയപ്പെടുന്ന തമിഴ് യൂട്യൂബര്‍ സി എളമരന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് സിനിമ. ചുവരെഴുത്തുകാരനായി മാരന്‍ തന്നെ വേഷമിട്ടിരിക്കുന്ന ഭാഷ എന്ന കഥാപാത്രത്തിന്റെ മരണവും ആ മരണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഘോഷമാക്കുന്നതുമാണ് പ്രമേയം. നിരവധി തെന്നിന്ത്യന്‍ താരങ്ങളെയും ചിത്രങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചുള്ള മാരന്റെ റിവ്യൂ വീഡിയോകള്‍ തമിഴ് സിനിമാ മേഖലയില്‍ വലിയ പ്രചാരം നേടിയിരുന്നു. വിമര്‍ശനങ്ങളുടെ പേരില്‍ താരങ്ങളുടെ ഫാന്‍സ് ഗ്രൂപ്പുകളില്‍നിന്ന് ഇദ്ദേഹം വലിയ സൈബര്‍ ആക്രമണവും നേരിട്ടിട്ടുണ്ട്. മാരന്റെ ആന്റി ഇന്ത്യന്‍ പ്രദര്‍ശത്തിപ്പിക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗമനം, ജയില്‍, മൂന്ന് മുപ്പത്തി മൂന്ന്, ഓ മൈ സെന്നൈ, മുരുങ്ങക്കായ് ചിപ്‌സ്, ഐകെകെ തുടങ്ങിയവയാണ് ഡിസംബര്‍ പത്തിലെ മറ്റ് തമിഴ് റിലീസുകള്‍.

UPDATES
STORIES