മലയാളത്തില്‍ ക്രിസ്മസ് റിലീസുകളുടെ പെരുമ്പറ; പ്രദര്‍ശനത്തിനെത്തുന്നത് വമ്പന്‍ താരനിരയുള്ള ചിത്രങ്ങള്‍

കുറുപ്പും മരക്കാറും കാവലും സൃഷ്ടിച്ച ആരവത്തിന് പിന്നാലെ മലയാളത്തില്‍ ബോക്‌സ് ഓഫീസുകള്‍ കീഴടക്കാന്‍ ക്രിസ്മസ് റിലീസുകളുടെ നീണ്ടനിര. മികവുറ്റ സംവിധായകരുടെയും താരമൂല്യമേറെയുള്ള അഭിനേതാക്കളുടെയും ചിത്രങ്ങള്‍ തിയേറ്ററുകളിലും ഒടിടിയിലുമായി ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ക്രിസ്മസിനുണ്ട്. കൊവിഡ് ലോക്ഡൗണുകള്‍ക്കുശേഷം റിലീസുകള്‍ സജീവമായതിന് തൊട്ടുപിന്നാലെയെത്തുന്ന ആദ്യ ഉത്സവ സീസണ്‍ കൂടിയാണിത്. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി, ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ, ടിനു പാപ്പച്ചന്‍ ഒരുക്കുന്ന അജഗജാന്തരം, അല്ലു അര്‍ജുനും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുഷ്പ തുടങ്ങി സിനിമാ അരാധകര്‍ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ക്രിസ്മസിന് എത്തുന്നത്.

മിന്നല്‍ മുരളി

ഏറെ പ്രതീക്ഷകളോടെയാണ് ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി പ്രദര്‍ശനത്തിനെത്തുന്നത്. ഇതിനോടകം തന്നെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ മലയാളി സൂപ്പര്‍ ഹീറോ ചിത്രം. ഇടിമിന്നലേറ്റ ജെയ്സണ് അമാനുഷിക ശക്തിയും വേഗവും ലഭിക്കുന്നതും ഇയാള്‍ പിന്നീട് മിന്നല്‍ മുരളിയെന്ന സൂപ്പര്‍ഹീറോയാകുന്നതുമാണ് പ്രമേയം. മിന്നല്‍ മുരളിയെ ഒരു ഭീഷണിയായി കണ്ട് പൊലീസ് ജനങ്ങളെ അയാള്‍ക്കെതിരെ തിരിക്കുന്നു. അതിമാനുഷിക ശക്തിയുള്ളതാക്കട്ടെ മിന്നല്‍ മുരളിക്ക് മാത്രമല്ല. ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷത്തേക്കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്, മാമുക്കോയ, ബൈജു, ബിജുക്കുട്ടന്‍ എന്നിവര്‍ പ്രധാനറോളുകളിലുണ്ട്. ബേസില്‍ ജോസഫിന്റെ സംവിധാനവും സമീര്‍ താഹിറിന്റെ ക്യാമറയും ഷാന്‍ റഹ്‌മാന്‍, സുഷിന്‍ ശ്യാം എന്നിവരുടെ സംഗീതവും പ്രേക്ഷകരില്‍ പ്രതീക്ഷയേറ്റുന്നു. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ്.

കുഞ്ഞെല്‍ദോ

ക്യാമ്പസ് പ്രണയത്തെയും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെയും കോര്‍ത്തിണക്കി ആര്‍.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. ആസിഫ് അലി നായക വേഷത്തിലെത്തുന്ന ചിത്രത്തിന് മാത്തുക്കുട്ടി തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് കുഞ്ഞെല്‍ദോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ആസിഫ് അലി വ്യത്യസ്തമായ ലുക്കിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പുതുമുഖ നായിക ഗോപിക ഉദയന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മ്മിക്കുന്നത്. കുഞ്ഞെല്‍ദോയും 24ന് തിയേറ്ററുകളിലെത്തും.

അജഗജാന്തരം

ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ തയ്യാറാക്കിയ രണ്ടാമത്തെ ചിത്രം. ഒരു ആനയും പാപ്പാനും കുറച്ച് ചെറുപ്പക്കാരും പൂരപ്പറമ്പില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥ. ആക്ഷന്‍ രംഗങ്ങളോടെ പുരോഗമിക്കുന്ന ചിത്രം 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളെയാണ് കൂട്ടിയിണക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുള്‍ സമദ്, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, ലുക്മാന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരുടേതാണ് തിരക്കഥ. ഡിസംബര്‍ 24നാണ് റിലീസ്.

മ്യാവൂ

സൗബിന്‍ ഷാഹിറിനെയും മംമ്ത മോഹന്‍ ദാസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം. ഗള്‍ഫില്‍ താമസമാക്കിയ കണിശക്കാരനായ ദസ്തക്കീറിന്റെയും ഭാര്യ സുലുവിന്റെയും ജീവിതം ലാല്‍ജോസ് വരച്ചിടുന്നു. ഇവരുടെ മക്കളും ഒരു പൂച്ചയും തമ്മിലുള്ള അടുപ്പവുമൊക്കെ പറയുന്നതാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നിവയ്ക്ക് ശേഷം ലാല്‍ജോസിനുവേണ്ടി ഡോ ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയ ചിത്രമാണ് മ്യാവൂ.

ജിബൂട്ടി

അമിത് ചക്കാലക്കല്‍ നായകനാവുന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍. പ്രണയത്തിനും കോമഡിക്കുമൊപ്പം മനുഷ്യക്കടത്തുകൂടി ചര്‍ച്ച ചെയ്യുന്നു. കേരളത്തിലെ നാട്ടിന്‍ പുറത്തുനിന്നും രണ്ടുപേര്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍. എസ്.ജെ ജിനുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, അലന്‍സിയര്‍, സുനില്‍ സുഖത, ഗീത, പൗളി വത്സന്‍ തുടങ്ങിയവര്‍ വിവിധ വേഷങ്ങളിലെത്തുന്നു. പഞ്ചാബി സ്വദേശിയായ ശകുന്‍ ജസ്വാളാണ് നായികയെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 31നാണ് റിലീസ്.

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ ക്രിസ്മസ് റിലീസെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് കേശു എത്തുക. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

UPDATES
STORIES