ഡബ്ല്യുസിസി എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഈ വിധി: ദീദി ദാമോദരൻ

കേരളത്തിലെ സിനിമ സെറ്റുകളിൽ ആഭ്യന്തര പ്രശ്ന പരിഹാര സെൽ വേണം എന്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ച് തിരക്കഥാകൃത്തും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ ദീദി ദാമോദരൻ. ഈ പ്രശ്നങ്ങളോട് ഇത്രയും കാലം സൗകര്യപൂര്‍വം മൗനം പാലിച്ചവര്‍ക്കുള്ള ശക്തമായ സന്ദേശവും, ഓരോ പ്രശ്നം വരുമ്പോഴും ഡബ്ല്യൂസിസി എവിടെയായിരുന്നു എന്ന് ചോദിച്ചവർക്കുള്ള മറുപടിയുമാണ് ഈ ഹൈക്കോടതി വിധി എന്ന് ദീദി സൗത്ത്‌റാപ്പ് മലയാളത്തോട് പ്രതികരിച്ചു.

ദീദിയുടെ വാക്കുകൾ:

‘ഇത് കേരളമാണ്’ എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആണയിടുന്ന ഒരു സ്ഥലത്തു നിന്നുകൊണ്ടാണ്, നിലനില്‍ക്കുന്ന ഒരു നിയമം നടപ്പാക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് കോടതി കയറേണ്ടി വന്നത്. സിനിമയ്ക്ക് ഏറ്റവുമധികം സ്വാധീനമുള്ള ഒരു സമൂഹമാണ് നമ്മുടേത്. ഇവിടെ ഈ നിയമം ആദ്യം നടപ്പിലാക്കി മാതൃകയാകേണ്ടിയിരുന്നത് സിനിമ മേഖല തന്നെയായിരുന്നു എന്നിരിക്കെ, എന്തുകൊണ്ട് ഇത്രകാലും കാത്തിരിക്കേണ്ടി വന്നു എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സിനിമയിലെ എല്ലാ സംഘടനകളും ബാധ്യസ്ഥരാണ്. ഈ നിയമം നടപ്പാക്കാന്‍ ഉത്സാഹിച്ചില്ല എന്ന് മാത്രമല്ല, ഇതിനെല്ലാം എതിര്‍വാദങ്ങള്‍ ഉന്നയിക്കുകയും ആവശ്യം ഉന്നയിച്ചവരെ ഒറ്റപ്പെടുത്തുകയും ചെയ്തവര്‍ ഈ ഘട്ടത്തില്‍ ഉത്തരം പറയേണ്ടതുണ്ട്.

ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയ ആളുകള്‍ ഇത്തരം കമ്മിറ്റികളില്‍ അംഗങ്ങളാകാതിരിക്കുകയാണെങ്കില്‍ ഇതില്‍ വെള്ളം ചേര്‍ക്കപ്പെടും. അതൊരിക്കലും സ്ത്രീകള്‍ക്ക് അനുകൂലമാകില്ല. എന്നാല്‍ ‘ഞങ്ങള്‍ നിയമത്തിന് മുകളിലാണ്’ എന്ന് വിചാരിച്ചവരോട്, അങ്ങനെയല്ലാ എന്ന് പറയുന്ന ഒരു ശക്തമായ സന്ദേശം. ഇവിടെ നീതിപൂര്‍വമായി തന്നെ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന് പറയുന്ന ഈ പ്രസ്താവന ചെറുതല്ലാത്ത സന്തോഷം തരുന്നുണ്ട്.

ഒരു പരാതി ഉയരുമ്പോള്‍ തിരിച്ചു പറയുന്ന കാര്യങ്ങള്‍ അത് വ്യാജ പരാതി ആണെന്നാണല്ലോ. ഇങ്ങനെ ഒരു നിയമം നടപ്പാക്കുമ്പോള്‍ അതില്ലാതാകുകയല്ലേ. ജോലി ചെയ്യുന്നവര്‍ക്ക് അവിടെ സുരക്ഷിതത്വം അനുഭവപ്പെടും. പ്രശ്‌നങ്ങള്‍ അവിടെ ചര്‍ച്ച ചെയ്ത് നീതിപൂര്‍വം പരിഹരിക്കാന്‍ ഒരു ഇടം ഒരുങ്ങും. വ്യാജ പരാതി എന്ന് പറഞ്ഞ് വിലപിക്കുന്ന പുരുഷന്മാര്‍ക്കും കൂടി വേണ്ടിയാണ് ഈ നിയമം. ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോള്‍ ഒരു കുടുംബമായി പിരിഞ്ഞു എന്ന് പറയുന്നത് കേള്‍ക്കാം. പിന്നെ എന്തായിരുന്നു ഐസി വേണം എന്നു പറയുമ്പോള്‍ അവര്‍ക്ക് പ്രശ്‌നം?

വളരെ കുറച്ച് അംഗങ്ങളുള്ള ഡബ്ല്യുസിസിയോട്, ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും നിങ്ങള്‍ എവിടെയായിരുന്നു എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാനായിരുന്നു ഞങ്ങളുടെ പോരാട്ടം. ഓരോ പ്രശ്‌നങ്ങള്‍ക്കും പുറകെ പോകാനുള്ള ആള്‍ബലം ഞങ്ങള്‍ക്കില്ല.

പലപ്രശ്‌നങ്ങളോടും സൗകര്യപൂര്‍വം മൗനം പാലിച്ചവര്‍ക്കുള്ള ഒരു സന്ദേശം തന്നെയാണിത്. പല വിഷയങ്ങളിലും അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സിനിമ പ്രവര്‍ത്തകരില്‍ പലരും ഈ വിഷയത്തോട് മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. സിനിമ പ്രമോഷന് വരുമ്പോള്‍ പോലും അവരോട് ആരും ചോദിക്കാറില്ല, ഈ സെറ്റില്‍ ഐസി ഉണ്ടായിരുന്നോ എന്ന്.

UPDATES
STORIES