‘ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞാല്‍ അതൊഴിച്ച് ബാക്കിയെല്ലാം പൃഥ്വി ചെയ്യും’; ‘ബ്രോ ഡാഡി’ ഗാനത്തെക്കുറിച്ച് ദീപക് ദേവ്

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ടൈറ്റില്‍സോങ് ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരിലേക്കെത്തിക്കുകയാണ്. ദീപക് ദേവിന്റെ സംഗീതത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് ടൈറ്റില്‍ സോങിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ പാട്ടിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകനും സംഗീതസംവിധായകനും.

താന്‍ ആദ്യം തിരക്കഥ കേള്‍ക്കുന്ന സമയത്ത് പാട്ടുകള്‍ക്കായുള്ള രംഗങ്ങളൊന്നും രൂപപ്പെട്ടിരുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. തിരക്കഥയിലെ ചില രംഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നപ്പോള്‍ അതിലുണ്ടായിരുന്ന ആശയങ്ങളെ പ്രതിഫലിപ്പിക്കാനായാണ് ‘പറയാതെ വന്നെന്‍’ എന്നുതുടങ്ങുന്ന പാട്ടിനെക്കുറിച്ച് ആലോചിച്ചത്. അങ്ങനെയാണ് ആ പാട്ടിലെ വിഷ്വല്‍സ് മനസിലേക്ക് വന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. ‘അതുപോലെതന്നെയാണ് ടൈറ്റില്‍ സോങും സംഭവിച്ചത്. കാസ്റ്റിങ്ങൊക്കെ കഴിഞ്ഞതിന് ശേഷമാണ് ടൈറ്റില്‍സില്‍ ആനിമേഷന്‍ ഉണ്ടായാല്‍ കൊള്ളാം എന്ന ചിന്ത എനിക്കുവരുന്നത്. ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്നത് ദീപക് ദേവ് ഗാനം തയ്യാറാക്കുന്നതും ഞാനും ലാലേട്ടനും സ്റ്റുഡിയോയില്‍ പാടുന്നതുമായ വീഡിയോയാണ്. അത് യഥാര്‍ത്ഥത്തില്‍ സിനിമയുടെ ഓപ്പണിങ് ടൈറ്റിലില്‍ വരുന്ന പാട്ടാണ്. ഭാഗ്യ എന്ന ആനിമേഷന്‍ ആര്‍ട്ടിസ്റ്റാണ് ആനിമേഷന്‍ രംഗങ്ങളൊരുക്കിയിരിക്കുന്നത്. യൗവനത്തിന്റെ തുടക്കത്തില്‍ രണ്ട് പേര്‍ വിവാഹിതരാവുകയും കല്യാണം കഴിഞ്ഞയുടന്‍ അവര്‍ക്കൊരു ആണ്‍കുഞ്ഞ് ജനിക്കുന്നതം അവരുടെ ജീവിതത്തിന്റെ തുടക്കകാലങ്ങളും ഈ കുട്ടി ഒരു യുവാവായി വളരുന്നതുവരെയുമുള്ള അവതരണമാണ് ആനിമേഷനുവേണ്ടി ഞാന്‍ ആലോചിച്ചത്’, പൃഥ്വിരാജ് പറഞ്ഞു.

ഈ ആശയം ദീപക്കിനോട് പറഞ്ഞപ്പോള്‍ ദീപക്കാണ് അച്ഛനും മകനും തമ്മിലുള്ള സംഭാഷണം പോലെയുള്ള പാട്ട് ചെയ്താലോ എന്ന് പറഞ്ഞത്. അതില്‍നിന്നാണ് ഈ പാട്ടിന്റെ ആശയം ജന്മംകൊണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ പാട്ട് പാടാന്‍ ഏറ്റവും അനുയോജ്യര്‍ പൃഥ്വിരാജും മോഹന്‍ലാലും തന്നെയായിരുന്നെന്ന് ദീപ്ക് ദേവും പറയുന്നു. ‘അച്ഛനും മകനും തമ്മിലുള്ള സൗഹൃദം വെളിവാക്കുന്ന പാട്ടാണത്. ഈ പാട്ട് ആര് പാടും എന്നത് ഒരു ചോദ്യചിഹ്നമായി വന്നു. പൃഥ്വിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞാല്‍ അതൊഴിച്ച് ബാക്കിയെല്ലാം പുള്ളി ചെയ്യും. ചെയ്യാന്‍ പറഞ്ഞത് പറ്റില്ലെന്ന് പറയുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ മനപ്പൂര്‍വം എന്റെ ആഗ്രഹം അന്ന് പറഞ്ഞില്ല. പിന്നെ അദ്ദേഹം തന്നെ ഇങ്ങോട്ട് വന്ന് ഞാനും ലാലേട്ടനും പാടിയാല്‍ എങ്ങനെയുണ്ടാവുമെന്ന് എന്നോട് ചോദിച്ചു. ലാലേട്ടന്‍ പാടും, നീ പാടുമോ എന്നൊക്കെ ഞാന്‍ തിരിച്ചും ചോദിച്ചു. അങ്ങനെയാണ് റെക്കോര്‍ഡ് ചെയ്തത്. ചെയ്തുവന്നപ്പോള്‍ തോന്നിയത് ഇവര്‍ രണ്ടുപേരേക്കാളും മികച്ച കോമ്പിനേഷന്‍ ആ പാട്ടിന് വേറെയുണ്ടാവില്ലെന്നാണ്’, ദീപക്കിന്റെ അഭിപ്രായമിങ്ങനെ.

വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കാണ് ടൈറ്റില്‍ സോങ് റിലീസ് ചെയ്യുന്നത്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് തയ്യാറാക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മീന, ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, മല്ലിക സുകുമാരന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

UPDATES
STORIES