വ്യാജ രേഖകളെന്ന് ആവർത്തിച്ച് പരാതിക്കാരന്‍; പിതൃത്വത്തെചൊല്ലിയുള്ള കേസില്‍ ധനുഷിന് ഹൈക്കോടതി നോട്ടീസ്

ധനുഷിന്റെ യഥാർത്ഥ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മധുര സ്വദേശികളുടെ പരാതിയില്‍ നടന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. മധുര മേലൂര്‍ സ്വദേശി കതിരേശനും ഭാര്യ കെ മീനാക്ഷിയും സമർപ്പിച്ച ഹർജിയില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചാണ് ജസ്റ്റിസ് ജി കെ ഇളന്തിരയ്യന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇവരുടെ വാദം നിഷേധിച്ചുകൊണ്ട് ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ഇതേ ആവശ്യമുന്നയിച്ച് മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അപ്പീലുമായി കതിരേശന്‍ ഹൈക്കോടതിയെ സമീപിച്ചത്.

2017-ലാണ് ദമ്പതികള്‍ താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി രംഗത്തെത്തിയത്. മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ച ഇവര്‍ താരത്തില്‍ നിന്ന് ജീവനാംശമായി മാസചിലവ് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷ് എന്നും, ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്ച്ചുകളഞ്ഞതാണെന്നും അടക്കം ഇവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് നിഷേധിച്ച താരം, താന്‍ സംവിധായകന്‍ കസ്തൂരിരാജയുടെ മകന്‍ തന്നെയാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ ഈ രേഖകള്‍ വ്യാജമായണെന്ന് കാണിച്ച് വീണ്ടും കതിരേശന്‍ കോടതിയെ സമീപിച്ചു. 2020 ഡിസംബറില്‍ വ്യാജരേഖ ആരോപണത്തില്‍ വാദം കേട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കതിരവന്റെ ആരോപണത്തിനെ സാധൂകരിക്കുന്ന തെളിവുകളില്ലെന്ന് കാണിച്ച് ഹര്‍ജി തള്ളുകയായിരുന്നു. ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ തക്ക രേഖകള്‍ പരാതിക്കാരന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച കോടതി പ്രഥമ ദൃഷ്ട്യാ ഹര്‍ജിക്ക് അടിസ്ഥാനമില്ലെന്നായിരുന്നു വിധി പ്രസ്ഥാവിച്ചത്.

UPDATES
STORIES