കുഞ്ഞാലി മരക്കാറുടെ കൈയ്യില്‍ ദൂരദര്‍ശിനി കാണുമോ?; ടെലിസ്‌കോപ്പിന്റെ ലഭ്യമായ ചരിത്രമിങ്ങനെ

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ വേഷഭൂഷാദികളിലെ ചരിത്രപരമായ കൃത്യതയേക്കുറിച്ചുള്ള ചര്‍ച്ചകള്‍. മരക്കാറിന്റെ തലപ്പാവും അതിലെ ആന രൂപവും ചരിത്രത്തിന് ചേരില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ഇസ്ലാം മതവിശ്വാസിയായ കുഞ്ഞാലി മരക്കാര്‍ ഒരിക്കലും തലയില്‍ ‘ഗണപതി രൂപം’ വെയ്ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മരക്കാരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുക വരെയുണ്ടായി. തുര്‍ക്കി തൊപ്പിയോടായിരുന്നു മരക്കാറിന്റെ തലപ്പാവിന് സാമ്യമെന്നും പിന്മുറക്കാര്‍ ഛായാചിത്രങ്ങള്‍ കാണിച്ചുകൊണ്ട് പ്രതികരിച്ചു. ഇതിനൊപ്പം തന്നെ ടെലിസ്‌കോപ്പുമായി നില്‍ക്കുന്നതും ചോദ്യം ചെയ്യപ്പെടുകയുണ്ടായി.

ഗലീലിയോ ടെലിസ്‌കോപ്പ് കണ്ടുപിടിച്ചത് 17-ാം നൂറ്റാണ്ടിലാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്‍ സജീവമായിരിക്കുകയും പോര്‍ച്ചുഗീസുകാരോട് പൊരുതുകയും ചെയ്തത് 1595 മുതല്‍ 1600 വരെയുള്ള കാലത്താണ്. പിന്നെയെങ്ങനെ 16-ാം നൂറ്റാണ്ടില്‍ ജീവിച്ച മരക്കാറിന് ടെലിസ്‌കോപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്ന ചോദ്യമുയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

ഗലീലിയോ 17-ാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ചത് ആസ്‌ട്രോണമിക്കല്‍ ടെലിസ്‌കോപ്പാണ്. അതിനു മുന്‍പേ 13-ാം നൂറ്റാണ്ടില്‍ തന്നെ ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പ് കണ്ടുപിടിച്ചിരുന്നു. മരക്കാര്‍ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പാണ്.

പ്രിയദര്‍ശന്‍

വാനനിരീക്ഷണത്തിന് ഉപയോഗിക്കുന്നവയെയാണ് ആസ്‌ട്രോണമിക്കല്‍ ടെലിസ്‌കോപ്പ് എന്നു പറയുന്നത്. ദൂരക്കാഴ്ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പ് എന്നും. 13-ാം നൂറ്റാണ്ടില്‍ ഇവ ഉപയോഗിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. 1608ല്‍ നെതര്‍ലന്റുകാരനായ ഹാന്‍സ് ലിപ്പര്‍ഷെ അവതരിപ്പിച്ച ടെലിസ്‌കോപ്പാണ് ചരിത്രത്തിന്റെ മുന്നില്‍ ഏറ്റവും ആദ്യമായി അറിയപ്പെട്ട ദൂരദര്‍ശിനി. ഒരു കോണ്‍വെക്‌സ് ലെന്‍സും ഒരു കോണ്‍കേവ് ഗ്ലാസും അടങ്ങുന്നതായിരുന്നു ലിപ്പര്‍ഷേയുടെ ടെലിസ്‌കോപ്പ്. കണ്ണട നിര്‍മ്മാതാവായിരുന്ന ലിപ്പര്‍ഷെ 1608 സെപ്റ്റംബറില്‍ തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് വേണമെന്ന് ആവശ്യപ്പെട്ട് ഡച്ച് രാജകുമാരനായ മോറിസിനെ സമീപിച്ചു. അപേക്ഷ വെച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും മറ്റ് കണ്ണട നിര്‍മ്മാതാക്കളും ശാസ്ത്രജ്ഞരും എതിര്‍പ്പുമായെത്തി. ഇത്തരം ഉപകരണം തങ്ങള്‍ മുന്‍പേ ഉണ്ടാക്കിയിരുന്നെന്നായിരുന്നു അവരുടെ അവകാശവാദം. ഇതിനേത്തുടര്‍ന്ന് ലിപ്പര്‍ഷെയുടെ പേറ്റന്റ് അപേക്ഷ തള്ളിപ്പോയി.

പഴയകാല ടെലിസ്‌കോപ്പുകള്‍

അക്കാലത്ത് ലെന്‍സ് ഉപയോഗം വ്യാപകമായിരുന്നതിനാല്‍ ആര് പറഞ്ഞതാണ് ശരിയെന്ന് കണ്ടെത്തല്‍ ശ്രമകരമായിരുന്നു. ക്രിസ്തുവിന് അഞ്ചു നൂറ്റാണ്ട് മുന്‍പത്തെ ഗ്രീക്ക് പുസ്തകങ്ങളിലും എ ഡി രണ്ടാം നൂറ്റാണ്ടിലെ ടോളമിയുടെ പുസ്തകത്തിലും പേര്‍ഷ്യന്‍ ഗണിതജ്ഞന്‍ ഇബ്‌ന് സാലിന്റെ (പത്താം നൂറ്റാണ്ട്) കുറിപ്പുകളിലും അറബ് ഗണിതശാസ്ത്രജ്ഞനും വാനനിരീക്ഷകനുമായ ഇബ്‌ന് അല്‍ ഹയ്ഥമിന്റെ (11-ാം നൂറ്റാണ്ട്) രേഖകളിലും ലെന്‍സിനേക്കുറിച്ച് പരാമര്‍ശമുണ്ട്. 13-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ വടക്കന്‍ ഇറ്റലിയില്‍ ലെന്‍സ് ഉപയോഗിച്ച് കണ്ണട നിര്‍മ്മാണം വ്യാപകമായി. ഹ്രസ്വദൃഷ്ടിയെ നേരിടാന്‍ കോണ്‍കേവ് ലെന്‍സുകള്‍ 1451 മുതല്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു.

അത്ര ശക്തിയുള്ളതോ പോളിഷ് ചെയ്യപ്പെട്ടതോ വ്യക്തതയുള്ളതോ ആയിരുന്നില്ല 1400കളിലെ യൂറോപ്യന്‍ ലെന്‍സുകള്‍. 1500കളുടെ ഒടുവിലും 1600ന്റെ തുടക്കത്തിലുമാണ് ഗ്ലാസ് മെച്ചപ്പെട്ട രീതിയില്‍ മുറിക്കാനും പോളിഷ് ചെയ്യാനുമായത്. ലിപ്പര്‍ഷെയാണ് വെളിച്ചം അധികം അകത്തേക്ക് കടക്കാത്ത രീതിയില്‍ ലെന്‍സുകള്‍ക്ക് മുകളില്‍ ഒരു മറ കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. മൂന്നിരട്ടി വലിപ്പം കൂടുതലായി കാണുമെങ്കിലും മങ്ങിയ കാഴ്ച്ചയാണ് ലിപ്പര്‍ഷെ ടെലിസ്‌കോപ്പില്‍ നിന്ന് കിട്ടിയത്. പേറ്റന്റ് അപേക്ഷ തിരസ്‌കരിച്ചെന്നാലും ഉപാധികളോടെ മാതൃകകള്‍ ഉണ്ടാക്കാന്‍ ഡച്ച് സര്‍ക്കാര്‍ ലിപ്പര്‍ഷെയ്ക്ക് അനുവാദം കൊടുത്തു.

ഗലീലിയോ

1609 മെയ് ആയപ്പോഴേക്കും ടെലിസ്‌കോപ്പുകള്‍ പാരിസ് പോലുള്ള യൂറോപ്യന്‍ നഗരങ്ങളില്‍ വ്യാപകമായി. ഗലീലിയോയുടെ കണ്ണില്‍ ലിപ്പര്‍ഷെ ടെലിസ്‌കോപ്പ് പെട്ടു. അദ്ദേഹം വരുത്തിയ മാറ്റങ്ങളിലൂടെയാണ് വാനനിരീക്ഷണത്തിന് പറ്റുന്ന തരത്തില്‍ ടെലിസ്‌കോപ്പ് മാറിയത്. പലരും ടെലിസ്‌കോപ്പില്‍ പരീക്ഷണങ്ങള്‍ നടത്തി. ഇംഗ്ലീഷുകാരനായ തോമസ് ഹാരിയട്ട് വസ്തുക്കളെ ആറിരട്ടിയായി കാണാവുന്ന ടെലിസ്‌കോപ്പുണ്ടാക്കി. ഗലീലിയോ ആകട്ടെ എട്ട് മടങ്ങായി കാണാവുന്ന തരത്തില്‍ ടെലിസ്‌കോപ്പിനെ വീണ്ടും പരുവപ്പെടുത്തി.

UPDATES
STORIES