ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ 250 തിയേറ്ററുകളില്‍ ‘പുഷ്പ’യെത്തി. ആദ്യ ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എങ്കിലും ആദ്യ ദിനം ജിസ് ജോയിയുടെ സ്വരത്തില്‍ അല്ലു അര്‍ജുന്റെ പുഷ്പരാജിനെ കേള്‍ക്കാനെത്തിയ മലയാളി പ്രേക്ഷകര്‍ നിരാശരായി. തമിഴ് പതിപ്പാണ് കേരളത്തില്‍ റിലീസ് ചെയ്തത്. മലയാളത്തിലേക്ക് മൊഴിമാറ്റിയ പതിപ്പിന് അവസാന നിമിഷം ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായതാണ് കാരണം. സംഭവത്തില്‍ വിശദീകരണവുമായി പുഷ്പയുടെ ശബ്ദലേഖകന്‍ കൂടിയായ റസൂല്‍ പൂക്കുട്ടി രംഗത്തെത്തി. മിശ്രണത്തിനായി പുതിയതും വേഗത്തിലുമുള്ള ഒരു രീതിയാണ് അവലംബിച്ചതെന്ന് ഓസ്കര് ജേതാവ് ട്വീറ്റ് ചെയ്തു.
ഞങ്ങളുടെ പരീക്ഷണ ഫലങ്ങളൊക്കെ നല്ലതായിരുന്നു. പക്ഷെ, സോഫ്റ്റ്വെയറിലെ ഒരു തകരാറ് കാരണം ഫൈനല്‍ പ്രിന്റുകളില്‍ മാറ്റം വന്നു.
റസൂല്‍ പൂക്കുട്ടി
അല്ലു അര്‍ജുന്റേയും രശ്മിക മന്ദാനയുടേയും ആരാധകര്‍ക്ക് ഒരു ‘ഔട്ട് ഓഫ് സിങ്ക്’ ചിത്രം നല്‍കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. പ്രേക്ഷകര്‍ ഏറ്റവും മികച്ചതാണ് അര്‍ഹിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മലയാളം പതിപ്പ് വൈകിയതില്‍ പ്രേക്ഷകരോട് കേരളത്തിലെ വിതരണക്കാരായ ‘ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ്’ പത്രക്കുറിപ്പിലൂടെ ഖേദപ്രകടനം നടത്തി. ‘എല്ലാ അര്ജുന് ആരാധകരോടും, ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്റെ ചിത്രം പുഷ്പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ത്ഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിന് ശേഷം 18-ാം തീയതി ശനിയാഴ്ച്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും.’