പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വെല്ലിസ് അഭിനയരംഗത്ത് നിന്ന് പിന്മാറി. അഫാസിയ രോഗം സ്ഥിരീകരിച്ചതോടെയാണ് 67-ാം വയസിലെ ഈ പിന്മാറ്റമെന്ന് കുടുംബം അറിയിച്ചു. ഭാര്യ എമ ഹെമിങ്ങും മുന്‍ഭാര്യയും നടിയുമായ ഡെമി മൂറും സംയുക്ത പ്രസ്താവനയായാണ് വിവരം ലോകത്തെ അറിയിച്ചത്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതുമൂലം ആശയവിനിമയ ശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് അഫാസിയ രോഗം.
ബ്രൂസിന്റെ ആരാധകരെ ഒരു കാര്യം അറിയിക്കുന്നുവെന്ന മുഖവുരയോടെയായിരുന്നു കുടുംബത്തിന്റെ കുറിപ്പ്. കഴിഞ്ഞ കുറച്ചുനാളുകളായി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയായിരുന്ന അദ്ദേഹത്തിന് അടുത്തിടെ അഫാസിയ രോഗം സ്ഥിരീകരിക്കുകയും ആശയവിനിമയ ശേഷി നഷ്ടപ്പെടുകയും ചെയ്തു. അതിനാല്‍ അഭിനയരംഗത്തുനിന്ന് പിന്മാറുകയാണ് എന്നാണ് പ്രസ്താവന വ്യക്തമാക്കുന്നത്.
എണ്‍പതുകളില്‍ കരിയര്‍ ആരംഭിച്ച ബ്രൂസ് വെല്ലിസ് 1988ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ആക്ഷന്‍ ചിത്രം ‘ഡൈ ഹാര്‍ഡി’ലെ ജോണ്‍ മക്ലൈന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. റൊഡെറിക് തോര്‍പ്പിന്റെ ‘നത്തിംഗ് ലാസ്റ്റ്സ് ഫോര്‍എവെര്‍’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഡൈ ഹാര്‍ഡ്. തുടര്‍ന്ന് ‘ഡൈ ഹാര്‍ഡ് 2’ (1990), ‘ഡൈ ഹാര്‍ഡ് വിത്ത് എ വെഞ്ചന്‍സ്’ (1995), ‘ലിവ് ഫ്രീ ഓര് ഡൈ ഹാര്‍ഡ്’ (2007) എന്നിങ്ങനെ പരമ്പര തുടരുകയും ലോകമെമ്പാടും ബ്രൂസ് വെല്ലിസ് ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു.
’12 മങ്കീസ്’, ‘ദ സിക്സ്ത് സെന്‍സ്’, ‘പള്‍പ്പ് ഫിക്ഷന്‍’ , ‘ആര്‍മെഗഡണ്‍’ തുടങ്ങിയവയാണ് വെല്ലിസിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. 2021 ല്‍ 7 സിനിമകളില്‍ നായകനായി എത്തിയ അദ്ദേഹത്തിന്റെ മൂന്ന് സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. ആറോളം സിനിമകള്‍ റിലീസിനായി കാത്തിരിക്കുന്നുമുണ്ട്. ഈ അവസരത്തിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം.
അഭിനേതാവ് എന്നതിനു പുറമേ നിര്‍മാതാവും ഗായകനുമായിരുന്നു ബ്രൂസ് വെല്ലിസ്. നിരവധി ടെലിവിഷന്‍ സീരീസുകള്‍ നിര്‍മ്മിക്കുകയും ടെലിവിഷനില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങളും വെല്ലിസിന് സ്വന്തമാണ്. അഞ്ച് തവണ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന് ലഭിച്ച അദ്ദേഹം ‘മൂണ്‍ലൈറ്റിങ്’ എന്ന ചിത്രത്തിലൂടെയാണ് ഗോള്‍ഡന്‍ ഗ്ലോബ് നേടിയത്. രണ്ടു തവണ എമ്മി അവാര്‍ഡും ലഭിച്ചു. ‘ദ റിട്ടേണ്‍സ് ഓഫ് ബ്രൂണോ’ എന്ന ആല്‍ബത്തിലൂടെയായിരുന്നു ഗായകനായുള്ള അരങ്ങേറ്റം.