അധികാരം, ആസക്തി, വാത്സല്യം: മമ്മൂട്ടി സ്‌ക്രീനില്‍ ചിരിച്ച പല ചിരികള്‍

ഒരു നടനെ സംബന്ധിച്ച് സുപ്രധാനമായ ആയുധമാണ് ശരീരം. അതിന്റെ പ്രഹരശേഷി ഉപയോഗിച്ചാണ് അവര്‍ പ്രേക്ഷകരുടെ ഉള്ളിലേക്ക് കടന്നുകയറി വികാരങ്ങളെ ഉണര്‍ത്തുന്നത്. ആ നിലയില്‍ ഒരു അഭിനേതാവിന്റെ മുഖം അനേകം ഭാവങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് അവരവരെയും അവര്‍ക്ക് താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുന്നവരെയും സ്വയം കാണാന്‍ സാധിക്കുന്ന ഒരു കണ്ണാടിയായി മാറുന്നു. ഒരു നടന്‍ താരശരീരമായി മാറുന്നത് പ്രേക്ഷകരോട് ഉള്ള അയാളുടെ നിരന്തര സംവേദനത്തിലൂടെയാണ്. ഒരേസമയം മികച്ച അഭിനേതാവും വിപണിമൂല്യമുള്ള താരവുമാണ് മമ്മൂട്ടി. മലയാളസിനിമയുടെ മുഖങ്ങളിലൊന്നായി ഇന്ത്യന്‍ സിനിമയില്‍ അംഗീകരിക്കപ്പെട്ട നടന്‍. സ്വന്തമായ അഭിനയശൈലിയിലൂടെ വലിയ തോതില്‍ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ഐക്കണ്‍ ആയ ചില ചിരികളെ വിലയിരുത്തുമ്പോള്‍ തന്നെ ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം ഇന്നും പുലര്‍ത്തുന്ന സൂക്ഷ്മത എത്രമാത്രം എന്ന് മനസിലാക്കാന്‍ പറ്റും.

മമ്മൂട്ടി എന്ന താരം ആദ്യമായി ഒരു സ്ത്രീയുടെ സംവിധാനത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൊണ്ടും ഏവരും ഉറ്റു നോക്കുന്ന പ്രമേയ പരിസരങ്ങള്‍ കൊണ്ടും ചര്‍ച്ചയായ ‘പുഴു’ എന്ന സിനിമയുടെ ടീസര്‍ ഏറെ ചര്‍ച്ചയായ ഒരു മമ്മൂട്ടി പെര്‍ഫോമന്‍സ്. സിനിമയില്‍ മമ്മൂട്ടി ഒരു പീഡോഫൈല്‍ ആകുമോ എന്ന നിലയിലുള്ള ചര്‍ച്ചകള്‍ ഇതിനകം പ്രേക്ഷകര്‍ക്കിടയിലുണ്ട്. ടീസറില്‍ മമ്മൂട്ടിയും ഒരു ആണ്‍കുട്ടിയുമാണ് പ്രത്യക്ഷപ്പെടുന്നത്. വളരെ അസ്വസ്ഥതയുളവാക്കുന്ന ദുരൂഹത നിറഞ്ഞ 20 സെക്കന്റ് ഡയലോഗ് രംഗമാണ് ടീസറിന്റെ തുടക്കത്തില്‍. തുടര്‍ന്ന് അത് കട്ട് ചെയ്തു പോകുന്നത് തന്റെ മുറിയില്‍ ഇരിക്കുന്ന ഒരു കുട്ടിയിലേക്കും (കിച്ചു) പിന്നെ അവന്‍ ചുമരിലെ ഒരു കുടുംബചിത്രത്തിലേക്ക് കളിത്തോക്ക് ഉപയോഗിച്ച് വെടി വയ്ക്കുന്ന ഏതാനം നിമിഷങ്ങളിലേക്കുമാണ്. ആ ടോയ് ഉണ്ട ചെന്നു പതിക്കുന്നത് മമ്മൂട്ടിയുടെ ചിരിക്കുന്ന ഫോട്ടോയിലേക്കും.

ഒരു നെഗറ്റീവ് ടച്ച് മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിന് സിനിമയില്‍ ഉണ്ട് എന്ന നിലയിലുള്ള സൂചന ഈ ടീസര്‍ തരുന്നു. മമ്മൂട്ടി എന്ന നടന്റെ /താരത്തിന്റെ അനേകം ചിരിച്ചിത്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. അത്തരത്തില്‍ ഏറെ ജനപ്രിയമായ ചിരിക്കുന്ന മമ്മൂട്ടിയുടെ മുഖത്തേക്കാണ് ഭീതിയോടെ ഒരു കുട്ടി തോക്ക് ചൂണ്ടുന്നത്. മമ്മൂട്ടിയുടെ ചിരിക്കുന്ന മുഖം ഈ സിനിമയില്‍ എന്ത് അത്ഭുതമാണ് കരുതിവയ്ക്കുന്നത് എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. മമ്മൂട്ടിയുടെ ചിരികള്‍ പ്രേക്ഷകരെ എല്ലാക്കാലത്തും ഞെട്ടിക്കുകയും അമ്പരിപ്പിക്കുകയും വേദനിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്ത ഒന്നാണ്. അത്തരത്തില്‍ ചില മമ്മൂട്ടിച്ചിരികളെ ഒന്ന് നോക്കാം.

വേണു സംവിധാനം ചെയ്ത ‘മുന്നറിയിപ്പ്’ എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സി.കെ രാഘവന്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ്. രണ്ട് കൊലപാതകങ്ങള്‍ ചെയ്തു എന്ന പേരില്‍ ജീവപരന്ത്യം ജയില്‍ ശിക്ഷ അനുഭവിച്ച രാഘവന്‍ പുറം ലോകത്തേക്ക് വരുന്നതും പിന്നീടുള്ള അയാളുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ കാണുന്ന ഏതോരാളെയും ഞെട്ടിപ്പിക്കുന്ന ഒരു ചിരിയാണ് ക്ലൈമാക്‌സില്‍ രാഘവന്റെ ചുണ്ടില്‍ വിരിയുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഒരു അഭിനയമുഹൂര്‍ത്തമായ ആ ചിരി സി.കെ രാഘവന്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായും പ്രേക്ഷകര്‍ക്ക് വിട്ട് കൊടുക്കുന്ന നിലയില്‍ അനേകം വ്യാഖ്യാനസാധ്യതകള്‍ നിര്‍വഹിക്കുന്നു.

ആ ചിരിയുടെ തുടര്‍ച്ച ഒരു കൊലപാതകരംഗമാണ്. സിനിമയ്ക്ക് പുറത്ത് ആ ചിരിയുടെ ധര്‍മ്മം പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുക എന്നതും സിനിമയ്ക്കുള്ളില്‍ അഞ്ജലിയെ(അപര്‍ണ ഗോപിനാഥ്) അനിവാര്യമായ തന്റെ അടുത്ത നിമിഷത്തെക്കുറിച്ച് ബോധ്യപ്പെടുത്തുക എന്നതുമാണ്. അതുവരെ പ്രേക്ഷകര്‍ക്ക് രാഘവന്‍ എന്ന കഥാപാത്രത്തോടുള്ള അനുതാപത്തെ ഒറ്റ നിമിഷം കൊണ്ട് അമ്പരപ്പാക്കി മാറ്റുന്ന അത്ഭുതമാണ് ‘മുന്നറിയിപ്പി’ലെ മമ്മൂട്ടിച്ചിരി. സിനിമയിലുടനീളം ആദ്യം കാണുന്ന സൗമ്യനായ, ശാന്തമായ സ്വരത്തില്‍ സംസാരിക്കുന്ന, ദുര്‍ബലനായ രാഘവന്‍ അവസാനത്തെ ഒറ്റച്ചിരിയിലൂടെ ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണതയിലേക്ക് മാറുന്നു. അഞ്ജലി രാഘവനെ നോക്കുന്ന ലോ ആംഗിള്‍ ഷോട്ടില്‍ ആണ് ക്ലൈമാക്‌സിലെ ചിരി വിടര്‍ന്നു തുടങ്ങുന്നത്. പിന്നീട് ആ ചിരിയുടെ ക്ലോസ് അപ്പിലേക്ക് പോകുന്നു.

ദുര്‍ബലനായ ആ കഥാപാത്രത്തിന്റെ അത് വരെയില്ലാത്ത കരുത്താണ് അവസാനത്തെ ആ ചിരിയില്‍. ജയിലിലേക്ക് മടങ്ങാനുള്ള അയാളുടെ തീരുമാനത്തിന്റെ പ്രഖ്യാപനവും ആ ചിരിയോടു ചേര്‍ത്താണ് പറയുന്നത്. മമ്മൂട്ടി എന്ന താരശരീരം അതിന്റെ കച്ചവട അലങ്കാരങ്ങളില്‍ നിന്നെല്ലാം പുറത്തുവന്ന് നിന്ന് ചിരിച്ച ചിരി എന്ന നിലയില്‍ക്കൂടി ‘മുന്നറിയിപ്പി’ലെ ചിരിക്ക് പ്രാധാന്യമുണ്ട്. പലപ്പോഴും ആഘോഷിക്കപ്പെടാറുള്ള, പ്രായം ബാധിക്കാത്ത, സ്‌റ്റൈലിഷ് ആയ മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് പകരം ഏറെ ആഘോഷിക്കപ്പെട്ട നടനായ മമ്മൂട്ടിയുടെ ചിരി എന്ന ഭംഗിയും ആ ചിരി സീനിനുണ്ട്. ‘മുന്നറിയിപ്പി’ന്റെ പോസ്റ്ററിലോ മറ്റൊ ആ ചിരി ഉപയോഗിച്ചില്ലെങ്കിലും ആ വര്‍ഷം ഏറെ ആഘോഷിക്കപ്പെട്ട ഒരു സിനിമാരംഗം കൂടിയായിരുന്നു ആ കാരണം പതിവുകള്‍ക്ക് വിപരീതമായി നര വീണ, ഉടഞ്ഞ വസ്ത്രത്തില്‍ നിന്ന് കൊണ്ട് ചിരിക്കുന്നത് സി.കെ രാഘവന്‍ എന്ന കഥാപാത്രമാണ്. അവിടെ പൂര്‍ണ്ണമായും മമ്മൂട്ടിയെന്ന നടനെയാണ് കാണാനാവുക, താരത്തെയല്ല.

ചില അധികാരച്ചിരികള്‍

മമ്മൂട്ടിയുടെ താരപദവിയെ നിരൂപകര്‍ പിതൃമേധാവിത്വത്തോടും താരതമ്യം ചെയ്യാറുണ്ട്. ഉത്തമനായ ഭര്‍ത്താവ്, ഗൃഹനാഥന്‍, രക്ഷകര്‍ത്താവ് എന്നീ നിലയില്‍ മമ്മൂട്ടി അഭിനയിച്ച ജനപ്രിയ സിനിമകളുടെ സ്വീകാര്യത ഇത് ഊട്ടിയുറപ്പിക്കുന്നു. അധികാരസ്വരൂപമായി മമ്മൂട്ടി ചെയ്ത നെഗറ്റീവ് കഥാപാത്രങ്ങളില്‍ അദ്ദേഹത്തിന്റെ ആകാരത്തോടൊപ്പം ചിരിയുടെ സാധ്യത വളരെയധികം ഉപയോഗിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ ക്രൂരതയും ഹിംസയും അടയാളപ്പെടുത്താന്‍ മമ്മൂട്ടിക്ക് തന്റെ ചില ചിരികളിലൂടെ സാധിക്കുന്നു.’പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’യിലെ മുരിക്കുംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ഹിംസയുടെ ആള്‍രൂപത്തെ രേഖപ്പെടുത്താന്‍ മമ്മൂട്ടിയുടെ ചിരി വഹിച്ച പങ്ക് വളരെ വലുതാണ്. ഒരു വലിയ നാലുകെട്ടിന് പുറത്ത് ആ വീടിന്റെ അധികാരി കടന്നുവന്നു നില്‍ക്കുന്നതായാണ് ആ കഥാപാത്രത്തെ സിനിമയില്‍ ആദ്യം അടയാളപ്പെടുത്തുന്നത്. സ്ത്രീകളെ ഭോഗവസ്തു മാത്രമായി കാണുന്ന ഒരു വിടന്റെ എല്ലാ തരം ഭാവങ്ങളും ഒരു വഷളന്‍ ചിരിയിലൂടെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുഞ്ഞഹമ്മദ് ഹാജി ചീരുവിനെ (ശ്വേതാ മേനോന്‍) ആദ്യമായി കാണുമ്പോള്‍ ഇരയെ കണ്ട വേട്ടമൃഗത്തിന്റെ പോലെയൊരു ചിരിയാണ് അയാളുടെ ആദ്യ പ്രതികരണം. കാമവും മോഹവും ആ സ്ത്രീ ശരീരത്തിന് മേല്‍ അധികാരം സ്ഥാപിക്കാനുള്ള വ്യഗ്രതയുമല്ലാതെ പ്രണയമോ സ്‌നേഹമോ ഇല്ലാത്ത ഒരു ചിരിയാണത്.

ആ ചിരിയുടെ തുടര്‍ച്ച ചീരുവിനെ താന്‍ ആഗ്രഹിക്കുന്നയിടത്ത് എത്തിക്കുമ്പോളും കാണാം. ഇതേ ചിരി പിന്നീട് മാണിക്യത്തെ കാണുമ്പോളും വിടരുന്നു. ഒരു വസ്തുവിനോട് അധികാരിക്ക് ഉണ്ടാകുന്ന കൗതുകമാണ് ആ ചിരി. ചിരി ഭാവം മാത്രമായല്ല പരുക്കന്‍ സ്വരമായും സിനിമയില്‍ കേള്‍ക്കാം. ബാര്‍ബര്‍ കേശവനെ തന്റെ വീട്ടില്‍ വിളിച്ചു വരുത്തി മുടിവെട്ടാന്‍ ആജ്ഞപിക്കുമ്പോളും ഈ ചിരിയുടെ ലാഞ്ചന കടന്നുവരുന്നു. അധികാരത്തെ അതിന്റെ എല്ലാ ഹിംസാത്മകതയോടും അവതരിപ്പിക്കുന്ന ഒരു മമ്മൂട്ടിച്ചിരിയാണ് ഇത്.

ഇതിന് സമാനമായ ഒരു മമ്മൂട്ടിച്ചിരി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടിക്ക് നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത ‘വിധേയ’നിലെ ഭാസ്‌കര പട്ടേലരിലും കാണാം. ഭാസ്‌കര പട്ടേലര്‍ എന്ന ക്രൂരനായ അധികാരിയെ തൊമ്മി ആദ്യമായി കാണുന്ന രംഗത്തില്‍ തന്നെ ഉലജാപകവൃന്ദങ്ങളാല്‍ ചുറ്റപ്പെട്ട് ഒരു തോക്കുമേന്തി ശുഭ്രവസ്ത്രധാരിയായി ഇരിക്കുകയാണയാള്‍. തന്റെയടുത്തേക്ക് വരുന്ന തൊമ്മിയെ ഭയപ്പെടുത്തി ദയാരഹിതമായി തന്റെ ആധിപത്യം അയാള്‍ക്കുമേല്‍ സ്ഥാപിച്ച ശേഷം മാത്രമാണ് ഒരു ക്രൂരമായ ചിരി അയാളില്‍ ഉണ്ടാകുന്നത്. ആ ചിരി പക്ഷേ സഹജീവിയുടെ ദൈന്യത കണ്ടുപോലുമല്ല ഉണ്ടാകുന്നത്, മറിച്ച് തൊമ്മിയോട് അയാളുടെ ഭാര്യയെക്കുറിച്ച് ചോദിക്കുമ്പോളാണ്.

തന്റെ അധികാരപരിധിയില്‍ ഒരു സ്ത്രീ കൂടി പുതുതായി വന്നു എന്നറിഞ്ഞ ഒരു ആണധികാരിയുടെ ഭോഗാസക്തിയാണ് അയാളെ ചിരിപ്പിക്കുന്നത്. ഭാര്യയുടെ പ്രായം ചോദിച്ചു കഴിഞ്ഞ ശേഷം ‘സുന്ദരിച്ചിയാണോടാ’ എന്ന ചോദ്യത്തിന് അകമ്പടിയായാണ് പട്ടേലര്‍ എന്ന അധികാരിയെ ഉറപ്പിക്കുന്ന ഭീകരമായ ചിരി ചിരിക്കുന്നത്. നിലത്ത് വീണു കിടക്കുന്ന തൊമ്മിയുടെ മേല്‍ മുറുക്കിത്തുപ്പിക്കൊണ്ട് സ്ഥാപിക്കുന്ന അധികാരം അയാളുടെ ഭാര്യക്ക് മേല്‍ ആ ഒരൊറ്റ ചിരിയിലൂടെയാണ് സ്ഥാപിക്കുന്നത്. ആ രംഗത്തൊന്നും പ്രത്യക്ഷപ്പെടുക പോലും ചെയ്യാത്ത ഒരു സ്ത്രീയോടുള്ള തൃഷ്ണയാണ് ആ ചിരിയുടെ അടിസ്ഥാനം.

മേധാവിത്വ സ്വഭാവമുള്ള മനുഷ്യത്വമില്ലാത്ത ഒരു തരം അധികാരച്ചിരികളാണ് ഈ രണ്ടു കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്കുള്ളിലേക്ക് എത്തിക്കാന്‍ മമ്മൂട്ടി ഉപയോഗിച്ചത്. സ്ത്രീശരീരങ്ങളോടുള്ള പുരുഷാധിപത്യത്തിന്റെ പൊതുമനോഭാവമാണ് ഈ അധികാരച്ചിരികളുടെ പൊതുസ്വഭാവം. കീഴടക്കലിന്റെ ആനന്ദമാണ് ഈ ചിരികളില്‍ നിഴലിക്കുന്നത്. മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള ഒരു താരമായിരിക്കെത്തന്നെ വെറുപ്പും ഭീതിയും ജനിപ്പിക്കുന്ന നെഗറ്റീവ് കഥാപാത്രങ്ങളെ അടയാളപ്പെടുത്താന്‍ മമ്മൂട്ടി എന്ന നടന്‍ തന്റെ ചിരിയെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

‘പേരന്‍പി’ല്‍ ജീവിതത്തിന്റെ വലിയ വേദനകളെ അതിജീവിച്ചു കഴിഞ്ഞു ആഹ്ലാദത്തോടെ ജീവിതത്തോടു നോക്കി പുഞ്ചിരിക്കുന്ന ചിരി ചിരിക്കാനും ‘അമര’ത്തിലും ‘വാത്സല്യ’ത്തിലും ക്ലൈമാക്‌സില്‍ കണ്ണീരോടെ ചിരിക്കാനും സങ്കീര്‍ണമായ അന്വേഷണങ്ങള്‍ക്കിടയിലും പുഞ്ചിരിക്കുന്ന സേതുരാമയ്യരുടെ ചിരിയുമായി പിന്നെയും പ്രേക്ഷകര്‍ക്കിടയിലേക്ക് വരാനും ‘പട്ടണത്തില്‍ ഭൂത’ത്തിലെ കാര്‍ട്ടൂണ്‍ ശൈലിയിലേ ഭും ഭും ചിരിയുടെ മേളം ഡബ്ബ് ചെയ്യാനും സാധിക്കുന്ന മമ്മൂട്ടിയുടെ എത്രയെത്രയോ ചിരികള്‍ ഇനിയും മലയാളികള്‍ കാത്തിരിക്കുന്നു. അത്ഭുതങ്ങള്‍ നിറഞ്ഞ മമ്മൂട്ടിച്ചിരികള്‍ ഇനിയും സ്‌ക്രീനില്‍ വിടരും…

UPDATES
STORIES