‘വിചാരണ കഴിയുന്നതുവരെ മാധ്യമവാര്‍ത്തകള്‍ തടയണം’; തനിക്കെതിരെ ജനവികാരമുണ്ടാക്കാന്‍ ശ്രമമെന്ന്‌ ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് തടയണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. മാധ്യമവാര്‍ത്തകള്‍ രഹസ്യ വിചാരണയെന്ന നിര്‍ദ്ദേശം ലംഘിക്കുന്നതാണെന്നും അത് അനുവദിക്കരുത് എന്നുമാണ് നടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരമുണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നെന്ന ഗുരുതര ആരോപണവും ദിലീപിന്റെ ഹരജിയിലുണ്ട്. വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘത്തിന്റേയും പ്രോസിക്യൂഷന്റെയും ശ്രമം. വിചാരണ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണയെന്ന കോടതി നിര്‍ദ്ദേശം ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് ദിലീപിന്റെ ഹരജിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കേസില്‍ പുനര്‍ വിസാതാരം വേണമെന്ന ആവശ്യത്തിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുമുണ്ട്. നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് വ്യക്തതയായിരിക്കുന്നത്.

കേസില്‍ 16 സാക്ഷികളെ കൂടി വിസ്തരിക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ നേരത്തേ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിചാരണക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

UPDATES
STORIES